Thursday, April 2, 2020

ആഫ്രിക്ക| എൻ വി കൃഷ്ണവാര്യർ





എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാധവൻ മാഷ് ചൊല്ലിക്കേട്ട ‘ആഫ്രിക്ക’ എന്ന കവിതയുടെ നേരം ഇപ്പോഴും ഓർമയിൽ. ഒരു ഉച്ചനേരമായിരുന്നു, അത്. ഇന്നത്തെപ്പോലെ കാഴ്ചയിലും മോടിയിലും വർണശബളമല്ലായിരുന്നു, അന്നത്തെ ക്ലാസ്സുകൾ. അരയോ, മുക്കാലോ നിറഞ്ഞ വയറുകളും കണ്ണുകളെ മയക്കാൻ ശക്തിയുള്ള ഉച്ചയുടെ ആലസ്യവും. അതിനുമുകളിലേക്കാണ് മാധവൻ മാഷുടെ ഘനമുള്ള ശബ്ദം വീണത്.     

‘‘നിൽക്കുന്നു, ഞാനീക്കടൽ വക്കിൽ-   
സന്ധ്യാ ശോണിമ മാച്ചു നഭസ്സിൽ-   
 തിക്കിക്കേറിയുരുണ്ടുയരുന്നൂ 
കർക്കടകക്കരി മേഘ കലാപം’’

