Thursday, December 4, 2014

ഗംഗ -വെണ്ണിക്കുളം ഗോപാലക്കുറുപ്പ്



വെണ്ണിക്കുളം ഗോപാലക്കുറുപ്പ് (1902 മെയ് 10-1980 ഓഗസ്റ്റ് 29)

 പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ചെറുകാട്ടുമഠം വീട്ടിൽ ജനനം. അച്ഛൻ പത്മനാഭക്കുറുപ്പ്. അമ്മ ലക്ഷ്മിക്കുട്ടിയമ്മ. ആദ്യ ഗുരു അച്ഛൻ തന്നെയായിരുന്നു . സംസ്കൃതപഠനത്തിനു ശേഷം മലയാളപാഠശാലയിൽ ചേർന്നു  പതിനേഴുവയസ്സിൽ  കവിതാരചന ആരംഭിച്ചു .ലളിതവും  പ്രസാദാത്മകവുമാണ് വെണ്ണിക്കുളത്തിന്റെ കവിതകൾ  .1917-ൽ പ്രൈമറി സ്കൂളിൽ അദ്ധ്യാപകനായി. ജോലിയിലിരിക്കേ മലയാളം മുഖ്യപരീക്ഷ ജയിച്ച് . 1918-ൽ വെണ്ണിക്കുളത്ത് കെ.സി. വർഗ്ഗീസ് മാപ്പിള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മലയാളം അദ്ധ്യാപകനായി ചേർന്നു. ഏറെക്കാലം  ഇവിടെ അദ്ധ്യാപകൻ ആയിരുന്നു.  1949-ൽ തിരുവനന്തപുരം ഹസ്ത ലിഖിത ഗ്രന്ഥശാലയിൽ ജോലി ലഭിച്ചു. ഭാഷാ ത്രൈമാസികത്തിന്റെ പത്രാധിപരായി ജോലി നോക്കിയിട്ടുണ്ട് . സഹധർമ്മിണി  മേപ്രാൽ മങ്ങാട്ടുവീട്ടിൽ മാധവിപ്പിള്ള .
കൃതികൾ :അമൃതാഭിഷേകം,കദളീവനം,കേരളശ്രീ,ജഗത്സമക്ഷം,പുഷ്പവൃഷ്ടി , പൊന്നമ്പലമേട്,ഭർതൃപരിത്യക്തയായ  ശകുന്തള, മാണിക്യവീണ,  മാനസപുത്രി,രോഗിണി, വസന്തോത്സവം,വെളിച്ചത്തിന്റെ അമ്മ, വെള്ളിത്താലം, സരോവരം, സൗന്ദര്യപൂജ, കാമസുരഭി, മണിവിളക്ക്, സ്വർണ്ണസന്ധ്യ, തീർത്ഥധാര, (കവിതകൾ)  ,കാളിദാസന്റെ കണ്മണി , പ്രിയംവദ(നാടകം) നീലജലത്തിലെ പത്മം, വിജയരുദ്രൻ (നോവലുകൾ) പുണ്യപുരുഷൻ, വഞ്ചിരാജേശ്വരി, ആത്മകഥ (ജീവചരിത്രം) കഥാനക്ഷത്രങ്ങൾ,സിംഹമല്ലൻ,ഭാരത കഥകൾ (ബാലസാഹിത്യം) തച്ചോളി ഒതേനൻ (നാടോടിക്കഥ) കൈരളീകോശം (നിഘണ്ടു) തിരുക്കുറൾ,ഭാരതിയുടെ കവിതകൾ,തുളസീദാസ രാമായണം,സിദ്ധാർത്ഥ ചരിതം (വിവർത്തനം)

പുരസ്കാരങ്ങൾ,ബഹുമതികൾ :കേരള സാഹിത്യ അക്കാദമി അവാർഡ് - 1966 (മണിവീണ )കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് - 1974 (കാമസുരഭി )ഓടക്കുഴൽ അവാർഡ് - 1969 (തുളസീദാസ രാമായണം)
കൊച്ചി മഹാരാജാവിൽ നിന്നും സാഹിത്യനിപുണൻ , കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യകലാനിധി എന്നീ ബഹുമതികൾ

Thursday, November 27, 2014

ആയിഷ -വയലാർ രാമവർമ്മ




'വായനക്കാരേ വരുന്നു ഞാൻ നമ്മൾക്കൊ-
രായിരം കൂട്ടങ്ങളില്ലേ പറയുവാൻ
നമ്മൾക്കൊരുമിച്ചു പാടണം ജീവനി-
ലുമ്മവെച്ചങ്ങനെ കൈകോർത്തു നീങ്ങണം
നിങ്ങളതിൻ മുൻപു വായിച്ചുതീർക്കുമോ
നിങ്ങൾക്കു ഞാൻ നൽകുമിക്കഥാചിത്രണം ?
വേദന വിങ്ങും സമൂഹത്തിൽ നിന്നുഞാൻ
വേരോടെ ചീന്തിപ്പറിച്ചതാണിക്കഥ !
ഒക്കെപ്പകർത്താൻ കഴിഞ്ഞിരിക്കില്ലെനി -
യ്ക്ക ഗ്ഗതികേടിനു മാപ്പു ചോദിപ്പു ഞാൻ '

('ആയിഷ'യ്ക്ക് ആമുഖമായി വയലാർ കുറിച്ച വരികളിൽ നിന്ന് ..)   



വയലാർ രാമവർമ്മ (മാർച്ച് 25 1928 - ഒക്ടോബർ 27 1975).

