അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Saturday, November 16, 2013

തിരുനല്ലൂര്‍ കരുണാകരന്‍ -ഒരു തത്തയുടെ കഥ


മലയാളകവിതയുടെ ചരിത്രവഴികള്‍ V ഉണ്ണിയച്ചീചരിതം -തേവൻ ചിരികുമാരൻ



  പ്രാചീന മണിപ്രവാള ചമ്പുക്കളിൽ ഏറ്റവും പ്രാചീനമെന്നും  മലയാളഭാഷയിലെ ആദ്യ ചമ്പൂകാവ്യം എന്നും കരുതപ്പെടുന്ന  കൃതിയാണ് ഉണ്ണിയച്ചീചരിതം.. ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം എന്നിവയാണ്‌ മറ്റു പ്രാചീന ചമ്പുക്കൾ. തിരുനെല്ലിക്കു സമീപമുള്ള തിരുമരുതൂർ ക്ഷേത്രത്തിലെ നർത്തകിയായ ഉണ്ണിയച്ചിയാണ്‌ ഉണ്ണിയച്ചീചരിതത്തിലെ നായിക. മണിപ്രവാളത്തിലെഴുതപ്പെട്ട  കൃതിയാണിത്. ഭാഷ, സാഹിത്യം, സാമൂഹികം, ദേശചരിത്രം എന്നിങ്ങനെയുള്ള വിവിധതലങ്ങളിൽ ഈ കൃതിക്ക് സ്ഥാനമുണ്ട്. ഇത് എഴുതപ്പെട്ട കാലത്തെ സാമൂഹികചരിത്രത്തെ നന്നായി പ്രതിഫലിപ്പിക്കുന്ന കൃതിയാണ്‌.

തേവർ ചിരികുമാരൻ  ആണ്‌ ഉണ്ണിയച്ചീചരിതത്തിന്റെ രചയിതാവെന്ന് ഗ്രന്ഥത്തിൽ സൂചിപ്പിച്ചിരിക്കുന്നു. ഈ ഗ്രന്ഥം ഓലയിൽ പകർത്തിയെഴുതിയത് രാമൻ ചിരികുമാരനാണെന്ന് കാവ്യത്തിൽ പരാമര്‍ശിയ്ക്കുന്നു.

 ഈ കൃതിയില്‍  തന്നെയുള്ള പരാമര്‍ശങ്ങള്‍ വെച്ച് എ ഡി  1346 നു മുന്പായിരിയ്ക്കണം ഉണ്ണിയച്ചീചരിതം എഴുതപ്പെട്ടതു എന്ന് ഉള്ളൂര്‍ അനുമാനിയ്കുന്നു  .സേലത്ത് അതിയമാനല്ലൂരിൽനിന്ന് കോലത്തുനാട്ടിലും അവിടെനിന്ന് പുറക്കിഴാനാട്ടിലെ തിരുമരുതൂരിലും (വടക്കൻ കോട്ടയത്ത്) എത്തിച്ചേർന്ന നങ്ങയ്യയുടെ പുത്രി അച്ചിയാരുടെ രണ്ടു പെണ്മക്കളിൽ അനുജത്തിയായസുന്ദരിയായ ഉണ്ണിയച്ചിയില്‍ ഒരു ഗന്ധർവന്‌ ഉളവാകുന്ന അനുരാഗമാണ്‌ ഉണ്ണിയച്ചീചരിതത്തിലെ പ്രമേയം.

 അവലംബം :  കാവ്യരത്നാകരം(ശൂരനാട്ട് കുഞ്ഞന്‍ പിള്ള,സാഹിത്യ അക്കാദമി)
ഈ ലിങ്കുകള്‍ കാണുക
ഉണ്ണിയച്ചീചരിതം വിക്കിപീടിയ
പ്രാദേശികത ഉണ്ണിയച്ചീചരിതത്തില്‍ ശ്രീജിത്ത്‌,ജി

Thursday, November 14, 2013

മലയാളകവിതയുടെ ചരിത്രവഴികള്‍ IV ഉണ്ണിച്ചിരുതേവീചരിതം

ഉണ്ണിച്ചിരുതേവീചരിതം
(അജ്ഞാതകര്‍ത്തൃകം)

