അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Wednesday, September 2, 2015

തേവാരപ്പതികങ്കൾ -ഭാഗം 1-ശ്രീനാരായണ ഗുരു

കവി എന്ന നിലയിൽ ഭാഷയ്ക്കും സാഹിത്യത്തിനും ശ്രീനാരായണഗുരു നല്കിയ സംഭാവനകൾ വിലയിരുത്തുന്നത് മറ്റുകവികളുടെ എഴുത്തിനെ വിലയിരുത്തുന്ന മാനദണ്ഡം വെച്ചാവരുത് എന്ന് തോന്നുന്നു.തന്റെ ദർശനങ്ങളെയും മനുഷ്യ- ദൈവ -സത്യസങ്കല്പങ്ങളെയും കൃത്യമായും വ്യക്തമായും സമൂഹത്തിലേയ്ക്ക് എത്തിയ്ക്കുന്ന കാര്യത്തിൽ കവിത എന്ന മാധ്യമം അങ്ങേയറ്റം സാർത്ഥകമായി ഉപയോഗിച്ച ദാർശനികൻ എന്ന് വേണം അദ്ദേഹത്തെ കാവ്യചരിത്രത്തിൽ അടയാളപ്പെടുത്താൻ. അന്യാദൃശമായ പദസ്വാധീനവും ആശയഗരിമയും ഒഴുക്കും അപൂർവവൃത്തങ്ങൾ ഏറെ ഉപയോഗിച്ചുള്ള കാവ്യരചാനാശൈലിയും ഒക്കെക്കൊണ്ട് ഏറ്റവും മൌലികത കൈവരിച്ച കവിതകൾ തന്നെയാണ് അദേഹത്തിന്റെ കവിതകൾ എന്ന് നിസ്സംശയം പറയാം . മലയാളം സംസ്കൃതം തമിഴ് എന്നീ മൂന്നുഭാഷകളിലും ഒരു പോലെ നാരായണഗുരു തന്റെ കാവ്യ വ്യുല്പത്തി തെളിയിച്ചിട്ടുണ്ട് . ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് എകത്വദർശനത്തെ ഏറ്റവും ലളിതമായി നിർവചിക്കുക വഴി അദ്വൈതത്തിന്റെ അനുഭാവാധിഷ്ഠിതമാർഗ്ഗത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ആധുനിക സമൂഹത്തിന്റെ ജനാധിപത്യ സംസ്കാരങ്ങളെ ഖണ്ഡിക്കുന്ന തരത്തിൽ മതം ഈശ്വരൻ എന്നീ കല്പനകൾ ശ്രേണീഘടനകൾ സൃഷിക്കുന്നതിനെ ചെറുക്കുന്ന ഏകതാസങ്കല്പം ആയിരുന്നു അദ്ദേഹത്തിന്റേത് . മൂന്നുഭാഷകളിലായി മൗലികവും വിവർത്തിതവുമായി അറുപതോളം കവിതകൾ ഗുരു രചിച്ചിട്ടുണ്ട് . ,പത്തു ശ്ലോകങ്ങൾ വീതമുള്ള അഞ്ചു ഖണ്ഡങ്ങൾ അടങ്ങിയ തേവാരപ്പതികങ്ങൾ ഗുരുവിന്റെ വളരെ പ്രധാനപ്പെട്ട തമിഴ് കൃതിയാണ് .തമിഴ് ഭാഷയിൽ തേവാരം എന്നറിയപ്പെടുന്ന ശിവസ്തുതിഗീതങ്ങളെപ്പോലെ ശിവസ്തുതിപരമായ കീർത്തനങ്ങളാണ് തേവാരപ്പതികങ്കൾ .നെയ്യാറ്റിൻകരയിലെ അരുമാനൂർ എന്ന സ്ഥലത്തുള്ള നയിനാർ പ്രതിഷ്ഠയെ പ്രകീർത്തിക്കുന്ന ഒന്നാം പതികം കേൾക്കുക(Text :ശ്രീ നാരായണ ഗുരുദേവ കൃതികൾ  ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ,ശിവഗിരി    
ശ്രീ നാരായണ ഗുരുദേവ കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനം -പ്രൊഫ; ജി ബാലകൃഷ്ണൻ നായർ)