ജനനം ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ.  അച്ഛൻ വെള്ളാരപള്ളി കേരള വർമ. അമ്മ വയലാർ രാഘവ പറമ്പിൽ അംബാലിക തമ്പുരാട്ടി. ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യസം. അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനം .കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളും ആയി ബന്ധപ്പെട്ടു പ്രവർത്തിച്ചു .
കവി എന്നതിലുപരി, സിനിമാഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാർ കൂടുതൽ പ്രസിദ്ധനായത്‌. ആയിരത്തിൽ പരം ഗാനങ്ങൾ അദ്ദേഹം രചിച്ചു

കൃതികൾ:സർഗസംഗീതം , മുളങ്കാട്‌ , പാദമുദ്ര  ,കൊന്തയും പൂണൂലും,എനിക്കു മരണമില്ല .ഒരു യൂദാസ്‌ ജനിക്കുന്നു,എന്റെ  മാറ്റൊലിക്കവിതകൾ(കവിതകൾ ) ആയിഷ(ഖണ്ഡ കാവ്യം),വയലാർ കൃതികൾ,വയലാർ കവിതകൾ,ഏന്റെ ചലചിത്രഗാനങ്ങൾ,രക്തം കലർന്ന മണ്ണ്, വെട്ടും തിരുത്തും (കഥകൾ) പുരുഷാന്തരങ്ങളിലൂടെ,"റോസാദലങ്ങളും കുപ്പിച്ചില്ലുകളും"(ഉപന്യാസങ്ങൾ) 

പുരസ്കാരങ്ങൾ:കേരള സാഹിത്യ അക്കാദമി പുരസ്‌കാരം( 1961) സർഗസംഗീതം  . മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണമെഡൽ (1974)ൽ "നെല്ല്" , "അതിഥി" എന്നെ സിനിമകൾ .

Sunday, November 16, 2014

ഓർക്കുക വല്ലപ്പോഴും -പി ഭാസ്കരൻ



പി. ഭാസ്കരൻ (     1924 ഏപ്രിൽ 21 -2007 ഫെബ്രുവരി 25 )

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനനം , പിതാവ് നന്തിലത്ത് പത്മനാഭമേനോൻ,മാതാവ് പുല്ലൂറ്റു പാടത്ത് അമ്മാളു അമ്മ.വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ ദേശീയപ്രസ്ഥാനത്തിലും പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളിലും സജീവമായി പങ്കുകൊണ്ടു .കവി, ഗാനരചയിതാവ്, ചലച്ചിത്രസംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായി. ദേശാഭിമാനി ,ജയകേരളം ,ദീപിക  പത്രാധിപസ്ഥാനം വഹിച്ചിട്ടുണ്ട് .    .കൂടാതെ
, ചലച്ചിത്ര നടൻ, ആകാശവാണി പ്രൊഡ്യൂസർ, എന്നീ നിലകളിലും പ്രവർത്തിച്ചു. ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാനായും, കെ.എഫ്.ഡി.സിയുടെ ചെയർമാനായും, പ്രവർത്തിച്ചിട്ടുണ്ട്
   വിദ്യാഭ്യാസകാലത്ത് പുരോഗമന പ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ടിരുന്ന ഭാസ്കരൻ 1942-ൽ ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച് ജയിൽ വാസം വരിക്കുകയുണ്ടായി. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹയാത്രികനായി. അക്കാലത്ത് ഒളിവിലും തടവിലും കഴിഞ്ഞിട്ടുണ്ട്. വയലാർ വെടിവെപ്പിനെ കുറിച്ച് അദ്ദേഹം രചിച്ച വയലാർ ഗർജ്ജിക്കുന്നു എന്ന സമാഹാരം തിരുവിതാംകൂറിൽ ദിവാൻ സി.പി. രാമസ്വാമി അയ്യർ നിരോധിച്ചിരുന്നു. വളരെ പിന്നീട് അദ്ദേഹം രാഷ്ട്രീയം പൂർണ്ണമായും ഉപേക്ഷിച്ച് സാഹിത്യ സാംസ്കാരിക പ്രവർത്തകനായി. അപൂർവ്വസഹോദരർകൾ എന്ന ചിത്രത്തിലെ ഗാനത്തിൽ ഏതാനും മലയാളം വരികളാണ് അദ്ദേഹം എഴുതിയ ആദ്യ ചലച്ചിത്ര ഗാനം. മലയാളത്തിൽ ചന്ദ്രിക എന്ന‍ ചിത്രത്തിനാണ് ആദ്യം പാട്ടെഴുതിയത്. ഇരുട്ടിന്റെ ആത്മാവ്, ജഗത്ഗുരു ആദിശങ്കരാചാര്യർ, കള്ളിച്ചെല്ലമ്മ തുടങ്ങി 47 ചിത്രങ്ങൾ സംവിധാനം ചെയ്തു. ഏഴു ചിത്രങ്ങൾ നിർമ്മിച്ചിരുന്നു.

കൃതികൾ
:ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തംബുരു , വയലാർ ഗർജ്ജിക്കുന്നു, ഒസ്യത്ത്, പാടും മൺ‌തരികൾ, ഓടക്കുഴലും ലാത്തിയും


പുരസ്കാരങ്ങൾ :ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്ക് ജെ.സി. ദാനിയേൽ പുരസ്കാരം   1981-ൽ ഓടക്കുഴൽ പുരസ്കാരം (ഒറ്റക്കമ്പിയുള്ള തംബുരു),
82-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം (ഒറ്റക്കമ്പിയുള്ള തംബുരു)
കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ്  , വള്ളത്തോൾ അവാർഡ് ( 2000 ൽ)

Saturday, October 25, 2014

കടത്തുകാരൻ - വി ടി കുമാരൻ



വി ടി കുമാരൻ (1/ 07/ 1926  - 11/10/ 1986 )

വടകരയിൽ ജനിച്ചു .പിതാവ് എസ്  കോരൻ ,മാതാവ് തിരുവാല
സംസ്കൃതപണ്ഡിതൻ, അദ്ധ്യാപകൻ, കമ്യൂണിസ്റ്റ് സാഹിത്യചിന്തകൻ, പ്രബന്ധകാരൻ, നാടകഗാനരചയിതാവ് ,നിരൂപകൻ എന്നീ നിലകളിലും  അദ്ദേഹം അറിയപ്പെടുന്നു.പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സംസ്കൃത പണ്ഡിതനായിരുന്ന കാവിൽ പി. രാമൻ പണിക്കരിൽ നിന്നും സംസ്കൃതം അഭ്യസിച്ചു. തുടർന്ന് പട്ടാമ്പി കോളേജിൽ നിന്നും സംസ്കൃതം വിദ്വാൻ പരീക്ഷ പാസ്സായി. മടപ്പള്ളി ഫിഷറീസ് സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ആദ്യം പ്രൈമറി സ്കൂളിലും പിന്നീട് ഹൈസ്കൂളിലും അദ്ധ്യാപകനായി ജോലി ചെയ്തു.കേരള സാഹിത്യഅക്കാദമിയിലും തുഞ്ചാൻ സ്മാരക സമിതിയിലും അംഗമായിരുന്നു.