സംസ്കൃതഭാഷയിലെ ചമ്പുക്കളെ അനുകരിച്ചാണ് മലയാളഭാഷയിൽ ചമ്പുക്കൾ ഉണ്ടായത്. മണിപ്രവാളഭാഷയിൽ എഴുതപ്പെട്ടതിനാൽ ഇവ മണിപ്രവാളചമ്പുക്കൾ എന്നറിയപ്പെടുന്നു. ഗദ്യപദ്യമയമായ കാവ്യങ്ങളാണ്‌ ചമ്പുക്കൾ. ചമ്പൂകാവ്യങ്ങൾ വർണനാപ്രധാനങ്ങളാണ്‌. മണിപ്രവാളചമ്പുക്കളുടേയും ലക്ഷ്യം വർണനയായിരുന്നു. ചമ്പുക്കളുടെ അതിപ്രസരംതന്നെ മദ്ധ്യകാല മലയാളസാഹിത്യത്തിലുണ്ട് ‍‌. പ്രാചീന മണിപ്രവാളചമ്പുക്കളിൽ ഒന്നാണ്‌ ഉണ്ണിച്ചിരുതേവീചരിതം. ഉണ്ണിയച്ചീ ചരിതം  ഉണ്ണിയാടീചരിതം എന്നിവയെപ്പോലെ തന്നെ  സ്വതന്ത്രകല്പനകള്‍ ആയി രചിയ്ക്കപ്പെട്ടിട്ടുള്ള കൃതിയാണ് ഉണ്ണിച്ചിരുതേവീചരിതവും .രായരമ്പിള്ള എന്ന നർത്തകിയുടെ പുത്രിയായ ഉണിച്ചിരുതേവിയാണ്‌ ഇതിലെ നായിക. ഉണ്ണിച്ചിരുതേവിയിൽ അനുരക്തനായി ദേവേന്ദ്രൻ ഭൂമിയിൽ വരുന്നതും കാഴ്ച്ചകൾ കണ്ട് അവളുടെ ഗൃഹത്തിലെത്തുന്നതുമാണ് പ്രതിപാദ്യം.
ബ്രാഹ്മണഗ്രാമങ്ങളിൽ ‘നായകമണി’യായ ചോകിരം ഗ്രാമത്തിൽ (ഇന്നത്തെ ശുകപുരം) ആതവർമ്മ സ്ഥാപിച്ച ക്ഷേത്രത്തിന്റെ പുരാവൃത്തത്തെയും അവിടെ പ്രതിഷ്ഠിച്ച അർദ്ധനാരീശ്വരനായ തെങ്കൈലനാഥനെയും സ്തുതിച്ചുകൊണ്ടാണ്‌ കാവ്യം ആരംഭിക്കുന്നത്. . ആര്യാവൃത്തത്തിൽ എഴുതിയ ഒരു ശ്ലോകമൊഴികെ ദണ്ഡകപ്രായമായ ഗദ്യങ്ങൾ മാത്രമാണ് കാവ്യത്തിനകത്തുള്ളത്. 30 ചമ്പൂഗദ്യങ്ങൾ ഉണ്ട്.

 ചോകിരം ഗ്രാമത്തില്‍  സ്ഥിതി ചെയ്യുന്ന പൊയിലം എന്ന സ്ഥലത്തിന്റെ വർണ്ണനയാണ് പിന്നീട്.  
പുതുമലർക്കാവിൽവന്നെഴുമിളംകൊടികളും
കൊടികൾപൂവിതളിൽനിന്റുതിരുമപ്പൊടികളും
ചുഴലവും കമുകിനൈത്തഴുകുമക്കൊടികളും
കൊടി നനൈപ്പാൻ വരും മൃദുനടുക്കൊടികളും
മഹിതകര്‍മ്മങ്ങളില്‍ പരിഗളന്മടികളും
തുംഗമേധാപതത് കുതിരതന്നടികളും
വനമുഖേ ചകിത മാന്‍ ഝടിതി പാഞ്ഞൊടികളും
നദികളില്‍ കലിവിധൌ കൃതവധൂതുടികളും
നളിനിയില്‍കളിചെയ്യും കളഭമും പിടികളും
വിഫലസൂകരമഹാ മുരിടകൈത്തടികളും
വിടരിൽ നന്മുടികളും പെരുക നല്ലടികളും
നടികളും കുടികൊളും പൊയിലമെന്റുണ്ടു
തത്രൈവ ഭാഗേ.

