”
എന്ന പദ്യത്തിൽ പിങ്ഗളയുടെ ഇതിഹാസം തുടങ്ങുന്നു. ഇതിഹാസം രണ്ടും ഗാഥ ആറും, ഇങ്ങനെ എട്ടു പദ്യങ്ങളെ ഭാരതത്തിലെ പിങ്ഗളോപാഖ്യാനത്തിൽ ഉള്ളൂ. ഭീഷ്മർതന്നെ "അത്രാപ്യുദാഹരന്തിമമിതിഹാസം പുരാതനം" എന്നു പറയുന്നതിൽനിന്നും മഹാഭാരത കാലത്തിൽ - അതായത് ഇന്നേക്ക്മൂവായിരംകൊല്ലങ്ങൾക്കുമുമ്പു - തന്നെ ഈ ജീവന്മുക്തയുടെ അത്യത്ഭുതമായ ജീവചരിത്രം ഭാരതവർഷത്തിൽ ഒരു ഭാസുരദിപം പോലെ പ്രകാശിച്ചിരുന്ന എന്നു വ്യക്തമാകുന്നുണ്ട്.
പിങ്ഗളോപാഖ്യാനം ഒരു കാവ്യമായി ഇതിനു മുമ്പ് ആരും രചിച്ചിട്ടുള്ളതായി അറിവില്ല. ഭാഗവതം [ 6 ] ഏകാദശസ്കന്ധം ഇരുപത്തിമൂന്നാമദ്ധ്യായത്തിലും ഭാരതം ശാന്തിപർവ്വം നൂറ്റെഴുപത്തേഴാമദ്ധ്യയത്തിലും ഉപന്യസിക്കപ്പെട്ടിട്ടുള്ള ഭിക്ഷുഗീതയെന്ന മങ്കഗീതയെ പുരസ്കരിച്ച് ഒരു കാവ്യം മഹാരാഷ്ട്രഭാഷയിൽ ഏകനാഥകവി നിർമ്മിച്ചിട്ടുണ്ട്.
ശാന്തരസപ്രധാനമായ ഈ ഖണ്ഡകാവ്യം ഭാഷാഭിമാനികൾക്ക് ഉപായനീകരിച്ചുകൊണ്ട് ഈ അവതാരികയെ ഇവിടെ അവസാനിപ്പിച്ചുകൊള്ളുന്നു.
1104-4-9.ഉള്ളൂർ എസ്. പരമേശ്വരയ്യർ
(പിങ്ഗളയുടെ അവതാരികയിൽ നിന്ന് അവലംബം വിക്കി ഗ്രന്ഥശാല
'അപ്പുറം തുച്ഛനാമെന്റെ -
യകമാമാലിലയ്ക്കുമേൽ
ബ്രഹ്മാണ്ഡത്തെ വഹിച്ചീടും
പ്രേമാത്മാവാകുമീശ്വരൻ
ചരാചര സമൂഹത്തെ
സൗഹാർദ്ദപ്പട്ടുനൂലിനാൽ
ചേർത്തിണക്കി വിളങ്ങുന്ന
ചിത്രമാം കാഴ്ച കണ്ടു ഞാൻ
തുരുമ്പിലും ഞാൻ വായിച്ചേൻ
ധ്വനികാവ്യം സുധാമയം
മൌനത്തിലും ചെവിക്കൊണ്ടേൻ
മധുരം വല്ലകിക്വണം'