അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Showing posts with label അച്ചീചരിതം. Show all posts
Showing posts with label അച്ചീചരിതം. Show all posts

Monday, November 18, 2013

മലയാളകവിതയുടെ ചരിത്രവഴികള്‍ VI ഉണ്ണിയാടീചരിതം -ദാമോദരച്ചാക്യാർ



പതിനാലാം ശതകത്തിന്റെ അവസാനം ഉണ്ടായ മറ്റൊരു മണിപ്രവാള കൃതിയാണ് ഉണ്ണിയാടീചരിതം  .  .ലഭ്യമായിട്ടുള്ള ഗ്രന്ഥം അപൂർണമാണ് ദാമോദരച്ചാക്യാർ ആണ് ഇതിന്റെ രചയിതാവ് എന്നു കാണുന്നു കോട്ടയത്തിനടുത്തുള്ള മാങ്ങാനത്ത് ചാക്യാര്‍ കുടുംബത്തില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. പതിന്നാലാം ശതകത്തിന്റെ അവസാനം കായംകുളം രാജ്യം ഭരിച്ചിരുന്ന കേരളവര്‍മയുടെ ആശ്രിതനും പണ്ഡിതനുമായിരുന്നു ഇദ്ദേഹം. ഉണ്ണിയാടീചരിതം, സംസ്കൃതകാവ്യമായ ശിവവിലാസം എന്നിവയാണ് ചാക്യാരുടെ പ്രമുഖ കൃതികള്‍
പ്രാചീന മണിപ്രവാളത്തിന്റെ സാരള്യത്തിനും മാധുര്യത്തിനും നിദര്‍ശനമാണ് ഉണ്ണിയാടീചരിതം.
. ഓടനാടു വാണിരുന്ന ഇരവികേരളവർമ്മന് ചെറുകര കുട്ടത്തി എന്ന നർത്തകിയിൽ ജനിച്ച പുത്രിയാണ് ഉണ്ണിയാടി. ചന്ദ്രപത്നിയായ രോഹിണി ഭര്‍തൃകാമുകിയായ പ്രാവൃട്ട് എന്ന ഗന്ധര്‍വ യുവതിയെ ശപിച്ചതിന്റെ ഫലമായി അവള്‍ ഉണ്ണിയാടി എന്ന പേരില്‍ കണ്ടിയൂര്‍ മറ്റത്ത് ജനിച്ചു. അവളുടെ പാട്ടിന്റെ മാധുര്യത്തെപ്പറ്റി കേട്ടറിഞ്ഞ ചന്ദ്രന്‍ അഞ്ചുദിവസത്തെ അന്വേഷണത്തിനുശേഷം കണ്ടിയൂര്‍ മറ്റത്ത് എത്തിച്ചേര്‍ന്നു. അവിടെ ക്ഷേത്രമുറ്റത്ത് കണ്ട ദാമോദരച്ചാക്യാരില്‍നിന്ന് 'ലോക ലോചന ചകോരചന്ദ്രിക'യായ ഉണ്ണിയാടിയെയും കുടുംബത്തെയും പറ്റി വര്‍ണിച്ചുകേട്ടു. ഗന്ധര്‍വന്മാരോടുകൂടി ഉണ്ണിയാടിയുടെ ഗൃഹത്തിലെത്തിയ ചന്ദ്രന്‍ ആ ഗൃഹത്തിന്റെ ഓരോ ഭാഗത്തും പാടു കിടക്കുന്ന ആഢ്യന്മാരായ നമ്പൂതിരിമാര്‍, വിടന്മാരായ പ്രഭുക്കന്മാര്‍, വര്‍ത്തകപ്രമാണികള്‍, മണിപ്രവാള കവികള്‍, ചെട്ടിമാര്‍ എന്നിവരെയാണു കണ്ടത്.
.രചനാസൗഷ്ഠവത്തിൽ മികച്ചുനിൽക്കുന്ന കാവ്യമാണിത് . ഗദ്യഭാഗങ്ങളും ശ്ലോകങ്ങളും ഇടകലർത്തിയിരിക്കുന്നുവെങ്കിലും   പലേടത്തും ഗദ്യമാണ് കൂടുതൽ. പിൽക്കാല മലയാള കവിതയിൽ പ്രചാരം നേടിയ വൃത്തങ്ങളുടെ ഛായയുള്ള താളാത്മകഗദ്യവും ഇടയ്ക്കു കാണുന്ന ദണ്ഡകവും ഈ കൃതിയെ ആകർഷകമാക്കുന്നു.

