'അറബി മലയാളത്തിലുള്ള ഖാസി മുഹമ്മദിന്റെ “മുഹ്യിദ്ദീന്‍മാല” “ജ്ഞാനപ്പാന”യുടെ കാലത്തിനും അല്പം മുന്‍പ് എഴുതിയ കൃതി എന്ന നിലയില്‍ കേരളത്തിലെ ഭക്തി പ്രസ്ഥാനത്തിന്റെ ആരംഭം കുറിക്കുന്ന കൃതിയായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ഉമ്മഹാത്തുമാല, താഹിറാത്ത് മാല, ഫത്ഹുല്‍ ബഹ്നസ്, ആമിനുമ്മാന്റെകത്ത് പരീക്കുട്ടി മുസ്ലിയാര് രചിച്ച മുഹിമ്മാത്തുല്‍ മുഅ്മീനീന് തുടങ്ങി നിരവധി അറബി മലയാളം കൃതികള്‍ ഇത്തരമൊരു പരിശോധനക്ക് വിധേയമാക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. എഴുത്തച്ഛന്റെ സംസ്കൃത മലയാളം പോലെ അന്നത്തെ "പൊതുസമൂഹ"ത്തിലെ ശൂദ്ര-ബ്രാഹ്മണ സംസ്കാരമണ്ഡലത്തിന് സ്വീകാര്യമായില്ലെങ്കിലും അറബി മലയാളം കൃതികള്‍ ഇന്നത്തെ മലയാള ഭാഷാ രൂപികരണത്തില്‍ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. കേരളീയസമൂഹത്തിന്റെ ആത്മീയ പരിവര്‍ത്തനത്തിന്റെ നിര്‍ണായകമായ ഒരു ഘട്ടത്തെ മോയ്ഹുദീന്‍ മാല രേഖപ്പെടുത്തുന്നുണ്ട്. മുഹ്യിദ്ദീന് ശൈഖിന്റേയും സൂഫി പാരമ്പര്യത്തിന്റേയും കൂടി ഓര്‍മ്മകള്‍ ആ കൃതി വിളിച്ചുണര്‍ത്തുന്നു. ജ്ഞാനപ്പാനയുടേയും മറ്റും രചന സാധ്യമായ ഒരു ആത്മീയ മണ്ഡലം രൂപപ്പെടുത്തുന്നതില്‍ അറബി മലയാളം കൃതികളുടെ ഭക്തി വീര്യം സഹായിച്ചിട്ടുണ്ട് എന്ന് കരുതുന്നതിലും തെറ്റുണ്ട് എന്ന് തോന്നുന്നില്ല.
ജ്ഞാനപ്പാനയില്‍
‘മാളിക മുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്’
എന്ന് പറയുന്നുണ്ട്. അതിനു സമാനമായ മുഹ്യുദീന്‍ മാലയിലെ വരികള്‍ ഇപ്രകാരമാണ്:
1. “നിലയെ കൊടുക്കാനും നിലയെ കളവാനും
നായന് അവര്‍ക്കൊനുവാദം കൊടുത്തോവര്”
2. “അറിവും നിലയും അതേതും ഇല്ലാത്തോര്‍ക്ക്
അറിവും നിലയും നിറയെ കൊടുത്തോവര്
നിലയും അറിവും അതൊക്കെയും ഉള്ളോരെ
നിലയും അറിവും പറിച്ചു കളഞ്ഞോവര്‍”
3. “നിലയേറെ കാട്ടി നടന്നൊരു ശൈഖിനെ
നിലത്തിന്റെ താഴെ നടത്തിച്ചു വച്ചോവര്”
4. “മേലെ നടന്നോരെ താത്തിച്ചു വച്ചോവര്
മേലാല്‍ വരുന്ന വിശേഷം പറഞ്ഞോവര്”
മാലപ്പാട്ടുകളുടെ സാംസ്കാരിക ഭൂമിക ചരിത്രപരമായി പരിശോധിക്കേണ്ടതുണ്ട്.അറബി മൌലിദുകളുടെ രചനാകാലത്തിനു ശേഷമാണ് മാലപ്പാട്ടുകള്‍ വരുന്നത് എന്നാണു പൊതുവേ വിശ്വസിക്കപ്പെടുന്നത്. മൌലിദ് ചൊല്ലുന്നതുമായി ബന്ധപ്പെട്ടുള്ള മതപരമായ തര്‍ക്കങ്ങള്‍ ഇവിടെ അപ്രസക്തമാണ്. മൌലിദുകള്‍ക്ക് ശേഷമാണ് അറബി മലയാളം ഒരു സ്വത്വരൂപീകരണത്തിന് വിധേയമാകുന്നത് എന്നാണ് ഞാന്‍ ഇപ്പോള്‍ കരുതുന്നത്. മൌലിദ് ചൊല്ലുന്ന പാരമ്പര്യം ഇതിന്റെ ആവിര്‍ഭാവത്തിനു കാരണമായിട്ടുണ്ടാവാം എന്നും കരുതാവുന്നതാണ്. എന്ന് മാത്രമല്ല, മണിപ്രവാളത്തിന്റെ കാര്യത്തില്‍ തമിഴ് സംസ്കൃത ധാരകള്‍ ഇഴചേരുന്നതിനെ കുറിച്ച് അനന്തപുരവര്‍ണനം എന്ന മണിപ്രവാള കൃതിയില്‍
“തമിഴ് സംസ്കൃതമെന്നുള്ള
സുമനസ്സുകള്‍ കൊണ്ടൊരു
ഇണ്ടമാല കൊരുക്കുന്നേന്‍
പുണ്ഡരീകാക്ഷ പൂജയായ്”
എന്ന് പറയുന്നത് പോലെ, മുഹ്യുദീന്‍ മാലയില്‍
“മുത്തും മാണിക്യവും ഒന്നായി കോത്ത പോലെ
മുഹ്യുദീന്‍ മാലയെ കോത്താന്‍ ഞാന്‍ ലോകരെ”
എന്ന് പറയുന്നുണ്ട്. ഇത് അറബിയും മലയാളവും തമ്മില്‍ ചേര്‍ത്തതിനെ കുറിച്ചുള്ള ഒരു പ്രസ്താവന കൂടിയാണ്. ഭക്തിപ്രസ്ഥാനം ഉണ്ടായിരുന്നെങ്കിലും ഇല്ലെങ്കിലും ആത്മീയമായ അറബി മലയാള കൃതികള്‍ മധ്യകാല കേരളത്തില്‍ സജീവമായി പ്രചരിച്ചിരുന്നു.'
(ഡോ.ടി ടി ശ്രീകുമാർ മലയാളനാട് Malayalnadu.com നു നല്കിയ അഭിമുഖത്തിൽ നിന്ന് http://www.malayalanatu.com/component/k2/item/1294-tt-sreekumar-interview)
(ആലാപനത്തിൽ കവിതയുടെ വരികൾക്ക് കടപ്പാട്: ഒറ്റ മാളിയേക്കൽ മുത്തുക്കോയ തങ്ങളുടെ മുഹ് യിദ്ദീൻ മാല പരിഭാഷ (അശ്റഫി ബുക്ക് സെന്റർ ,തിരൂരങ്ങാടി പ്രിന്റെഴ്സ് മലപ്പുറം )
പ്രൌഢമായ ചരിതങ്ങള്‍
ReplyDelete:)
Deleteകേള്‍ക്കാന്‍ നല്ല രസമുണ്ട്.
ReplyDeleteവ്യതിരിക്തമായ ആലാപനശൈലി നല്ലത്
ReplyDelete👍👍👍
ReplyDelete