പൊയിലം ഗ്രാമത്തിന്റെ വർണ്ണന മുതൽ ഉണ്ണിച്ചിരുതേവീചരിതത്തിൽ പ്രകൃതിയും കാർഷികസംസ്കൃതിയും നിറഞ്ഞുനിൽക്കുന്നു . കമുകുകളെയും അതിൽ ചുറ്റിവളരുന്ന വെറ്റിലക്കൊടികളെയും വർണ്ണിച്ചിരിക്കുന്നു. പൂവാടികളാൽ നിറഞ്ഞതാണ് പൊയിലം. പൊയിലം എന്ന വാക്കുതന്നെ പൊയിൽ (= ഉദ്യാനം) എന്ന വാക്കിൽനിന്നുണ്ടായതാണ്. കൈതകൾ പൂത്തുനിൽക്കുന്ന തോടരികിലെ  തോട്ടം വെറ്റിലക്കൊടി നിറഞ്ഞതാണ്. വയലുകളെയും അതിൽ വിരിഞ്ഞുനിൽക്കുന്ന കുടത്താമരപ്പൂക്കളും വർണ്ണിച്ചിരിക്കുന്നു. ചെമ്പകവും കരിമ്പും തെങ്ങും കരിമ്പനകളും പിലാവും മാവും നെല്ലു തഴച്ച വയലുകളും ഇവിടെയുണ്ട്
.മണിപ്രവാളസാഹിത്യത്തിൽ വർണ്ണിക്കുന്ന കൂത്തസ്ത്രീകൾ ദേവദാസികളല്ല, കൂത്തമ്പലങ്ങളിൽ കൂത്തുനടത്തുന്ന അമ്പലവാസിസ്ത്രീകളാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്;.. മണിപ്രവാളസാഹിത്യത്തിൽ കൂത്തിനുള്ള സ്ഥാനം ഉണ്ണിച്ചിരുതേവീചരിതത്തിലും പ്രകടമാണ്. ‘നടവിടകവിവരകേളീനില’യമാണ് ചോകിരം ഗ്രാമം. ‘വിടരിൽ നന്മുടികളും പെരുകു നല്ലടികളും നടികളും’ കുടികൊള്ളുന്നതാണ് അവിടത്തെ പൊയിലം

വർണ്ണനകളാണ് മറ്റു ചമ്പുക്കളെപ്പോലെ ഉണ്ണിച്ചിരുതേവീചരിതത്തിലെയും കാമ്പ്. ശബ്ദാലങ്കാരങ്ങളിലും കവി പിറകിലല്ല. ഉണ്ണിച്ചിരുതേവിയുടെ വർണ്ണന ഇങ്ങനെ ..
“ ചെന്താമരമലർ ചേവടിയെന്റാൽ
ചെന്തളിരെന്നൈ വെടിഞ്ഞിടുമല്ലോ.
പുറവടി നളിനപ്പുറവിതളെന്റാൽ
പുനരാമൈക്കു മുകം പിഴയാതോ?
കേതകിമൊട്ടു കണൈക്കാലെന്റാൽ
കേകിഗളങ്ങൾ പലാതികൾ കേഴും.'