പ്രാവൃട്ടിന്റെ സൗന്ദര്യം വര്‍ണിക്കുന്നത് 'അടിതൊടു മിനിയ കുഴല്‍ കുടിലത തടവു കുരുള്‍
തൊടുകുറികലിതനുതല്‍, നടമിടു പുരികനടി
ചടുലതയുടയ മിഴി, വടിവെഴുമധരരുചി,
ചുടരണി മറുവല്‍ നെറി, പടുതര മധുരമൊഴി'
എന്നാണ്.  ശബ്ദഭംഗി ദാമോദരച്ചാക്യാരുടെ ഭാഷയുടെ പ്രത്യേകതയാണ്. ഫലിതവും പരിഹാസവും കൃതിയിലുടനീളം കാണാം.  കൊല്ലം, കോഴിക്കോട്, മാടായി തുടങ്ങിയ സ്ഥലങ്ങളിലെ കച്ചവടസ്ഥലങ്ങളെപ്പറ്റിയും അവിടെ പ്രചാരത്തിലിരുന്ന കാശ്, പൊന്ന്, തിരമം, അച്ച്, ചോഴിയക്കാശ്, വെള്ളിപ്പണം തുടങ്ങിയ നാണയങ്ങളെക്കുറിച്ചും ഈ കൃതിയില്‍നിന്ന് അറിയാന്‍ കഴിയും.
അവലംബം :
1. കാവ്യരത്നാകരം(ശൂരനാട്ട് കുഞ്ഞന്‍ പിള്ള,സാഹിത്യ അക്കാദമി)
2. ഉണ്ണിയാടീചരിതം (വിക്കിപീടിയ)
3.ദാമോദരച്ചാക്യാര്‍

Thursday, November 14, 2013

മലയാളകവിതയുടെ ചരിത്രവഴികള്‍ IV ഉണ്ണിച്ചിരുതേവീചരിതം

ഉണ്ണിച്ചിരുതേവീചരിതം
(അജ്ഞാതകര്‍ത്തൃകം)

