അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Tuesday, January 1, 2008

ഒരു വീണപൂവ്‌

(കവിത വായിക്കാം)

എന്‍‌ ‍. കുമാരനാശാന്‍‌ (1873-1924)

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ മലയാളകവിത സഞ്ചരിച്ച പരിവര്‍ത്തനത്തിന്റെ വിപ്ലവവപഥം തെളിയിച്ചെടുക്കുന്നതില്‍ കുമാരനാശാന്റെ കവിതകള്‍‌ വഹിച്ച പങ്ക് നിസ്തുലമാണ്‌.
ശ്രീനാരായണഗുരുവിന്റെ ശിഷ്യത്വവും മദ്രാസ് കൊല്‍‌കത്ത, ബാംഗ്ലൂര്‍‌ എന്നിവിടങ്ങളില്‍‌ നിന്നായി ലഭിച്ച വിദ്യാഭ്യാസവും അദ്ദേഹത്തിന്റെ ഭാഷയേയും ആശയങ്ങളേയും ആവിഷ്കരണപാടവത്തേയും പുഷ്ടിപ്പെടുത്തി. പുതിയൊരു വീക്ഷണകോണിലൂടെ മലയാളത്തിന്റെ ആത്മാവിനെ കണ്ടെത്താനും അറിയാനും കവിതയിലൂടെ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍‌ക്ക് പ്രചോദകമായിരുന്നത് കേരളത്തിനു വെളിയില്‍‌ അദ്ദേഹം ചിലവഴിച്ച മൂന്നരവര്‍‌ഷങ്ങളായിരുന്നു എന്നു പറയാം.
ആത്മീയവും സദാചാരനിരതവും ആയ ആശയങ്ങളെ സുന്ദരമായും ഭാവതീവ്രമായും അതേസമയം ലളിതമായും ആവിഷ്കരിയ്ക്കുക എന്നതായിരുന്നു ആശാന്റെ രചനാരീതി. സ്തോത്രങ്ങളൂം കീര്‍‌ത്തനങ്ങളും രചിച്ച് കാവ്യലോകത്ത് തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച ശേഷമാണ്‌ കാല്പനികഭംഗി തുളുമ്പുന്ന തന്റെ പ്രശസ്തകൃതികള്‍‌ അദ്ദേഹം രചിക്കുന്നത്. മലയാളകാവ്യചരിത്രത്തില്‍ 'ഒരു വീണപുവ്‌‌" തുടങ്ങിയ കവിതകളുടെ സ്ഥാനം അദ്വിതീയമാണ്‌.‌
ജനനം ,തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലെ തൊമ്മന്‍‌വിളാകം എന്ന കടലോരഗ്രാമം.
മാതാവ്‌ കാളിയമ്മ ,പിതാവ്‌ നാരായണന്‍ .
എസ്.എന്‍ ഡി.പി യോഗം സെക്രട്ടറിയായും യോഗത്തിന്റെ മുഖപത്രമായ വിവേകോദയത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. 'പ്രതിഭ' എന്ന പേരില്‍‌ ഒരു മാസിക നടത്തിയിരുന്നു.

പ്രധാന കൃതികള്‍‌: വീണ‍പൂവ്‌, നളിനി, ലീല, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി
1924 ജനുവരി 26 ന്‌ പല്ലനയാറ്റില്‍‌വെച്ചുണ്ടായ റെഡിമര്‍‌ ബോട്ടപകടത്തില്‍‌ മൃതിയടഞ്ഞു

N. Kumaran Asan (1873-1924)


Asan is the poet who most clearly symbolizes the poetic revolution in Malayalam inthe first quarter of 20th century. His discipleship of Narayana Guru and the Sanskrit studies at Bangalore, Madras and Calcutta influenced the development of his poetic vision. The three and a half years he spent outside Kerala provided him with a broad outlook and deep sensibility unknown to a malayalee soul. A deep moral and spiritual commitment became part of Asan's poetic personality. He started handling secular themes in poetry after a short span of composing devotional songs. These poetries proved to be an inauguration of an age, sensibility and vision. Oru veenapoovu is a landmark in the poetical history of Malayalam. With its lyrical and elegiac mood, the poetry was producing an stream of new feelings

