അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Friday, May 14, 2010

‘ഇപ്പട്ടേരിക്കും’ -പ്രേംജി




(കവിത കേൾക്കാം )
(കവിത വായിക്കാം )
പ്രേംജി (1908-1998)

പ്രേംജി എന്ന പേരിലറിയപ്പെടുന്ന എം പി ഭട്ടതിരിപ്പാട് മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ വന്നേരിയില്‍ 1908 സെപ്തംബര്‍ 23 നു ജനിച്ചു. കവിയും നടനും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്നു .പത്തൊമ്പതാം വയസ്സില്‍ മംഗളോദയത്തിൽ പ്രൂഫ് റീഡറായി. വി.ടി.ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി. പിന്നീട് എം.ആർ.ബി.യുടെ മറക്കുടക്കുള്ളിലെ മഹാനരകം, മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരിയുടെ അപ്ഫന്റെ മകൾ, ചെറുകാടിന്റെ നമ്മളൊന്ന്, സ്‌നേഹബന്ധങ്ങൾ, പി.ആർ. വാരിയരുടെ ചവിട്ടിക്കുഴച്ച മണ്ണ് എന്നീ നാടകങ്ങളിൽ അഭിനയിച്ചു. .മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ, ലിസ, യാഗം, ഉത്തരായനം, പിറവി തുടങ്ങിയ 60 ഓളം ചിത്രങ്ങളിൽ വേഷമിട്ടു. തന്റെ നാല്പതാമത്തെ വയസ്സിലാണ് പ്രേംജി ആര്യ അന്തർജനത്തെ വിവാഹം ചെയ്തത്. എം.ആർ.ബി എന്നറിയപ്പെട്ടിരുന്ന എം.ആർ. ഭട്ടതിരിപ്പാട് സഹോദരനായിരുന്നു .
പ്രധാന കൃതികൾ:
സപത്‌നി, നാൽക്കാലികൾ, രക്തസന്ദേശം, പ്രേംജി പാടുന്നു (കാവ്യസമാഹാരങ്ങൾ), ഋതുമതി (നാടകം).
പുരസ്കാരങ്ങള്‍
ഷാജി എൻ. കരുൺ സംവിധാനം ചെയ്തത പിറവിയിലെ അഭിനയത്തിന് 1988- മികച്ച നടനുള്ള ഭരത് അവാർഡും സംസ്ഥാന ഗവണ്മെന്റ് അവാർഡും ലഭിച്ചു. കലാകൗമുദി നാടക കൂട്ടായ്മയുടെ ഷാജഹാൻ(നാടകം) എന്ന നാടകത്തിലെ അഭിനയത്തിന് സ്വർണമെഡൽ ലഭിച്ചു. കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.
1998 ഓഗസ്റ്റ് 10 നു അന്തരിച്ചു.

ഇപ്പട്ടേരിക്കും എന്ന ഈ കവിത ലഭിച്ചത് കവി മനോജ്‌ കുറൂരിന്റെ ബ്ലോഗില്‍ നിന്നുമാണ് ( ജീവിതത്തിലെ അഴുക്കുചാല്‍നോട്ടക്കാരന്റെ സ്ഥിതിവിവരണം ) മനോജ്‌ പറയുന്നു...

ഭക്തിശ്ലോകങ്ങളോട് അതിലെ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍മാത്രമായി പ്രത്യേകിച്ച് ഒരു കമ്പവും സൂക്ഷിക്കാത്തയാളാണു ഞാന്‍. ഹാസ്യശ്ലോകങ്ങളുടെ പൊതുരീതിയോടും അങ്ങനെതന്നെ. അക്ഷരശ്ലോകക്കാര്‍ ഹരം‌കൊള്ളുന്ന ‘ചാറേ ചമ്മന്തി’പ്പരുവത്തിലുള്ള ശ്ലോകങ്ങളോട് ആ സമയത്തൊലിച്ചിറങ്ങുന്ന മുറുക്കാന്‍‌തുപ്പലിനോടെന്നപോലെ ഒരു അറപ്പും തോന്നാറുണ്ട്. എന്നാല്‍‌ ‍ചെറുപ്പം മുതലേ കേട്ട ചില കവിതകള്‍ ശ്ലോകരൂപത്തിലാണെങ്കിലും അവയ്ക്കുള്ളിലെ ജീവിതംകൊണ്ട് എന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്. പ്രേംജിയുടെ ‘ഇപ്പട്ടേരിക്കും’ എന്ന കവിത അത്തരത്തിലൊന്നാണ്. ഈ കവിതയ്ക്കു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. പ്രേംജിക്ക് ഒരിക്കല്‍ വാതരോഗം പിടിപെട്ടു. വൈദ്യര്‍‌പോലും കൈയൊഴിഞ്ഞ അവസ്ഥയില്‍ പണ്ടു മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി നാരായണീയം എന്ന സ്തുതിദശശതകം ഗുരുവായൂരപ്പനു കാഴ്ചവെച്ചതുപോലെ തന്നെക്കൊണ്ടാവുന്നവിധം ഒരു കാവ്യം സമര്‍പ്പിക്കുവാന്‍ പ്രേംജിയെ ചില അഭ്യുദയകാംക്ഷികള്‍ ഉപദേശിച്ചു. അതനുസരിച്ച് അദ്ദേഹം ഒരു പത്തു ശ്ലോകങ്ങള്‍ രചിച്ചു ഗുരുവായൂരപ്പനു സമര്‍പ്പിക്കയും ചെയ്തു. അതാണ് ‘ഇപ്പട്ടേരിക്കും’ എന്ന കവിത. ശ്ലോകത്തിന്റെ അക്ഷരഘടനയ്ക്ക് ഒന്നാന്തരം മാതൃകയായി ഈ കവിതയെ പലരും കണക്കാക്കാറുണ്ട്. എന്നാല്‍ അക്ഷരപ്പെരുക്കത്തിന്റെയും വൃത്തഭദ്രതയുടെയും രൂപഭംഗികളുള്ളപ്പോള്‍ത്തന്നെ ഉള്ളില്‍ നിറഞ്ഞുകവിയുന്ന ജീവിതത്തിന്റെ നനവ് ഈ കവിതയില്‍ പടര്‍ന്നുകിടക്കുന്നു. ഭക്തിയോടൊപ്പം പ്രകടിപ്പിക്കുന്ന പരിഭവത്തിന്റെ സ്വരവും ശ്രദ്ധേയം.

മനോജിനു കാവ്യംസുഗേയത്തിന്റെ നന്ദി.