സംസ്കൃതഭാഷയിലെ ചമ്പുക്കളെ അനുകരിച്ചാണ് മലയാളഭാഷയിൽ ചമ്പുക്കൾ ഉണ്ടായത്. മണിപ്രവാളഭാഷയിൽ എഴുതപ്പെട്ടതിനാൽ ഇവ മണിപ്രവാളചമ്പുക്കൾ എന്നറിയപ്പെടുന്നു. ഗദ്യപദ്യമയമായ കാവ്യങ്ങളാണ്‌ ചമ്പുക്കൾ. ചമ്പൂകാവ്യങ്ങൾ വർണനാപ്രധാനങ്ങളാണ്‌. മണിപ്രവാളചമ്പുക്കളുടേയും ലക്ഷ്യം വർണനയായിരുന്നു. ചമ്പുക്കളുടെ അതിപ്രസരംതന്നെ മദ്ധ്യകാല മലയാളസാഹിത്യത്തിലുണ്ട് ‍‌. പ്രാചീന മണിപ്രവാളചമ്പുക്കളിൽ ഒന്നാണ്‌ ഉണ്ണിച്ചിരുതേവീചരിതം. ഉണ്ണിയച്ചീ ചരിതം  ഉണ്ണിയാടീചരിതം എന്നിവയെപ്പോലെ തന്നെ  സ്വതന്ത്രകല്പനകള്‍ ആയി രചിയ്ക്കപ്പെട്ടിട്ടുള്ള കൃതിയാണ് ഉണ്ണിച്ചിരുതേവീചരിതവും .രായരമ്പിള്ള എന്ന നർത്തകിയുടെ പുത്രിയായ ഉണിച്ചിരുതേവിയാണ്‌ ഇതിലെ നായിക. ഉണ്ണിച്ചിരുതേവിയിൽ അനുരക്തനായി ദേവേന്ദ്രൻ ഭൂമിയിൽ വരുന്നതും കാഴ്ച്ചകൾ കണ്ട് അവളുടെ ഗൃഹത്തിലെത്തുന്നതുമാണ് പ്രതിപാദ്യം.
ബ്രാഹ്മണഗ്രാമങ്ങളിൽ ‘നായകമണി’യായ ചോകിരം ഗ്രാമത്തിൽ (ഇന്നത്തെ ശുകപുരം) ആതവർമ്മ സ്ഥാപിച്ച ക്ഷേത്രത്തിന്റെ പുരാവൃത്തത്തെയും അവിടെ പ്രതിഷ്ഠിച്ച അർദ്ധനാരീശ്വരനായ തെങ്കൈലനാഥനെയും സ്തുതിച്ചുകൊണ്ടാണ്‌ കാവ്യം ആരംഭിക്കുന്നത്. . ആര്യാവൃത്തത്തിൽ എഴുതിയ ഒരു ശ്ലോകമൊഴികെ ദണ്ഡകപ്രായമായ ഗദ്യങ്ങൾ മാത്രമാണ് കാവ്യത്തിനകത്തുള്ളത്. 30 ചമ്പൂഗദ്യങ്ങൾ ഉണ്ട്.

 ചോകിരം ഗ്രാമത്തില്‍  സ്ഥിതി ചെയ്യുന്ന പൊയിലം എന്ന സ്ഥലത്തിന്റെ വർണ്ണനയാണ് പിന്നീട്.  
പുതുമലർക്കാവിൽവന്നെഴുമിളംകൊടികളും
കൊടികൾപൂവിതളിൽനിന്റുതിരുമപ്പൊടികളും
ചുഴലവും കമുകിനൈത്തഴുകുമക്കൊടികളും
കൊടി നനൈപ്പാൻ വരും മൃദുനടുക്കൊടികളും
മഹിതകര്‍മ്മങ്ങളില്‍ പരിഗളന്മടികളും
തുംഗമേധാപതത് കുതിരതന്നടികളും
വനമുഖേ ചകിത മാന്‍ ഝടിതി പാഞ്ഞൊടികളും
നദികളില്‍ കലിവിധൌ കൃതവധൂതുടികളും
നളിനിയില്‍കളിചെയ്യും കളഭമും പിടികളും
വിഫലസൂകരമഹാ മുരിടകൈത്തടികളും
വിടരിൽ നന്മുടികളും പെരുക നല്ലടികളും
നടികളും കുടികൊളും പൊയിലമെന്റുണ്ടു
തത്രൈവ ഭാഗേ.

