അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Sunday, June 24, 2018

അപരന്നു സുഖത്തിനായ് വരേണം. ( അവനവനാത്മസുഖത്തിനാചരിക്കുന്നവ)


ബ്ലോഗിലും യുട്യൂബിലും ഫേസ് ബുക്കിലും സൗണ്ട് ക്‌ളൗഡിലും ഒക്കെയായി ഇന്നേ ദിവസംവരെ പത്തൊൻപത്തായിരത്തോളം അനുഗാമികളും വരിക്കാറുമുണ്ട്‌ . .followers ,subscribers എന്നിവരെ ഒരുമിച്ച് അഭിസംബോധന ചെയ്യാനാണ് ഈ പോസ്റ്റ് 
പത്ത് വര്ഷങ്ങള്ക്കു മുൻപ് തുടങ്ങിയ ഒരു പാഷൻ ഇപ്പോൾ അത് അങ്ങനെ മാത്രമല്ലാതായി തീർന്നിരിക്കുന്നു. മനോഹരം, ഗംഭീരം, കൊള്ളില്ല ,മോശം എന്നുള്ള അഭിപ്രായങ്ങൾ കമന്റുകളായി കാണാറുണ്ട്. ലൈക്കുകളും ചില you tube വീഡിയോകളിൽ അൺലൈക്കു കളും കാണാറുണ്ട്.പ്രശംസയിൽ , നല്ല അഭിപ്രായങ്ങളിൽ സന്തോഷം തോന്നാറുണ്ട് എന്നത് മറച്ചുവെയ്ക്കുന്നില്ല. എന്നാൽ മോശം അഭിപ്രായങ്ങളിൽ ഒട്ടും ദുഃഖം തോന്നാറില്ലെന്നതാണ് വാസ്തവം. 10 വർഷക്കാലത്തെ യഥാർത്ഥ ജീവിതത്തേക്കാൾ അനുഭവങ്ങൾ ഇത്തരം കാര്യങ്ങളിൽ പത്ത് വർഷത്തെ virtual ജീവിതം തന്നു എന്ന് പറയുന്നതാവും ശരി . ഒരു കവിതാലാപന റിയാലിറ്റി ഷോയിൽ വിധികർത്താവായി അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരു മത്സരാര്ഥിയും ആ മത്സരാർഥിയുടെ അഭ്യുദയകാംഷികളും ഓരോ പോസ്റ്റിനും താഴെ ഏറ്റവും മോശമായുള്ള കമന്റുകൾ പോസ്റ്റ് ചെയ്യുന്നതു സ്ഥിരമാക്കിയിരുന്ന ഒരു സമയമുണ്ടായിരുന്നു. ബ്ലോഗ്‌ തുടരണോ വേണ്ടയോ എന്നുപോലും ചിന്തിച്ച ആ സമയത്തെ മാനസികാവസ്ഥകളെയും അതിജീവിച്ച്‌ കുറേക്കൂടി പക്വമായ ചിന്തകളിലേക്ക് എത്തിനിൽക്കുന്നു കാര്യങ്ങൾ.
