അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Wednesday, October 30, 2013

മലയാളകവിതയുടെ ചരിത്രവഴികള്‍ III ലീലാതിലകം



മണിപ്രവാളം

മലയാള സാഹിത്യ ചരിത്രത്തിലെ ഏറെ സമ്പന്നമായ കാലത്തെ പ്രതിനിധാനം ചെയ്യുന്നു മണിപ്രവാള സാഹിത്യം. ഭാഷ, കാവ്യപ്രമേയം, രചനാകൗശലം, കാവ്യ സൗന്ദര്യം എന്നീ ഘടകങ്ങളിൽ ഒരു പുതിയ വഴി വെട്ടിത്തുറന്ന പ്രസ്ഥാനമാണിത്.
ആര്യന്മാർ കേരളത്തില്‍ ആധിപത്യം നേടിയതിനുശേഷം പതിമൂന്നാം നൂറ്റാണ്ടിൽ പാട്ടിന് സമാന്തരമായിത്തന്നെ ആവിർഭവിച്ച കാവ്യരീതിയാണ് മണിപ്രവാളം.സംസ്കൃതവും മലയാളവും പരസ്പരം വേറിട്ടറിയാൻ കഴിയാത്ത വിധം കലർത്തിയുള്ള കാവ്യരചനാ സമ്പ്രദായമാണ് ഇത്. പതിനാലാം നൂറ്റാണ്ടിൽ സംസ്കൃതത്തിൽ രചിക്കപ്പെട്ട ലീലാ തിലകം എന്ന ഗ്രന്ഥമാണ് മണിപ്രവാളത്തിൻറെയും പാട്ടിൻറെയും ലക്ഷണങ്ങൾ നിർവചിച്ചിട്ടുള്ളത്.
ലീലാതിലകം
മണിപ്രവാള(മലയാള) ഭാഷയുടേയും സാഹിത്യത്തിന്റേയും പ്രഥമ ലക്ഷണഗ്രന്ഥമാണ് ലീലാതിലകം.രചയിതാവ് അജ്ഞാതനാണെങ്കിലും ലീലതിലകകാരൻ എന്ന പേരിൽ ഭാഷാ-സാഹിത്യ ചർച്ചകളിൽ പരാമർശിക്കപ്പെടുന്നു. സംസ്കൃത ഭാഷയിലാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. പതിനാലാം നൂറ്റാണ്ടിന്റെ ഒടുവിലാണ് ഗ്രന്ഥരചന എന്നു കരുതുന്നു [1]. ആറ്റൂർ കൃഷ്ണപ്പിഷാരോടി 1917 (കൊല്ലവർഷം 1092) ൽ ലീലാതിലകം പൂർണ്ണമായും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് മൂലത്തോടൊപ്പം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. 1955 ൽ ഈ പുസ്തകം ഇളംകുളം കുഞ്ഞൻപിള്ള വ്യാഖ്യാനസഹിതം മലയാളത്തിൽ പ്രസിദ്ധീകരിച്ചു. പാട്ട്, മണിപ്രവാളം, കേരളഭാഷ, നമ്പ്യാന്തമിഴ് എന്നിവയെപ്പറ്റിയുള്ള ആധികാരിക പരാമർശം കാണപ്പെടുന്ന ഗ്രന്ഥമാണിത്. മലയാള ഭാഷയുടെ സ്വതന്ത്രാസ്തിത്വത്തെപ്പറ്റിയുള്ള പ്രഥമ നിരീക്ഷണവും ലീലാതിലകകാരന്റേതാണ്.
  