കാവ്യഗുണം കൊണ്ട് മറ്റു രണ്ടു അച്ചീചരിതങ്ങളിലും മുന്നിട്ടുനില്‍ക്കുന്നുണ്ട് ഈ കൃതി എന്നാണു പണ്ഡിതമതം . കിളിപ്പാട്ട്, അമ്മാനപ്പാട്ട്, സന്ദേശപ്പാട്ട്, കുയിൽവൃത്തം, ഗാഥ തുടങ്ങിയ കാവ്യരൂപങ്ങളെക്കുറിച്ചുള്ള സൂചന ഉണ്ണിച്ചിരുതേവീചരിതത്തിലുണ്ട്. ലീലാതിലകത്തിൽ ഉദ്ധരിച്ച ‘സംസ്കൃതമാകിന ചെങ്ങഴിനീരും നറ്റമിഴാകിന പിച്ചകമലരും’ എന്ന മണിപ്രവാളത്തെക്കുറിച്ചുള്ള ആശയം ഉൾക്കൊള്ളുന്ന ഭാഗവും ഉണ്ണിച്ചിരുതേവീചരിതത്തിൽ കാണാം.

അവലംബം : 1.വിക്കിപീഡിയ
2.കാവ്യരത്നാകരം(ശൂരനാട്ട് കുഞ്ഞന്‍ പിള്ള,സാഹിത്യ അക്കാദമി)
3.മധ്യകാലമലയാളകവിത(ഡോ:അയ്യപ്പപ്പണിയ്ക്കര്‍,നാഷണല്‍ ബുക്ക്‌ ട്രസ്റ്റ്‌ )

Tuesday, November 12, 2013

സൗഹൃദം -ഡി വിനയചന്ദ്രന്‍

കണ്ണന്റെ അമ്മ- സുഗതകുമാരി

എം.ആർ. ഭട്ടതിരിപ്പാട്-വളപ്പൊട്ടുകള്‍


എം.ആർ. ഭട്ടതിരിപ്പാട് (1909-2001)

1909 ല്‍  മലപ്പുറം ജില്ലയിലെ  പഴയ പൊന്നാനി താലൂക്കിലെ വന്നേരിമുല്ലമംഗലത്ത്  ജനിച്ചു, സാഹിത്യകാരനും കവിയും എന്നതിലുപരി സാമൂഹ്യ പരിഷ്കര്‍ത്താവ്‌ എന്ന നിലയിലാണ് എം ആര്‍ രാമന്‍ ഭട്ടതിരിപ്പാട് അറിയപ്പെടുന്നത് .അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനും ആയിരുന്നു അദ്ദേഹം .ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ കേരള സമൂഹത്തില്‍ നിലനിന്നിരുന്ന
സാമൂഹിക ഉച്ചനീചത്വങ്ങളും അയിത്തവും ജാതിചിന്തയും  സവര്‍ണ്ണ അവര്‍ണ്ണ സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും ചേരിതിരിവും ഇല്ലാതാക്കാനായി ശ്രമിച്ച  സാമൂഹിക പരിഷ്കര്‍ത്താക്കളുടെ കൂട്ടത്തില്‍  അക്കാലത്ത് വി.ടി യോടൊപ്പം നിന്ന പുരോഗമനേച്ഛക്കളായ നമ്പൂതിരി സമുദായാംഗങ്ങളില്‍  പ്രമുഖനായിരുന്നു അദ്ദേഹം.
പുരോഗമനവാദികളായ നമ്പൂതിരി യുവാക്കള്‍ വിധവാ വിവാഹം പ്രോത്സാഹിപ്പിക്കാന്‍ ഇറങ്ങിയപ്പോള്‍ അന്നാദ്യം മുന്നോട്ടുവന്നത് ചെറുപ്പക്കാരനായ എം.ആര്‍.ഭട്ടതിരിപ്പാടായിരുന്നു. പ്രമുഖ നടനും കവിയുമായ  പ്രേംജി ഇദ്ദേഹത്തിന്‍റെ സഹോദരനായിരുന്നു.
നാടകം, കവിത, ഉപന്യാസം എന്നീ രംഗങ്ങളിൽ തന്റേതായ സംഭാവന നൽകിയിട്ടുണ്ട്. 2001ൽ അന്തരിച്ചു..
പ്രധാന കൃതികൾ
    മറക്കുടയ്ക്കുള്ളിലെ മഹാനരകം,    വാൽക്കണ്ണാടി,    മുഖച്ഛായ,    മുളപൊട്ടിയ വിത്തുകൾ,
    സുവർണഛായകൾ,   വളപ്പൊട്ടുകൾ,    താമരയിതളുകൾ