പറയാൻ വന്നത് പക്ഷെ ഇതൊന്നുമായിരുന്നില്ല. പ്രശംസകളേക്കാൾ കൂടുതൽ സർഗ്ഗാത്മകമായ വിമർശനങ്ങളാണ് ( സർഗാത്മകം എന്നതിന് എന്ന് അടിവരയിടട്ടെ.) കാവ്യം സുഗേയം സ്വാഗതം ചെയ്യുന്നത് എന്നാണ് . ഏറ്റവും പ്രശ്നം unlike കൾക്കാണ് . എന്തുകൊണ്ടാണ് ഇഷ്ടമല്ലാതാവുന്നതു അല്ലെങ്കിൽ എന്താണ് ഇഷ്ടമല്ലാതാവുന്നതു എന്നറിയാൻ ഇവയിൽ ഒരു വഴിയുമില്ല. ഓരോ അഭിപ്രായവും ഓരോ വിമർശനവും കവിത ചൊല്ലലിനെ, ആലാപനത്തെ , ബ്ലോഗിന്റെ സംവിധാനത്തെ , ആവിഷ്കാരത്തെ ഒക്കെ ഒരുപാട് സഹായിക്കും എന്നിരിക്കെ പ്രിയപ്പെട്ട ചങ്ങാതിമാർ ഇത് മനസ്സിൽ വെയ്ക്കുമല്ലോ . ബ്ലോഗിലേക്ക് കുറെയേറെ പുതുമകൾ കൊണ്ടുവരാനുള്ള ആലോചനകൂടി ഉള്ളതുകൊണ്ടാണ് ഇതുപോലൊരു പോസ്റ്റ് വേണ്ടി വന്നത്. ഒരു പാടുപേര് ഈ ബ്ലോഗ് ഉപയോഗിക്കുന്നു എന്ന് നിത്യേനയെന്നോണം കിട്ടുന്ന കത്തുകളും സന്ദേശങ്ങളും ഫോൺകാളുകളും സൂചിപ്പിക്കുന്നു. കവിതകൾ കൂടുതൽ കൂടുതൽ കാവ്യാസ്വാദകരിലേയ്ക്കും ഭാഷാസ്നേഹികളിലേയ്ക്കും എത്തണമെന്നാണ് ആഗ്രഹവും. അവനവനാത്മസുഖത്തിനാചരിക്കുന്നവ എന്നാണു കാവ്യം സുഗേയത്തിന്റെ പഞ്ച് ലൈൻ പത്ത് വര്ഷത്തിനു ശേഷം ഇപ്പോൾ അപരന് സുഖത്തിനായി വരേണ്ടവ എന്നതിനാവണം പ്രാമുഖ്യം എന്ന് തോന്നുന്ന രീതിയിൽ ഈ ഭ്രാന്തു മാറിയിട്ടുണ്ട് എന്നതാണ് സത്യം. കവിതകൾ നിർദ്ദേശിച്ചും അയച്ചുതന്നും ബ്ലോഗിന്റെ പ്രവർത്തനത്തിൽ സഹകരിക്കുന്ന സുഹൃത്തുക്കൾ ഉണ്ട് . അവരിൽ തന്നെ അടുത്ത സുഹൃത്തുക്കൾ പലരും ,എന്റെ എഴുത്ത് ഇഷ്ടപ്പെടുന്ന എന്നെ സ്നേഹിക്കുന്ന പല സുഹൃത്തുക്കളും എഴുതേണ്ട സമയത്തു എഴുതാതെ കവിത ചൊല്ലി (അതും ആരുടെയെങ്കിലും)നടക്കുന്നു എന്ന് സ്നേഹപൂർവ്വം ശാസിക്കാറുമുണ്ട്. ആ സ്നേഹവും കരുതലും മനസ്സിലാവുന്നുവെങ്കിലും മനസ്സിലാവാത്തമട്ടിലാണ് ഇത് മുന്നോട്ടുപോവുന്നതു. പലപ്പോഴും ചൊല്ലുന്ന കവിതയുടെ ആസ്വാദനക്കുറിപ്പു എഴുതാനുള്ള സമയം പോലും എടുക്കാതെ , കവിത ആവർത്തിച്ചു ചൊല്ലിയുറപ്പിച്ചു എല്ലാ സാങ്കേതികതയും സ്വയം നിർവഹിച്ചു പോസ്റ്റ് ചെയ്യുന്നതിനിടയിൽ മണിക്കൂറുകളും ദിവസങ്ങളും കടന്നുപോകാറുണ്ട് . കുടുംബത്തിനുള്ളതുകൂടിയും .പോവുന്നിടത്തോളം പോവട്ടെ അല്ലെ.......
അപ്പോൾ ഞാൻ നേരത്തെ കാര്യമായിപ്പറഞ്ഞ കാര്യങ്ങൾ വിമർശനങ്ങൾ, unlike എന്നിവയെക്കുറിച്ചും പറഞ്ഞത് ഒന്ന് മനസ്സിൽ അടിവരയിട്ടു വെയ്ക്കുമല്ലോ. ഒപ്പം പുതിയ നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.
നന്ദി