കൃതികൾ   വോൾഗയിലെ താമരപ്പൂക്കൾ ,   നീലക്കടമ്പ്,    ഓണക്കിനാവുകൾ,തിരഞ്ഞെടുത്ത കവിതകൾ (കവിതാസമാഹാരങ്ങൾ ),ചോരയും പൂക്കളും (കവിത തർജ്ജമ ), ഭാരതീയ സംസ്കാരത്തിന്റെ കൈവഴികൾ , മഞ്ജരി ,     വി.ടി. കുമാരന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ(ലേഖന സമാഹാരങ്ങൾ)

പുരസ്കാരങ്ങൾ : കേരള സംസ്ഥാന അദ്ധ്യാപക അവാർഡ്‌   (1972 )

Friday, October 24, 2014

വേലയും കവിതയും -കെ പി ജി നമ്പൂതിരി



കെ പി ജി നമ്പൂതിരി (1917-1973)

ജനനം എറണാകുളം ജില്ലയിലെ ആഴകം ഗ്രാമത്തിൽ . പിതാവ് ശൂരനൂർ മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരി. മാതാവ് ഗംഗ അന്തർജ്ജനം.ബി എ ബിരുദം കഴിഞ്ഞു പ്രഭാതം ദിനപത്രത്തിന്റെ സബ്‌ എഡിറ്റർ ആയി ജോലിനോക്കി പിന്നീട് ദേശാഭിമാനി പത്രാധിപസമിതി അംഗമായും. പുരോഗമന  കലാസാഹിത്യസംഘതിന്റെ മുഖപത്രമായ 'പുരോഗതി ' പത്രാധിപസമിതി അംഗമായും പ്രവര്ത്തിച്ചു.പിന്നീട് അധ്യാപകനായി

പുരസ്കാരങ്ങൾ ബഹുമതികൾ : സോവിയറ്റ് ലാൻഡ് നെഹ്‌റു അവാര്ഡ് (1968).

Saturday, September 6, 2014

കാവ്യം സുഗേയം ഓണപ്പതിപ്പ് .....


കാവ്യം സുഗേയത്തിൽ ' ഓണം' വരുന്ന കവിതകൾ കേൾക്കാം

ഒന്നാം നാൾ 
അത്തം 

ഉൾ നാട്ടിലെ ഓണം - കുമാരനാശാൻ 



രണ്ടാം  നാൾ 
ചിത്തിര  
ഒരു പുലപ്പെണ്ണിന്റെ  പാട്ട് -ചങ്ങമ്പുഴ 



മൂന്നാം  നാൾ

ചോതി
കാട്ടുമുല്ലയുടെ പാട്ട് 
പി കുഞ്ഞിരാമൻ നായർ


നാലാം നാൾ
വിശാഖം
കണ്ണീരും ചിരിയും - കടത്തനാട്ടു മാധവിയമ്മ


അഞ്ചാം നാൾ
അനിഴം
പോവല്ലേ പോവല്ലേ പോന്നോണമേ - ഇടപ്പള്ളി രാഘവൻപിള്ള


ആറാം നാൾ
തൃക്കേട്ട
മഹാബലിയോട് - വൈലോപിള്ളി ശ്രീധരമേനോൻ


ഏഴാം നാൾ
മൂലം
വീണ്ടും ഓണം - ഇടശ്ശേരി ഗോവിന്ദൻ നായർ


എട്ടാം നാൾ
പൂരാടം
മഹാബലി - ബാലാമണിയമ്മ

ഒൻപതാം നാൾ 
ഉത്രാടം 
ശ്രാവണഗായിക -വിഷ്ണുനാരായണൻ നമ്പൂതിരി 



പത്താം നാൾ
തിരുവോണം


ഓണപ്പാട്ടുകൾ -ഓ എൻ  വി കുറുപ്പ് 



Monday, August 18, 2014

മുഹ്‌യിദ്ദീന്‍മാല-ഖാസി മുഹമ്മദ്.



'അറബി മലയാളത്തിലുള്ള ഖാസി മുഹമ്മദിന്‍റെ “മുഹ്‌യിദ്ദീന്‍മാല” “ജ്ഞാനപ്പാന”യുടെ കാലത്തിനും അല്‍പം മുന്‍പ് എഴുതിയ കൃതി എന്ന നിലയില്‍ കേരളത്തിലെ ഭക്തി പ്രസ്ഥാനത്തിന്‍റെ ആരംഭം കുറിക്കുന്ന കൃതിയായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ഉമ്മഹാത്തുമാല, താഹിറാത്ത് മാല, ഫത്ഹുല്‍ ബഹ്നസ്, ആമിനുമ്മാന്‍റെകത്ത്‌ പരീക്കുട്ടി മുസ്‌ലിയാര്‍ രചിച്ച മുഹിമ്മാത്തുല്‍ മുഅ്‌മീനീന്‍ തുടങ്ങി നിരവധി അറബി മലയാളം കൃതികള്‍ ഇത്തരമൊരു പരിശോധനക്ക് വിധേയമാക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. എഴുത്തച്ഛന്‍റെ സംസ്കൃത മലയാളം പോലെ അന്നത്തെ "പൊതുസമൂഹ"ത്തിലെ ശൂദ്ര-ബ്രാഹ്മണ സംസ്കാരമണ്ഡലത്തിന് സ്വീകാര്യമായില്ലെങ്കിലും അറബി മലയാളം കൃതികള്‍ ഇന്നത്തെ മലയാള ഭാഷാ രൂപികരണത്തില്‍ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്‌ എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. കേരളീയസമൂഹത്തിന്‍റെ ആത്മീയ പരിവര്‍ത്തനത്തിന്‍റെ നിര്‍ണായകമായ ഒരു ഘട്ടത്തെ മോയ്ഹുദീന്‍ മാല രേഖപ്പെടുത്തുന്നുണ്ട്. മുഹ്‌യിദ്ദീന്‍ ശൈഖിന്‍റേയും സൂഫി പാരമ്പര്യത്തിന്‍റേയും കൂടി ഓര്‍മ്മകള്‍ ആ കൃതി വിളിച്ചുണര്‍ത്തുന്നു. ജ്ഞാനപ്പാനയുടേയും മറ്റും രചന സാധ്യമായ ഒരു ആത്മീയ മണ്ഡലം രൂപപ്പെടുത്തുന്നതില്‍ അറബി മലയാളം കൃതികളുടെ ഭക്തി വീര്യം സഹായിച്ചിട്ടുണ്ട് എന്ന് കരുതുന്നതിലും തെറ്റുണ്ട് എന്ന് തോന്നുന്നില്ല.