എട്ടു ശില്പങ്ങളാണ് (അദ്ധ്യായങ്ങൾ) ഈ ഗ്രന്ഥത്തിനുള്ളത്.സൂത്രങ്ങളിലായി അവയുടെ വൃത്തികളോടു കൂടിയാണ് ഗ്രന്ഥം രൂപകല്പന ചെയ്തിട്ടുള്ളത്. ഇളംകുളത്തിന്റെ വിഭജനപ്രകാരം ഓരോ ശില്പത്തിലേയും ഉള്ളടക്കം താഴെക്കൊടുക്കും പ്രകാരമാണ്.
ഒന്നാം ശില്പം :ഒന്നാം ശില്പത്തിൽ ശില്പനിരൂപണം, മണിപ്രവാള ലക്ഷണം, കേരളരും ദ്രമിഡരും, നച്ചിനാർക്കിനിയാരുടെ മതം, തമിഴ് മലയാള രൂപങ്ങൾ, മണിപ്രവാളലക്ഷണം എന്നിങ്ങനെ ഏഴ് വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു.
രണ്ടാം ശില്പം:രണ്ടാം ശില്പത്തിൽ  ശില്പനിരൂപണം, ഭാഷാഭേദം, സംസ്കൃതീകൃത ഭാഷ, അധികാക്ഷരങ്ങൾ, സംസ്കൃതശബ്ദങ്ങൾ, വിഭക്തി, ലിംഗം, വചനം, ക്രിയ, പുരുഷപ്രത്യയം  എന്നിങ്ങനെ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു.
മൂന്നാം ശില്പം:മൂന്നാം ശില്പത്തിൽ ശില്പനിരൂപണം, സ്വരസന്ധി, സ്വരവ്യഞ്ജനസന്ധി, വ്യഞ്ജനസന്ധി,ചിലപ്രയോഗങ്ങൾ എന്ന് വിഭജിച്ചിരിക്കുന്നു.
നാലാം ശില്പം:നാലാം ശില്പം ദോഷവിചാരമാണ്. ശില്പനിരൂപണം,ഇരുപത് ദോഷങ്ങൾ, അപശബ്ദം, അവാചകം, കഷ്ടം, വ്യർത്ഥം, അനിഷ്ടം, ഗ്രാമ്യം, പുനരുക്തം, പരുഷം, വിസന്ധി, രീതിധുതം, ന്യൂനപദം, അസ്ഥാനപദം, ക്രമഭംഗം, വൃത്തഭംഗം, ദുർവൃത്തം, സാമാന്യം, ശുഷ്കാർഥം, അസംഗതം, വികാരാനുപ്രാസം, ദോഷങ്ങളുടെ ഗുണത്വം, രസദോഷങ്ങൾ, സ്ത്രീകൾക്ക് പേരിടൽ എന്നീ വിഷയങ്ങൾ ഈ ഭാഗത്ത് ചർച്ച ചെയ്യപ്പെടുന്നു.
അഞ്ചാം ശില്പം:അഞ്ചാമത്തെ ശില്പത്തിൽ  ശില്പനിരൂപണം, ഗുണങ്ങൽ നാലുമാത്രം, ശ്ലേഷം, മാധുര്യം, പ്രസാദം, സമത, പരിമളചർച്ച മുതലയവയെപ്പറ്റി പ്രതിപാദിക്കുന്നു.
ആറാം ശില്പം:ആറാം ശില്പം ശബ്ദാലങ്കാര വിവരണമാണ്‌. ശില്പനിരൂപണം,ഗുണവും അലങ്കാരവും, അനുപ്രാസം, മുഖാനുപ്രാസം, പദാനുപ്രാസം, വർണ്ണാനുപ്രാസം, ലാടാനുപ്രാസം, യമകം, ശ്ലേഷം, സശബ്ദശക്തിമൂലധ്വനിയും ശ്ലേഷവും മുതലായ വിഭജനങ്ങൾ.
ഏഴാം ശില്പം:ഏഴാം ശില്പം അർത്ഥാലങ്കാര ചർച്ചയാണ്. ഉപമ, ഉപമേയോപമ, സ്മരണം, രൂപകം, സംശയം, ഭ്രാന്തി, അപഹ്നുതി, വ്യത്രേകം, ദീപകം, പ്രതിവസ്തൂപമ, ദൃഷ്ടാന്തം, ഉല്പ്രേക്ഷ, അതിശയോക്തി, അന്യാപദേശം, ക്രമം, ആക്ഷേപം, പരിവൃത്തി, ശ്ലേഷം, സ്വഭാവോക്തി, ഹേതു, അർത്ഥാന്തരന്യാസം, വിരോധം, വിഭാവന, വിശേഷോക്തി, അസംഗതി, ഉദാത്തം, പരിസംഖ്യ, അർത്ഥാപത്തി, സങ്കരം മുതലായ അലങ്കാരങ്ങളെപ്പറ്റിയുള്ള വിവരണം.
എട്ടാം ശില്പം:എട്ടാം ശില്പത്തിൽ രസവിചാരമാണ്. ശില്പനിരൂപണം, വ്യംഗ്യഭേദം, രസം, ഭാവങ്ങൾ, ശൃംഗാരം, ഹാസ്യം, വീരം, അത്ഭുതം, ബീഭത്സം, രൗദ്രം, കരുണം, ശാന്തം എന്നിവ വിശദീകരിക്കപ്പെടുന്നു.

അവലംബം: ശൂരനാട്ട് കുഞ്ഞൻ പിള്ളയുടെ 'മലയാള കാവ്യ രത്നാകരം '( സാഹിത്യ അക്കദമി ),വിക്കിപീടിയ
Sayahna എന്ന  ഈ ലിങ്ക് കൂടി സന്ദർശിക്കൂ :

1 comment: