അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...

Friday, March 20, 2020

പുതിയ കൊല്ലനും പുതിയൊരാലയും-പുതുശ്ശേരി രാമചന്ദ്രൻ'കോട്ടയം സാഹിത്യ പരിഷത്തിൽ 'പുതിയ കൊല്ലനും പുതിയൊരാലയും' എന്ന കവിത വായിച്ച് സഹൃദയ ലോകത്തിൻറെ അഭിനന്ദനം നേടിയ രാമചന്ദ്രൻ വിപ്ലവ കവിതയുടെ പുതുച്ചേരിയിൽ മുന്നണി നേതാവായി വളരുമെന്ന പ്രതീതി ഉളവാക്കി . പഴയ അലങ്കാര കല്പനകളെ അപഗ്രഥിക്കുന്ന ശൈലിയിൽ വ്യാഖ്യാനിച്ചാൽ നിരക്കാത്ത സാമ്യകൽപ്പനകൾ ഉണ്ടെങ്കിലും ആ കവിത ആവിഷ്കരിച്ച സമഗ്രഅനുഭൂതി ഊഷ്മളവും ഊർജ്ജസ്വലമായ വിപ്ലവാവേശമായിരുന്നു 'ഇന്നലെ'യുടെ തടവറയിൽ കിടക്കുന്ന ജനചേതനയും ഭാവനയുമാണ് കൂട്ടിലിട്ട കിളിയായി അധ്യവസായം ചെയ്യപ്പെട്ടിരിക്കുന്നത്. പഴയ സങ്കൽപങ്ങൾ ,സ്വപ്നങ്ങൾ, ആദർശങ്ങൾ - എല്ലാം ആത്മാവിനെ ഞെരുക്കുന്ന കൂടുകൾ തന്നെ. ആ കാഞ്ചനക്കൂടഴികൾ കരണ്ടു മുറിച്ചു പുറത്തു കടന്നാലേ മോചനമുള്ളൂ, ഇത്രത്തോളമേ കിളിയോട് സാദൃശ്യപ്പെടുത്തേണ്ടൂ വടി വെട്ടുകയും വല കെട്ടുകയും ചെയ്യുന്ന വനവേടന്മാർ , കണ്ണിൽ തീപ്പന്തം ഉള്ള കഴുകുകൾ ,പോട്ടിൽ പത്തി നിവർത്തിയ പാമ്പുകൾ മുതലായവ വിപ്ലവാത്മകമായ അന്തിമുക്തിയിയെ തടയുന്ന ശക്തികൾക്കു പ്രതീകങ്ങൾ . എല്ലാ പ്രതിബന്ധങ്ങളേയും തോൽപ്പിച്ച് മുന്നേറുന്ന പുതിയ ജീവിതത്ത അധ്വാനിക്കുന്ന ബഹുസഹസ്രത്തിന് ആവേശം പകരുന്ന ചൈതന്യമായിത്തീരുമെന്നും തീരണമെന്നുമാണ് കവിതയുടെ ധ്വനി. കറലാകുന്ന കാർപ്പാസത്തെ (പരുത്തി) താമരനൂലാക്കി മാറ്റുന്നതുകൊണ്ട് പുതിയ ലോകത്തെമുന്നോട്ട് വലിക്കാനാവി ല്ലെങ്കിൽ അതിനെ ഇരുമ്പുകമ്പികളാക്കി വാർത്തെടുക്കണം. പഴയ ജ്വലത്തായ പൈതൃകത്തെ നിർമാർജനം ചെയ്തുകൂടാ. എന്നാൽ 'സമസ്താ: സുഖിനോ ഭവന്തു' എന്ന ശുഭാശംസയുടെ തണുത്ത സ്വപ്നങ്ങൾ പോരാ ,പുതിയ കർമോത്സാഹത്തിന്റെ ശക്തികൾ വേണം എന്നാണ് സൂചന. 'അതാണ് പുതിയ കൊല്ലനും പുതിയൊരല യും എന്ന വിഭാവനത്തിന്റെ വ്യംഗ്യം . ' (ഡോ : എം ലീലാവതി -മലയാളകവിതാ സാഹിത്യ ചരിത്രം(തുടുവെള്ളാമ്പൽപ്പൊയ്കയും ജീവിതക്കടലും, പുതുശ്ശേരി രാമചന്ദ്രൻ,) കേരളസാഹിത്യഅക്കാദമി) 