ജ്ഞാനപ്പാനയില്‍
 ‘മാളിക മുകളേറിയ മന്നന്‍റെ
തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍’
എന്ന് പറയുന്നുണ്ട്. അതിനു സമാനമായ മുഹ്യുദീന്‍ മാലയിലെ വരികള്‍ ഇപ്രകാരമാണ്:
 1. “നിലയെ കൊടുക്കാനും നിലയെ കളവാനും
നായന്‍ അവര്‍ക്കൊനുവാദം കൊടുത്തോവര്‍”
 2. “അറിവും നിലയും അതേതും ഇല്ലാത്തോര്‍ക്ക്
അറിവും നിലയും നിറയെ കൊടുത്തോവര്‍
നിലയും അറിവും അതൊക്കെയും ഉള്ളോരെ
നിലയും അറിവും പറിച്ചു കളഞ്ഞോവര്‍”
 3. “നിലയേറെ കാട്ടി നടന്നൊരു ശൈഖിനെ
നിലത്തിന്‍റെ താഴെ നടത്തിച്ചു വച്ചോവര്‍”
 4. “മേലെ നടന്നോരെ താത്തിച്ചു വച്ചോവര്‍
മേലാല്‍ വരുന്ന വിശേഷം പറഞ്ഞോവര്‍”
 മാലപ്പാട്ടുകളുടെ സാംസ്കാരിക ഭൂമിക ചരിത്രപരമായി പരിശോധിക്കേണ്ടതുണ്ട്.അറബി മൌലിദുകളുടെ രചനാകാലത്തിനു ശേഷമാണ് മാലപ്പാട്ടുകള്‍ വരുന്നത് എന്നാണു പൊതുവേ വിശ്വസിക്കപ്പെടുന്നത്. മൌലിദ്‌ ചൊല്ലുന്നതുമായി ബന്ധപ്പെട്ടുള്ള മതപരമായ തര്‍ക്കങ്ങള്‍ ഇവിടെ അപ്രസക്തമാണ്. മൌലിദുകള്‍ക്ക്  ശേഷമാണ് അറബി മലയാളം ഒരു സ്വത്വരൂപീകരണത്തിന് വിധേയമാകുന്നത് എന്നാണ് ഞാന്‍ ഇപ്പോള്‍ കരുതുന്നത്. മൌലിദ്‌ ചൊല്ലുന്ന പാരമ്പര്യം ഇതിന്‍റെ ആവിര്‍ഭാവത്തിനു കാരണമായിട്ടുണ്ടാവാം എന്നും കരുതാവുന്നതാണ്. എന്ന് മാത്രമല്ല, മണിപ്രവാളത്തിന്‍റെ കാര്യത്തില്‍ തമിഴ് സംസ്കൃത ധാരകള്‍ ഇഴചേരുന്നതിനെ കുറിച്ച് അനന്തപുരവര്‍ണനം എന്ന മണിപ്രവാള കൃതിയില്‍
“തമിഴ് സംസ്കൃതമെന്നുള്ള
സുമനസ്സുകള്‍ കൊണ്ടൊരു
ഇണ്ടമാല കൊരുക്കുന്നേന്‍
പുണ്ഡരീകാക്ഷ പൂജയായ്”

എന്ന് പറയുന്നത് പോലെ, മുഹ്യുദീന്‍ മാലയില്‍

“മുത്തും മാണിക്യവും ഒന്നായി കോത്ത പോലെ
മുഹ്യുദീന്‍ മാലയെ കോത്താന്‍ ഞാന്‍ ലോകരെ”

എന്ന് പറയുന്നുണ്ട്. ഇത് അറബിയും മലയാളവും തമ്മില്‍ ചേര്‍ത്തതിനെ കുറിച്ചുള്ള ഒരു പ്രസ്താവന കൂടിയാണ്. ഭക്തിപ്രസ്ഥാനം ഉണ്ടായിരുന്നെങ്കിലും ഇല്ലെങ്കിലും ആത്മീയമായ അറബി മലയാള കൃതികള്‍ മധ്യകാല കേരളത്തില്‍ സജീവമായി പ്രചരിച്ചിരുന്നു.'

(ഡോ.ടി ടി ശ്രീകുമാർ മലയാളനാട്  Malayalnadu.com നു നല്കിയ  അഭിമുഖത്തിൽ നിന്ന്  http://www.malayalanatu.com/component/k2/item/1294-tt-sreekumar-interview)

(ആലാപനത്തിൽ കവിതയുടെ വരികൾക്ക് കടപ്പാട്: ഒറ്റ മാളിയേക്കൽ മുത്തുക്കോയ തങ്ങളുടെ മുഹ് യിദ്ദീൻ മാല പരിഭാഷ (അശ്റഫി ബുക്ക് സെന്റർ ,തിരൂരങ്ങാടി പ്രിന്റെഴ്സ്   മലപ്പുറം )