പൊയിലം ഗ്രാമത്തിന്റെ വർണ്ണന മുതൽ ഉണ്ണിച്ചിരുതേവീചരിതത്തിൽ പ്രകൃതിയും കാർഷികസംസ്കൃതിയും നിറഞ്ഞുനിൽക്കുന്നു . കമുകുകളെയും അതിൽ ചുറ്റിവളരുന്ന വെറ്റിലക്കൊടികളെയും വർണ്ണിച്ചിരിക്കുന്നു. പൂവാടികളാൽ നിറഞ്ഞതാണ് പൊയിലം. പൊയിലം എന്ന വാക്കുതന്നെ പൊയിൽ (= ഉദ്യാനം) എന്ന വാക്കിൽനിന്നുണ്ടായതാണ്. കൈതകൾ പൂത്തുനിൽക്കുന്ന തോടരികിലെ  തോട്ടം വെറ്റിലക്കൊടി നിറഞ്ഞതാണ്. വയലുകളെയും അതിൽ വിരിഞ്ഞുനിൽക്കുന്ന കുടത്താമരപ്പൂക്കളും വർണ്ണിച്ചിരിക്കുന്നു. ചെമ്പകവും കരിമ്പും തെങ്ങും കരിമ്പനകളും പിലാവും മാവും നെല്ലു തഴച്ച വയലുകളും ഇവിടെയുണ്ട്
.മണിപ്രവാളസാഹിത്യത്തിൽ വർണ്ണിക്കുന്ന കൂത്തസ്ത്രീകൾ ദേവദാസികളല്ല, കൂത്തമ്പലങ്ങളിൽ കൂത്തുനടത്തുന്ന അമ്പലവാസിസ്ത്രീകളാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്;.. മണിപ്രവാളസാഹിത്യത്തിൽ കൂത്തിനുള്ള സ്ഥാനം ഉണ്ണിച്ചിരുതേവീചരിതത്തിലും പ്രകടമാണ്. ‘നടവിടകവിവരകേളീനില’യമാണ് ചോകിരം ഗ്രാമം. ‘വിടരിൽ നന്മുടികളും പെരുകു നല്ലടികളും നടികളും’ കുടികൊള്ളുന്നതാണ് അവിടത്തെ പൊയിലം

വർണ്ണനകളാണ് മറ്റു ചമ്പുക്കളെപ്പോലെ ഉണ്ണിച്ചിരുതേവീചരിതത്തിലെയും കാമ്പ്. ശബ്ദാലങ്കാരങ്ങളിലും കവി പിറകിലല്ല. ഉണ്ണിച്ചിരുതേവിയുടെ വർണ്ണന ഇങ്ങനെ ..
“ ചെന്താമരമലർ ചേവടിയെന്റാൽ
ചെന്തളിരെന്നൈ വെടിഞ്ഞിടുമല്ലോ.
പുറവടി നളിനപ്പുറവിതളെന്റാൽ
പുനരാമൈക്കു മുകം പിഴയാതോ?
കേതകിമൊട്ടു കണൈക്കാലെന്റാൽ
കേകിഗളങ്ങൾ പലാതികൾ കേഴും.'

കാവ്യഗുണം കൊണ്ട് മറ്റു രണ്ടു അച്ചീചരിതങ്ങളിലും മുന്നിട്ടുനില്‍ക്കുന്നുണ്ട് ഈ കൃതി എന്നാണു പണ്ഡിതമതം . കിളിപ്പാട്ട്, അമ്മാനപ്പാട്ട്, സന്ദേശപ്പാട്ട്, കുയിൽവൃത്തം, ഗാഥ തുടങ്ങിയ കാവ്യരൂപങ്ങളെക്കുറിച്ചുള്ള സൂചന ഉണ്ണിച്ചിരുതേവീചരിതത്തിലുണ്ട്. ലീലാതിലകത്തിൽ ഉദ്ധരിച്ച ‘സംസ്കൃതമാകിന ചെങ്ങഴിനീരും നറ്റമിഴാകിന പിച്ചകമലരും’ എന്ന മണിപ്രവാളത്തെക്കുറിച്ചുള്ള ആശയം ഉൾക്കൊള്ളുന്ന ഭാഗവും ഉണ്ണിച്ചിരുതേവീചരിതത്തിൽ കാണാം.

അവലംബം : 1.വിക്കിപീഡിയ
2.കാവ്യരത്നാകരം(ശൂരനാട്ട് കുഞ്ഞന്‍ പിള്ള,സാഹിത്യ അക്കാദമി)
3.മധ്യകാലമലയാളകവിത(ഡോ:അയ്യപ്പപ്പണിയ്ക്കര്‍,നാഷണല്‍ ബുക്ക്‌ ട്രസ്റ്റ്‌ )