ഒരു കടൽത്തീരം മുമ്പിൽ വിരിയുകയാണ്. ഞങ്ങൾ ഞങ്ങളുടെ കൊച്ചുലോകങ്ങളിൽനിന്നുയർന്നു. മേഘമാലകളിൽ ഞങ്ങൾ വേറൊരു നാടിനെ വായിക്കാൻ തുടങ്ങി.  പുള്ളിപ്പുലികൾ തുള്ളുന്ന കാടുകൾ, മഞ്ഞക്കരി നിറമുള്ള മുതലത്തലകൾ, ഹിപ്പോപ്പൊട്ടാമസുകൾ, കാട്ടുപോത്തുകൾ, ജിറാഫുകൾ... വരാനിരിക്കുന്ന ഡിസ്കവറി, അനിമൽ പ്ലാനറ്റ്, നാഷണൽ ജ്യോഗ്രഫിക് ചാനലുകളെപ്പറ്റി യാതൊരു  സൂചനകളുമില്ലാത്ത 1980-കളുടെ ജിജ്ഞാസയിൽ ഞങ്ങളുണർന്നു. എൻ.വി. കൃഷ്ണവാര്യരെ മാധവൻമാഷുടെ വേഷത്തിൽആദ്യമായി കണ്ടെത്തുകയായിരുന്നു ഞങ്ങൾ. സഹാറയും റൂവൻ സോറിയും ആ കവിതയിൽ ഉണ്ട്. എൻക്രൂമയും നഗീബും പോലുള്ള ആഫ്രിക്കൻ നേതാക്കളും. വീരനായകരായ മസായി, തൂസി ഗോത്രക്കാരെയും കാണിച്ചുതന്നു ആ കവിത. ആഫ്രിക്ക കടന്നുപോയ ദുരിതങ്ങളെ, രോഗകാലങ്ങളെ, വർണവിവേചനത്തെ, ഉയിർത്തെഴുന്നേൽപ്പുകളെ  വിശദമായി വായിച്ചെടുത്ത കവിതആഫ്രിക്കയിലൂടെ നടത്തിയ ഒരു യാത്രാവിവരണത്തിന്റെ പ്രതീതി ആ കവിത തന്നു. അല്ലെങ്കിൽ യാത്രാവിവരണങ്ങളുടെ അടിസ്ഥാന ഘടകങ്ങൾ പലതും ആ കവിതയുടെയും അടിസ്ഥാനങ്ങൾ ആയിരുന്നു. സൂക്ഷ്മമായ അംശങ്ങളെപ്പോലും വിശദീകരിച്ച് നമ്മുടെ കാഴ്ചയാക്കിമാറ്റുന്ന വിവരണസ്വഭാവം യാത്രാവിവരണങ്ങളിലെന്നപോലെ ആ കവിതയിലും ചേർന്നുനിന്നു. യാത്രാവിവരണത്തിന്റെ അടിസ്ഥാന അസംസ്കൃതവിഭവങ്ങളായ ഭൂപ്രകൃതി, ചരിത്രം, സമകാലികാവസ്ഥ എന്നിവ ഈ കവിതയുടെയും അസംസ്കൃതവിഭവങ്ങളായിരുന്നു.
‘‘കരിയും ചെമ്പുമിരുമ്പും പൊന്നും
വൈരം പ്ലാറ്റിന മീയ യുറേനിയ - 
മരി ഗോതമ്പം കൊക്കോ സൈസലും
അഖില വസുന്ധരയാണാഫ്രിക്ക’’
എന്ന വരികളിൽ വസ്തുതാപരമായ ഒരു തെറ്റുപോലും കണ്ടെത്താനാവില്ല.  കവിതയിലെ രസനീയത ഏതെങ്കിലും നിലയ്ക്ക് വർധിക്കുമെന്നുറപ്പായാൽ പോലും പ്ലാറ്റിനത്തെ റേഡിയമാക്കാനോ ഇരുമ്പിനെ അലൂമിനിയമാക്കാനോ എൻ.വി. തുനിയില്ല. പിന്നെ എന്താണ് ഒരു വസ്തുതാവിവരണത്തിനപ്പുറം ‘ആഫ്രിക്കയെ’ കവിതയാക്കുന്നത്... ?  ഒരുപക്ഷേ, എൻ.വി. ഇന്നും ഏറ്റവും കൂടുതൽ ജീവിച്ചിരിക്കുന്ന ഈ കവിതയിലെ ഉദ്ധരണി അത് വ്യക്തമാക്കിത്തരും. 
‘‘എങ്ങു മനുഷ്യനു ചങ്ങല കൈകളി-
ലങ്ങെൻ കൈയുകൾ നൊന്തിടുകയാ-
ണെങ്ങോ മർദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു.   
എങ്ങെഴുന്നേല്പാൻ പിടയും മാനുഷ-   
നവിടെ ജീവിച്ചീടുന്നു ഞാൻ;   
ഇന്നാഫ്രിക്കയിതെൻ നാടവളുടെ   
ദുഃഖത്താലേ ഞാൻ കരയുന്നു.     
.........................................................
..................................   
.......................................................... 
ഉയരാനക്രമ നീതിക്കെതിരായ്

പ്പൊരുതാ, നൊരുവനുയിർക്കുമ്പോൾ ഞാ- 
നപരാജിതനാ, ണെന്നുടെ ജന്മം   

സാർ ഥകമാ, ണവനാകുന്നു ഞാൻ’’ 

പദ്യത്തിൽ ഒരു യാത്രാവിവരണം എന്ന നിലയിൽ നിന്ന്, ‘ആഫ്രിക്ക’ കവിതയുടെ വിശ്വരൂപം പ്രാപിക്കുന്നത് ഇങ്ങനെയാണ്. വസ്തുതകളെ ജ്ഞാനമായും ജ്ഞാനത്തെ ദർശനമായും കവിത പരിണമിപ്പിക്കുന്നത് എങ്ങനെയെന്ന് ‘ആഫ്രിക്ക’ വ്യക്തമാക്കിത്തരുന്നു....... (പി എൻ ഗോപീകൃഷ്ണൻ ,വീണ്ടും വീണ്ടും എൻ വി   ))https://www.mathrubhumi.com/features/literature/nvkrishnawarrier-birthcentenary-malayalam-news-1.1058187)

https://www.youtube.com/watch?v=NW59bqcYDkA


No comments:

Post a Comment