പുതുശ്ശേരി രാമചന്ദ്രൻ (23/ 09/ 1928-14 03/ 2020 )
കവി ,ഭാഷാഗവേഷകൻ, അദ്ധ്യാപകൻ . മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ ഇദ്ദേഹം സ്വാതന്ത്ര്യ സമരകാലം മുതൽ രചനകളിലൂടെ അതിനു ദിശാബോധം നൽകി. മാവേലിക്കര താലൂക്കിൽ വള്ളികുന്നം പകുതിയിൽ 1928 സെപ്റ്റംബർ 23-ന് (1104 കന്നി 8) ജനനം. അച്ഛൻ പോക്കാട്ടു ദാമോദരൻ പിള്ള. അമ്മ പുതുശ്ശേരിൽ ജാനകി അമ്മ. വള്ളികുന്നം എസ്.എൻ.ഡി.പി. സംസ്കൃത ഹൈസ്കൂൾ , ഇംഗ്ലീഷ് ഹൈസ്കൂൾ ,കൊല്ലം എസ്.എൻ. കോളേജ് , യുനിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങണലിൽ പഠനം., തിരുവിതാംകൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ മലയാളം എം.എ. 'കണ്ണശ്ശരാമായണഭാഷ' യിൽ ഗവേഷണം. 1942 ആഗസ്റ്റ് 9നു ക്വിറ്റിന്ത്യ സമരത്തിലൂടെ രാഷ്ട്രീയപ്രവേശം. തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ് ആക്ഷൻ കമ്മിറ്റി അംഗം. മാവേലിക്കര താലൂക്ക് പ്രസിഡണ്ട്(1946-48). സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനു 1947 ജൂൺ 1 മുതൽ സെപ്റ്റംബർ വരെ സ്കൂളിൽ നിന്നു പുറത്താക്കി. അതേ സ്ക്കൂളിൽ 1947 ആഗസ്റ്റ് പതിനഞ്ചിന് പതാക ഉയർത്തി.1948ൽ സെപ്റ്റംബറിൽ വിദ്യാർത്ഥി കോൺഗ്രസ്സിൽ നിന്നും രാജി.വിദ്യാർത്ഥി ഫെഡറേഷനിലും കമ്മ്യൂണിസ്റ്റു പാർട്ടിയിലും അംഗം. 1950 ഡിസംബറിൽ എസ്.എൻ .കോളേജിലെ സമരത്തിൽ മുൻപന്തിയിൽ, അറസ്റ്റ് , ജയിൽ മർദ്ദനം, തടവു ശിക്ഷ. 1953-54-ൽ ശൂരനാട്ടു സംഭവത്തിനു ശേഷം നിരോധിക്കപ്പെട്ട കമ്മൂണിസ്റ്റു പാർടിയുടെ വള്ളികുന്നം-ശൂരനാട് സെക്രട്ടറി. യൂനിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥി ഫെഡറേഷനിൽ നേതൃത്വം വർക്കല എസ്.എൻ ‍.കോളേജിൽ പ്രൊഫസർ, ഇന്ത്യൻ ഭാഷാവിഭാഗം മേധാവി . കേരള സർവ്വകലാശാല മലയാളവിഭാഗത്തിൽ റീഡർ. ഇന്റർനാഷനൽ സെന്റർ ഫോർ കേരള സ്റ്റഡീസ് ഡയറക്റ്റർ. ഒന്നാം ലോകമലയാള സമ്മേളനത്തിന്റെ പ്രധാന ശില്പിയും സംഘാടകനും ആയിരുന്നു അദ്ദേഹം . . 
കൃതികൾ 
കവിത :-
ഗ്രാമീണ ഗായകൻ ,ആവുന്നത്ര ഉച്ചത്തിൽ, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടിൽ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകൾ ,പുതുശ്ശേരിക്കവിതകൾ,

വ്യാഖ്യാനങ്ങളും സംശോഷിത സംസ്ക്കരണങ്ങളും :-
കണ്ണശ്ശരാമായണം (ബാല, യുദ്ധ, സുന്ദര, കിഷ്ക്കിന്ധാ കാണ്ഡങ്ങൾ), പ്രാചീന മലയാളം (75ലിഖിതങ്ങൾ),കേരള പാണിനീയം -1985 ,കേരള പാണിനീയ വിമർശം-1986, കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ 

പുരസ്കാരങ്ങൾ 
 മഹാകവി മൂലൂർ അവാർഡ് (1998), മഹാകവി പി അവാർഡ് (1998), കേരള സാഹിത്യ അക്കാദമി അവാർഡ് (1999) ,മഹാകവി ഉള്ളൂർ അവാർഡ് (2000) ,കണ്ണശ്ശ സ്മാരക അവാർഡ് (2003) ,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2005), അബുദാബി ശക്തി അവാർഡ് (2006) ,എൻ .വി. കൃഷ്ണവാര്യർ അവാർഡ് (2008) ,കുമാരനാശാൻ അവാർഡ് (2008) ,വള്ളത്തോൾ പുരസ്കാരം (2008), കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (2009) കേന്ദ്രസാഹിത്യ അക്കാദമിയുടെ 'ഭാഷാസമ്മാൻ' (2014), എഴുത്തച്ഛൻ പുരസ്കാരം (2015)] 

 2020 മാർച്ച് 14 ന് ഡോ.പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു. 

 അവലംബം-വിക്കിപീഡിയ ഡോ : എം ലീലാവതി -മലയാളകവിതാ സാഹിത്യ ചരിത്രം(തുടുവെള്ളാമ്പൽപ്പൊയ്കയും ജീവിതക്കടലും, പുതുശ്ശേരി രാമചന്ദ്രൻ,) കേരളസാഹിത്യഅക്കാദമി കവിതയുടെ നൂറ്റാണ്ട് വാല്യം 1 -സാഹിത്യപ്രവർത്തകസഹകരണസംഘം

Wednesday, March 18, 2020

ദൂരദർശൻ 'സുദിനം' 18/03/2020


https://youtu.be/0rL8tCpBquc