Thursday, July 31, 2014

രാമാനുതാപം -ഡോ. ജോയ് വാഴയിൽ



ഡോ.
ജോയ് വാഴയില്‍
(ഡോ. വി.പി.ജോയ്) 
 ഐ.എ.എസ്സുകാരില്‍ സജീവമായി കവിതകളെഴുതുന്ന വ്യക്തി. വി.വി.പത്രോസിന്‍റേയും ഏലിയാമ്മയുടേയും മകനായി 1963ല്‍ എറണാകുളം ജില്ലയിലെ കിങ്ങിണിമറ്റത്തു ജനിച്ചു. സ്ക്കൂള്‍ വിദ്യാഭ്യാസം നാട്ടിലെ സ്ക്കൂളില്‍. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജില്‍ നിന്ന് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഒന്നാം റാങ്കോടെ ബിരദം നേടി. വിക്രം സാരാഭായ് സ്പേസ് സെന്‍ററില്‍ രണ്ടു വര്‍ഷം എഞ്ചിനീയറായി ജോലി ചെയ്തതിനു ശേഷം 1987-ല്‍ ഐ.എ.എസ്സില്‍ പ്രവേശിച്ചു. ഇംഗ്ളണ്ടിലെ ബര്‍മിംഗ്ഹാം സര്‍വ്വകലാശാലയില്‍ നിന്നും എം.ബി.എ, ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് അഡ്മിനിസ്ട്രേഷനില്‍ നിന്നും എം.ഫില്‍, ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും പി.എച്ച്.ഡി, എന്നീ ബിരുദങ്ങള്‍ പ്രശസ്തമായ നിലയില്‍ കരസ്തമാക്കി. എറണാകുളം ജില്ലാകളക്ടര്‍, കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍, പൊതുവിദ്യാഭ്യാസഡയറക്ടര്‍, സഹകരണസംഘം രജിസ്ട്രാര്‍, കേന്ദ്ര പെട്രോളിയം മന്ത്രാലയ ഡയറക്ടര്‍, പവര്‍ മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി, ഇലക്ട്രിസിറ്റിബോര്‍ഡ് ചെയര്‍മാന്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, നിരവധിവകുപ്പുകളില്‍ സെക്രട്ടറി, ധനവകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിങ്ങനെ കേന്ദ്രസംസ്ഥാനസര്‍ക്കാരുകളില്‍ വിവിധനിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കേന്ദ്രക്യാബിനറ്റ് സെക്രട്ടറിയേറ്റില്‍ ജോയിന്‍റ് സെക്രട്ടറിയാണ്. ന്യായാധിപന്‍(നോവല്‍), മണല്‍വരകള്‍(കവിതാസമാഹാരം) നിമിഷജാലകം(കവിതാസമാഹാരം) എന്നീ കൃതികള്‍ മലയാളത്തിലും,
Limits and Limitations of the Human Mind, Reflections on the Philosophy of Education, Facets of Freedom-A Moral and Political Analysis  എന്നീ കൃതികള്‍ ഇംഗ്ളീഷിലും പ്രസിദ്ധീകരിച്ചു. കൂടാതെ, അന്താരാഷ്ട്രജേര്‍ണലുകളില്‍ ഗവേഷണപ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഒന്‍പതു കവിതകളുടെ ഓഡിയോ സിഡി ‘നിമിഷജാലകം’ മനോരമ മ്യൂസിക് പ്രകാശിപ്പിച്ചിട്ടുണ്ട്.

Wednesday, July 16, 2014

തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട്-കാവ്യം സുഗേയം ആലാപനം ...

Adhyathmaramayanam_Kavyam Sugeyam videos
 

https://www.youtube.com/playlist?list=PLt_YPEophUxQZyuNO-iTAPE9LU6uyyQZb 

വാരിജോത്ഭവമുഖ വാരിജാവാസേ ബാലേ !
വാരിധി തന്നില്‍ തിരമാലകളെന്നപോലെ
ഭാരതീപദാവലി തോന്നേണം കാലേ കാലേ
പാരാതെ സലക്ഷണം മേന്മേല്‍ മംഗലശീലേ !









Friday, June 20, 2014

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- VII (പുതിയ സിലബസ് 2014)

1. സ്നേഹത്തിന്റെ  വർത്തമാനം -ജി. കുമാരപിള്ള
കവിത അതിന്റെ പൂർണ്ണതയിൽ വായിക്കുക , കേൾക്കുക
പുസ്തകതിലെ 'ജീവൽസ്പന്ദങ്ങൾ' എന്ന കവിതാഭാഗം ഇവിടെ കേൾക്കാം



2.കൊച്ചനുജൻ- ഇടശ്ശേരി ഗോവിന്ദൻ നായർ 



3.വെള്ളപ്പൊക്കം -എൻ.വി. കൃഷ്ണവാരിയർ


4.പൂക്കാതിരിക്കാനെനിയ്ക്കാവതില്ലേ..  അയ്യപ്പപ്പണിക്കർ


5.വീണപൂവ്-കുമാരനാശാന്‍


6.ഞാറ്റുവേലപ്പൂക്കൾ- പി ഭാസ്കരൻ

7,ഗാനം കേട്ട നേരം (കൃഷ്ണഗാഥ)-ചെറുശ്ശേരി


8.എഴുത്തച്ഛനെഴുതുമ്പോൾ ._കെ സച്ചിദാനന്ദൻ  

9.മായപ്പൊന്മാൻ (എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ആരണ്യ കാണ്ഡത്തിൽ നിന്നുള്ള വരികൾ)

ബഹുമാനപ്പെട്ട പാഠപുസ്തകക്കമ്മിറ്റി അറിയാൻ .

ഈ അദ്ധ്യയനവർഷം 1, 3, 5 ,7,11 ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകം മാറിയിട്ടുണ്ട് എന്ന് കണ്ടു. കാവ്യം  സുഗേയം (http://kavyamsugeyam.blogspot.in/) എന്ന ബ്ലോഗിൽ ഞാൻ പാഠപുസ്തകത്തിലെ കവിതളുടെ ആഡിയോ പോസ്റ്റ്‌ ചെയ്യാറുണ്ട്. ആദ്യം കൈയിലെത്തിയ പുസ്തകം ഏഴാം ക്ലാസ്സിലെ മലയാളം II ആയിരുന്നു. അതിൽ മൂന്നു കവിതകളാണ് കണ്ടത്. ജി കുമാരപിള്ളയുടെ 'സ്നേഹത്തിന്റെ വര്ത്തമാനം. എന്ന കവിതയിലെ പത്തു വരികൾ ( 56 വരികളുള്ള കവിതായാണത് ), ഇടശ്ശേരിയുടെ കൊച്ചനുജൻ , എൻ വി കൃഷ്ണവാര്യരുടെ വെള്ളപ്പൊക്കം എന്നീ കവിതകൾ. നല്ല തിരഞ്ഞെടുപ്പ് . കവിതകൾ ചൊല്ലാനെടുത്തപ്പോൾ കൈവശം ഉള്ള പുസ്തകങ്ങളിലെ അതെ കവിതകളുമായി ഒന്ന് ഒത്തു നോക്കി , വെള്ളപ്പൊക്കം എന്ന കവിതയിൽ രണ്ടു വാക്കുകളിൽ മാറ്റം കണ്ടു. പാഠപുസ്തകത്തിലെ വരികൾ ഇങ്ങനെ .
'പുഴയിൽ മലവെള്ളം പൊങ്ങിവന്നൂ '
കരകൾ കവിഞ്ഞു വയൽ നിറഞ്ഞു
പടിയോളം വന്നെത്തീ , തൊടിയിലും ചെന്നെത്തീ
ഞൊടിയിലീ മുറ്റത്തുമോടിയെത്തും വെള്ള -
മൊടുവിലിറയത്തു മേറിയെത്തും'

എൻ വി സ്മാരക ട്രസ്റ്റ് പ്രസിദ്ധീകരിച്ച എൻ വിയുടെ കവിതകൾ എന സമാഹാരത്തിൽ അത് ഇങ്ങനെ -
പുഴയിൽ മലവെള്ളം പൊങ്ങിവന്നൂ '
കഴകൾ കവിഞ്ഞു വയൽ നിറഞ്ഞു
പടിയോളം വന്നെത്തീ , തൊടിയിലും ചെന്നെത്തീ
ഞൊടിയിലീ മുറ്റത്തുമോടിയെത്തും വെള്ള -
മൊടുവിലിറയത്തുമേറി മെത്തും'

പുഴവന്നു കഴ കവിഞ്ഞു വയൽ നിറയുന്ന കാഴ്ച അന്യമാവുന്ന ഇന്നത്തെ തലമുറ 'കഴ' എന്ന സംഭവം എന്താണെന്നെങ്കിലും അറിയാനുള്ള അവസരം ആണ് ഈ അവധാനത കൊണ്ട് നഷ്ടമാവുന്നത് . അത് പോലെ മെത്തുക എന്ന വാക്കിനു വര്ദ്ധിക്കുക ,ഉയരുക , നിറയുക എന്നൊക്കെയാണ് അർത്ഥം . സുന്ദരമായ ആ വാക്കിനെയും സന്ദർഭോചിതമായ അതിന്റെ പ്രയോഗത്തെയും മനസ്സിലാക്കാതെ തികച്ചും സാധാരണമായ മറ്റൊരു വാക്ക് അവിടെ തിരുകിക്കയറ്റുന്നത് കുട്ടികളോടും കവിതയോടും കവിയോടും ഭാഷയോട് തന്നെയും ചെയ്യുന്ന അപരാധമാണ് . ഇത്തരം അബദ്ധങ്ങൾ സംഭവിക്കാൻ പാടിലാത്തതാണ്. സംഭവിച്ച സ്ഥിതിയ്ക്ക് അത് തിരുത്താനുള്ള ശ്രമം ഉണ്ടാവും എന്ന് കരുതുന്നു. പാഠഭാഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കുറേക്കൂടി ശ്രദ്ധയും സൂക്ഷ്മതയും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു
ഇത് ഇനി അബദ്ധമല്ല, ആ വാക്കുകള്‍ പഴയ ഭാഷയിലെയാണ്, കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും മനസ്സിലാവാതെ പോകും, അല്ലെങ്കില്‍ അത് അവരുടെ ഇന്നത്തെ ജീവിത യാഥാർത്ഥ്യത്തിന്റെ ഭാഷ അല്ല എന്നൊക്കെ കടുപ്പിച്ചു ചിന്തിച്ചു ബോധപൂര്‍വ്വം ആണു ഇത് ചെയ്തതെങ്കില്‍, അതെ കുറിച്ച് പരസ്യമായ സംവാദങ്ങള്‍ നടത്താതെ നിങ്ങൾക്ക് ഇങ്ങനെ ചെയ്യാന്‍ അവകാശമില്ല എന്ന് തന്നെയാണ് ഒരു പൌരി എന്ന നിലയില്‍ ഉള്ള എന്റെ വിനീതമായ അഭിപ്രായം. എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ.


ജ്യോതീബായ് പരിയാടത്ത്




Monday, June 9, 2014

കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം - ക്ലാസ്‌- V(പുതിയ സിലബസ് 2014)

എന്റെ വിദ്യാലയം -ഒളപ്പമണ്ണ


മരണമില്ലാത്ത മനുഷ്യൻ- അക്കിത്തം


മലയാളനാടേ ജയിച്ചാലും  -ചങ്ങമ്പുഴ
(കവിത കേൾക്കാം)
കാല്യകാന്തി എന്ന ചങ്ങമ്പുഴക്കവിത പൂർണ്ണമായും കേൾക്കുക




ഭൂമി സനാഥയാണ് -വയലാർ


 വെള്ളിലവള്ളി- വൈലോപ്പിള്ളി


കവിയെവിടെ ? പി കുഞ്ഞിരാമൻ നായർ

Thursday, June 5, 2014

ബഹുമാനപ്പെട്ട പാഠപുസ്തകക്കമ്മിറ്റി അറിയാൻ .