Monday, December 31, 2007

ആമുഖം

മലയാള കവിത ഇരുപതാം നൂറ്റാണ്ടില്‍ വലിയൊരു പരിവര്‍ത്തനത്തിനു സാക്‌ഷ്യം വഹിച്ചു.ആശാനും വള്ളത്തോളും ഉള്ളൂരും തുടങ്ങിവെച്ച നവഭാവുകത്വത്തിന്റെ പണി, ഒരു സ്വത്തായി മലയാളകവിതയില്‍. അധിനിവേശ ആധുനികതയും അതു തീര്‍ത്ത ലോകബോധവും മലയാളിയുടെ കാവ്യ സങ്കല്‍പത്തെ മൊത്തത്തില്‍ ഉടച്ചുവാര്‍ത്തു. അതു രൂപപരവും സത്താപരവുമായ ഉടച്ചുവാര്‍പ്പായിരുന്നു. അതു പിന്നെ പടര്‍ന്നു. പരന്നു.വെണ്ണിക്കുളത്തില്‍, വി.സി ബാലകൃഷ്ണപ്പണിക്കരില്‍, ചങ്ങമ്പുഴയില്‍, ഇടപ്പള്ളിയില്‍, പിയില്‍, ഇടശ്ശേരിയില്‍, വൈലോപ്പിള്ളിയില്‍, ബാലാമണിയമ്മയില്‍, ജി യില്‍ അതിന്റെ മുഴക്കങ്ങള്‍ കേള്‍ക്കാം. അധിനിവേശത്തോടും അതിന്റെ ഭാവുകത്വത്തോടും ആധുനികതയുടെ ആവേഗങ്ങളോടും പ്രതികരിക്കുന്ന ഒരു കാലം നമുക്കിവരില്‍ കാണാം. ആ വഴി പലതായി പിരിഞ്ഞു, പടര്‍ന്നു. എന്‍. വി കൃഷ്ണവാര്യരും എം. ഗോവിന്ദനും അയ്യപ്പപ്പണിക്കരും, കക്കാടും അക്കിത്തവും ഒളപ്പമണ്ണയും പാലൂരും വയലാറും, പി ഭാസ്കരനും ഓ.എന്‍.വി യും അയ്യപ്പത്തും ,സുഗതകുമാരിയും ആര്‍.രാമചന്ദ്രനും കടമ്മനിട്ടയും പുതിയ കാലത്തെ കവിതയിലേക്കു കൊണ്ടുവന്നു. കുരുക്ഷേത്രവും ഇടിഞ്ഞു പൊളിഞ്ഞ ലോകവും നഗരകവിതകളും ആ ഭാവുകത്വമാറ്റത്തെ അടയാളപ്പെടുത്തി. എഴുപതുകള്‍ പുതിയൊരു ആവേഗത്തെ, സൂക്ഷ്മബോധത്തിന്റെ സ്ഥൂലസ്ഥലികളെ നമുക്കു മുന്നില്‍ കൊണ്ടുവന്നു. ബഹുഭാഷണത്തിന്റെയും ബഹുസ്വരതയുടേയും തെളിവടയാളങ്ങളായി കവിതകള്‍. കെ ജി ശങ്കരപ്പിള്ളയും സച്ചിദാനന്ദനും ആറ്റൂരും ബാലചന്ദ്രന്‍ ചുള്ളിക്കാടും വിനയചന്ദ്രനും ആ കാലത്തെ സൂക്ഷ്മമായി തന്നെ അനുഭവിച്ചിട്ടുണ്ട്‌. അവയെ അവര്‍ കടന്നു പോയിട്ടുണ്ട്‌.എണ്‍പതുകളില്‍ , കെ.ജി ശങ്കരപ്പിള്ളയുടെയും സച്ചിദാനന്ദന്റേയും ആറ്റൂരിന്റെയും കവിതകള്‍ പുതിയ അന്വേഷണങ്ങളുമായി മുന്നോട്ടു വന്നു. നിരധിനിവേശപ്രക്രിയയുടെ പല പകര്‍ന്നാട്ടങ്ങള്‍ മലയാള കവിതയില്‍ സജീവമായി. സംസ്കാരത്തെ അഭിമുഖീകരിക്കാനും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും മലയാള കവിത മുതിര്‍ന്നു. വിജയലക്ഷ്മി, സാവിത്രി രാജീവന്‍ തുടങ്ങിയവരുടെ രചനകള്‍ പുതിയ ഇടങ്ങളിലേക്കു മലയാള കവിതയെ കൊണ്ടു പോയി. മധുസൂദനന്‍നായരും ജയശീലനും പി.പി. രാമചന്ദ്രനും ഗിരിജയും റഫീക്കും ഗോപീകൃഷ്ണനും രാമനും ടോണിയും അന്‍വര്‍ അലിയും അനിതാതമ്പിയും(പ്രതിഭാധനരായ പുതുമുറക്കാര്‍‌ ഇനിയുമേറെ..) ഈ കാവ്യ ചരിത്രത്തിലേക്കു പുതിയ അധ്യായങ്ങള്‍ എഴുതി ചേര്‍ത്തു. കവിതയുടെ ആ വഴികളെ തിരയാനുള്ള ഒരു ചൊല്‍ശ്രമമാണ്‌ കാവ്യം സുഗേയം. ഇരുപതാം നൂറ്റാണ്ടിന്റെ കവിതകളെ ചൊല്ലി അടയാളപ്പെടുത്താനുള്ള ഒരു ശ്രമം. വിലയിരുത്തുകയും വിമര്‍ശിക്കുകയുമാവാം..