Monday, November 18, 2013

മലയാളകവിതയുടെ ചരിത്രവഴികള്‍ VI ഉണ്ണിയാടീചരിതം -ദാമോദരച്ചാക്യാർ



പതിനാലാം ശതകത്തിന്റെ അവസാനം ഉണ്ടായ മറ്റൊരു മണിപ്രവാള കൃതിയാണ് ഉണ്ണിയാടീചരിതം  .  .ലഭ്യമായിട്ടുള്ള ഗ്രന്ഥം അപൂർണമാണ് ദാമോദരച്ചാക്യാർ ആണ് ഇതിന്റെ രചയിതാവ് എന്നു കാണുന്നു കോട്ടയത്തിനടുത്തുള്ള മാങ്ങാനത്ത് ചാക്യാര്‍ കുടുംബത്തില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. പതിന്നാലാം ശതകത്തിന്റെ അവസാനം കായംകുളം രാജ്യം ഭരിച്ചിരുന്ന കേരളവര്‍മയുടെ ആശ്രിതനും പണ്ഡിതനുമായിരുന്നു ഇദ്ദേഹം. ഉണ്ണിയാടീചരിതം, സംസ്കൃതകാവ്യമായ ശിവവിലാസം എന്നിവയാണ് ചാക്യാരുടെ പ്രമുഖ കൃതികള്‍
പ്രാചീന മണിപ്രവാളത്തിന്റെ സാരള്യത്തിനും മാധുര്യത്തിനും നിദര്‍ശനമാണ് ഉണ്ണിയാടീചരിതം.
. ഓടനാടു വാണിരുന്ന ഇരവികേരളവർമ്മന് ചെറുകര കുട്ടത്തി എന്ന നർത്തകിയിൽ ജനിച്ച പുത്രിയാണ് ഉണ്ണിയാടി. ചന്ദ്രപത്നിയായ രോഹിണി ഭര്‍തൃകാമുകിയായ പ്രാവൃട്ട് എന്ന ഗന്ധര്‍വ യുവതിയെ ശപിച്ചതിന്റെ ഫലമായി അവള്‍ ഉണ്ണിയാടി എന്ന പേരില്‍ കണ്ടിയൂര്‍ മറ്റത്ത് ജനിച്ചു. അവളുടെ പാട്ടിന്റെ മാധുര്യത്തെപ്പറ്റി കേട്ടറിഞ്ഞ ചന്ദ്രന്‍ അഞ്ചുദിവസത്തെ അന്വേഷണത്തിനുശേഷം കണ്ടിയൂര്‍ മറ്റത്ത് എത്തിച്ചേര്‍ന്നു. അവിടെ ക്ഷേത്രമുറ്റത്ത് കണ്ട ദാമോദരച്ചാക്യാരില്‍നിന്ന് 'ലോക ലോചന ചകോരചന്ദ്രിക'യായ ഉണ്ണിയാടിയെയും കുടുംബത്തെയും പറ്റി വര്‍ണിച്ചുകേട്ടു. ഗന്ധര്‍വന്മാരോടുകൂടി ഉണ്ണിയാടിയുടെ ഗൃഹത്തിലെത്തിയ ചന്ദ്രന്‍ ആ ഗൃഹത്തിന്റെ ഓരോ ഭാഗത്തും പാടു കിടക്കുന്ന ആഢ്യന്മാരായ നമ്പൂതിരിമാര്‍, വിടന്മാരായ പ്രഭുക്കന്മാര്‍, വര്‍ത്തകപ്രമാണികള്‍, മണിപ്രവാള കവികള്‍, ചെട്ടിമാര്‍ എന്നിവരെയാണു കണ്ടത്.
.രചനാസൗഷ്ഠവത്തിൽ മികച്ചുനിൽക്കുന്ന കാവ്യമാണിത് . ഗദ്യഭാഗങ്ങളും ശ്ലോകങ്ങളും ഇടകലർത്തിയിരിക്കുന്നുവെങ്കിലും   പലേടത്തും ഗദ്യമാണ് കൂടുതൽ. പിൽക്കാല മലയാള കവിതയിൽ പ്രചാരം നേടിയ വൃത്തങ്ങളുടെ ഛായയുള്ള താളാത്മകഗദ്യവും ഇടയ്ക്കു കാണുന്ന ദണ്ഡകവും ഈ കൃതിയെ ആകർഷകമാക്കുന്നു.

പ്രാവൃട്ടിന്റെ സൗന്ദര്യം വര്‍ണിക്കുന്നത് 'അടിതൊടു മിനിയ കുഴല്‍ കുടിലത തടവു കുരുള്‍
തൊടുകുറികലിതനുതല്‍, നടമിടു പുരികനടി
ചടുലതയുടയ മിഴി, വടിവെഴുമധരരുചി,
ചുടരണി മറുവല്‍ നെറി, പടുതര മധുരമൊഴി'
എന്നാണ്.  ശബ്ദഭംഗി ദാമോദരച്ചാക്യാരുടെ ഭാഷയുടെ പ്രത്യേകതയാണ്. ഫലിതവും പരിഹാസവും കൃതിയിലുടനീളം കാണാം.  കൊല്ലം, കോഴിക്കോട്, മാടായി തുടങ്ങിയ സ്ഥലങ്ങളിലെ കച്ചവടസ്ഥലങ്ങളെപ്പറ്റിയും അവിടെ പ്രചാരത്തിലിരുന്ന കാശ്, പൊന്ന്, തിരമം, അച്ച്, ചോഴിയക്കാശ്, വെള്ളിപ്പണം തുടങ്ങിയ നാണയങ്ങളെക്കുറിച്ചും ഈ കൃതിയില്‍നിന്ന് അറിയാന്‍ കഴിയും.
അവലംബം :
1. കാവ്യരത്നാകരം(ശൂരനാട്ട് കുഞ്ഞന്‍ പിള്ള,സാഹിത്യ അക്കാദമി)
2. ഉണ്ണിയാടീചരിതം (വിക്കിപീടിയ)
3.ദാമോദരച്ചാക്യാര്‍