5 June 2014 at 20:15
ഈ അദ്ധ്യയനവർഷം 1, 3, 5 ,7,11 ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകം മാറിയിട്ടുണ്ട് എന്ന് കണ്ടു. കാവ്യം  സുഗേയം (http://kavyamsugeyam.blogspot.in/) എന്ന ബ്ലോഗിൽ ഞാൻ പാഠപുസ്തകത്തിലെ കവിതളുടെ ആഡിയോ പോസ്റ്റ്‌ ചെയ്യാറുണ്ട്. ആദ്യം കൈയിലെത്തിയ പുസ്തകം ഏഴാം ക്ലാസ്സിലെ മലയാളം II ആയിരുന്നു. അതിൽ മൂന്നു കവിതകളാണ് കണ്ടത്. ജി കുമാരപിള്ളയുടെ 'സ്നേഹത്തിന്റെ വര്ത്തമാനം. എന്ന കവിതയിലെ പത്തു വരികൾ ( 56 വരികളുള്ള കവിതായാണത് ), ഇടശ്ശേരിയുടെ കൊച്ചനുജൻ , എൻ വി കൃഷ്ണവാര്യരുടെ വെള്ളപ്പൊക്കം എന്നീ കവിതകൾ. നല്ല തിരഞ്ഞെടുപ്പ് . കവിതകൾ ചൊല്ലാനെടുത്തപ്പോൾ കൈവശം ഉള്ള പുസ്തകങ്ങളിലെ അതെ കവിതകളുമായി ഒന്ന് ഒത്തു നോക്കി , വെള്ളപ്പൊക്കം എന്ന കവിതയിൽ രണ്ടു വാക്കുകളിൽ മാറ്റം കണ്ടു. പാഠപുസ്തകത്തിലെ വരികൾ ഇങ്ങനെ .
'പുഴയിൽ മലവെള്ളം പൊങ്ങിവന്നൂ '
കരകൾ കവിഞ്ഞു വയൽ നിറഞ്ഞു
പടിയോളം വന്നെത്തീ , തൊടിയിലും ചെന്നെത്തീ
ഞൊടിയിലീ മുറ്റത്തുമോടിയെത്തും വെള്ള -
മൊടുവിലിറയത്തു മേറിയെത്തും'

എൻ വി സ്മാരക ട്രസ്റ്റ് പ്രസിദ്ധീകരിച്ച എൻ വിയുടെ കവിതകൾ എന സമാഹാരത്തിൽ അത് ഇങ്ങനെ -
പുഴയിൽ മലവെള്ളം പൊങ്ങിവന്നൂ '
കഴകൾ കവിഞ്ഞു വയൽ നിറഞ്ഞു
പടിയോളം വന്നെത്തീ , തൊടിയിലും ചെന്നെത്തീ
ഞൊടിയിലീ മുറ്റത്തുമോടിയെത്തും വെള്ള -
മൊടുവിലിറയത്തുമേറി മെത്തും'

പുഴവന്നു കഴ കവിഞ്ഞു വയൽ നിറയുന്ന കാഴ്ച അന്യമാവുന്ന ഇന്നത്തെ തലമുറ 'കഴ' എന്ന സംഭവം എന്താണെന്നെങ്കിലും അറിയാനുള്ള അവസരം ആണ് ഈ അവധാനത കൊണ്ട് നഷ്ടമാവുന്നത് . അത് പോലെ മെത്തുക എന്ന വാക്കിനു വര്ദ്ധിക്കുക ,ഉയരുക , നിറയുക എന്നൊക്കെയാണ് അർത്ഥം . സുന്ദരമായ ആ വാക്കിനെയും സന്ദർഭോചിതമായ അതിന്റെ പ്രയോഗത്തെയും മനസ്സിലാക്കാതെ തികച്ചും സാധാരണമായ മറ്റൊരു വാക്ക് അവിടെ തിരുകിക്കയറ്റുന്നത് കുട്ടികളോടും കവിതയോടും കവിയോടും ഭാഷയോട് തന്നെയും ചെയ്യുന്ന അപരാധമാണ് . ഇത്തരം അബദ്ധങ്ങൾ സംഭവിക്കാൻ പാടിലാത്തതാണ്. സംഭവിച്ച സ്ഥിതിയ്ക്ക് അത് തിരുത്താനുള്ള ശ്രമം ഉണ്ടാവും എന്ന് കരുതുന്നു. പാഠഭാഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കുറേക്കൂടി ശ്രദ്ധയും സൂക്ഷ്മതയും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു
ഇത് ഇനി അബദ്ധമല്ല, ആ വാക്കുകള്‍ പഴയ ഭാഷയിലെയാണ്, കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും മനസ്സിലാവാതെ പോകും, അല്ലെങ്കില്‍ അത് അവരുടെ ഇന്നത്തെ ജീവിത യാഥാർത്ഥ്യത്തിന്റെ ഭാഷ അല്ല എന്നൊക്കെ കടുപ്പിച്ചു ചിന്തിച്ചു ബോധപൂര്‍വ്വം ആണു ഇത് ചെയ്തതെങ്കില്‍, അതെ കുറിച്ച് പരസ്യമായ സംവാദങ്ങള്‍ നടത്താതെ നിങ്ങൾക്ക് ഇങ്ങനെ ചെയ്യാന്‍ അവകാശമില്ല എന്ന് തന്നെയാണ് ഒരു പൌരി എന്ന നിലയില്‍ ഉള്ള എന്റെ വിനീതമായ അഭിപ്രായം. എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ.


ജ്യോതീബായ് പരിയാടത്ത്

Saturday, May 31, 2014

ഇന്റെൻസിവ് കെയർ-എൻ എൻ കക്കാട്

'പിന്നെയെല്ലാമലിഞ്ഞൊന്നായ്
സത്തുമസത്തുമല്ലാത്ത
മഹാസാന്ദ്രവ്യാപ്തിയായ്
കേവലനാദമായ്
ഘനപ്രജ്ഞയായാനന്ദമായ്
അലകലടങ്ങി നിഷ്പന്ദമായ്
ശാന്തമാകുന്നു ശാന്തമാകുന്നു ...'


Monday, February 3, 2014

ഭൂതക്കണ്ണാടി-ഉള്ളൂർ എസ് പരമേശ്വരയ്യർ


'അപ്പുറം തുച്ഛനാമെന്റെ -
യകമാമാലിലയ്ക്കുമേൽ
ബ്രഹ്മാണ്ഡത്തെ വഹിച്ചീടും
പ്രേമാത്മാവാകുമീശ്വരൻ
ചരാചര സമൂഹത്തെ
സൗഹാർദ്ദപ്പട്ടുനൂലിനാൽ
ചേർത്തിണക്കി വിളങ്ങുന്ന
ചിത്രമാം കാഴ്ച കണ്ടു ഞാൻ
തുരുമ്പിലും ഞാൻ വായിച്ചേൻ
ധ്വനികാവ്യം   സുധാമയം
മൌനത്തിലും ചെവിക്കൊണ്ടേൻ
മധുരം വല്ലകിക്വണം'

Friday, January 31, 2014

മലയാളകവിതയുടെ ചരിത്രവഴികള്‍ VII ഉണ്ണുനീലിസന്ദേശം



പ്രാചീന മണിപ്രവാള കൃതികളിൽ പ്രമുഖമായ സ്ഥാനം വഹിയ്ക്കുന്നവയാണ് സന്ദേശകാവ്യങ്ങൾ. വളരെ പുരാതനകാലം മുതല്ക്കേ സന്ദേശകാവ്യപ്രസ്ഥാനത്തിനു ഭാരതത്തിന്റെ മറ്റേതൊരു ഭാഗത്തെയും അപേക്ഷിച്ച് കേരളത്തിൽ  പ്രാധാന്യം സിദ്ധിച്ചിരുന്നു. ക്രി പി പത്താം ശതകത്തിലോ പതിനൊന്നാം ശതകത്തിലോ രചിച്ച കേരളീയ കൃതിയായ   ശുകസന്ദേശം പ്രശസ്തമായ സന്ദേശകാവ്യം ആണ് . ഇത്തരം സന്ദേശകാവ്യങ്ങളെല്ലാം തന്നെ   ഭാവാത്മകവും ആതമനിഷ്ഠവുമായ ഗീതികാവ്യരീതിയിൽ കേരളീയകവികൾ ക്കുണ്ടായിരുന്ന സർഗ്ഗശേഷി എടുത്തു കാണിയ്ക്കുന്നവയായിയുരുന്നു . പ്രാചീന മണിപ്രവാള കാലത്തെ ഒട്ടുമിക്ക സന്ദേശ കവനങ്ങളെക്കുറിച്ചും ലീലാതിലകത്തിൽ പറയുന്നുണ്ട്‌.
സന്ദേശങ്ങളുടെ കൂട്ടത്ത്തിലെന്നല്ല മൊത്തം പ്രാചീന മണിപ്രവാള കൃതികൾ പരിഗണിക്കുമ്പോൾ പ്പോലും വളരെയധികം പ്രധാനം എന്ന് കരുതാവുന്ന കൃതിയാണ് ഉണ്ണുനീലിസന്ദേശം . ഈ കൃതിയുടെ കാലത്തെയും കർത്തവിനെയും പറ്റി ഒന്നും പറയാൻ സാധ്യമല്ലെങ്കിലും ഏകദേശം  ക്രി പി പതിന്നാലാം ശതകത്തിനിടയ്ക്കാവണം ഇതിന്റെ രചന എന്ന് കരുതപ്പെടുന്നു .
വടക്കുംകൂർ രാജ്യത്തിന്റെ തലസ്ഥാനമായ ‘ വടമതിര ’ അഥവാ കടുത്തുരുത്തി എന്ന ദേശത്ത് വസിച്ചിരുന്ന ഉണ്ണുനീലി എന്ന യുവതിക്ക് അവളുടെ പ്രിയതമൻ തിരുവനന്തപുരത്ത് നിന്ന് ഒരു സന്ദേശമയയ്ക്കുന്നതാണ് ഇതിലെ ഇതിവൃത്തം. ഉണ്ണുനീലിയുടെ വീടായ മുണ്ടയ്ക്കൽഭവനത്തിൽ ഒരു രാത്രി അതായത് ഉണ്ണുനീലിയും പ്രിയതമനും കിടന്നുറങ്ങുന്ന സമയത്ത് നായകനിൽ കാമാസക്തയായ ഒരു യക്ഷി നായികയറിയാതെ നായകനെ എടുത്തുപൊക്കി ആകാശമാർഗ്ഗം തെക്കോട്ട് പറന്നു. ഏകദേശം തിരുവനന്തപുരത്തായപ്പോൾ നായകൻ ഉറക്കമുണർന്നു, യക്ഷിയെ കണ്ട അയാൾ നരസിംഹമന്ത്രം ജപിക്കുകയും അതിൽ ഭയന്ന യക്ഷി നായകനെ വിട്ട് ഓടിപ്പോവുകയും ചെയ്തു. നായകൻ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിനു സമീപമാണ് ചെന്നു വീഴുന്നത്. ഈ സമയം അതുവഴി യാദൃച്ഛികമായി വന്ന തൃപ്പാപ്പൂർമൂപ്പ് ആദിത്യവർമ്മയെ നായകൻ കണ്ടുമുട്ടുന്നു. തന്റെ വിഷമാവസ്ഥയെ നാ‍യകൻ രാജാവിനെ വിവരിച്ചു കേൾപ്പിക്കുകയും അദ്ദേഹം വഴി നായികയ്ക്കു സന്ദേശം കൊടുത്തയക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. തിരുവനന്തപുരത്തു നിന്നും വടമതിരവരെ യാത്ര ചെയ്യാനുള്ള നിർദ്ദേശങ്ങളാണ്  136 ശ്ലോകങ്ങളടങ്ങുന്ന പൂർവസന്ദേശം എന്ന
ഇവിടെ ചൊല്ലുന്ന കാവ്യഭാഗത്തിലുള്ളത്
 

അവലംബം
 

1. ഇളംകുളം കുഞ്ഞൻപിള്ളയുടെ ഉണ്ണുനീലിസന്ദേശവ്യാഖ്യാനം
2.മലയാള സാഹിത്യ ചരിത്രം -പി കെ പരമേശ്വരൻ നായർ-സാഹിത്യഅക്കാദമി
3. വിക്കിപീടിയ