അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Friday, October 31, 2025

ജൂതമലയാളത്തിലെ പെൺപാട്ടുകൾ| edited by ഡോ. സ്കറിയ സക്കറിയ| കാർക്കുഴലി |

ജൂതമലയാളത്തിലെ പെൺ പാട്ടുകൾ രണ്ടെണ്ണം പരിചയപ്പെടുത്തുന്നു. 2014 ഒക്ടോബർ 31 നായിരുന്നു കേരളപാണിനീയം ഓഡിയോ സിഡിയുടെ പ്രകാശനം . ഡോ സ്കറിയ സക്കറിയ സർ ആയിരുന്നു അന്ന് പ്രകാശനം നിർവഹിച്ചത് . പാലക്കാട് വിക്ടോറിയ കോളേജിൽ വെച്ച് പ്രകാശനച്ചടങ്ങ് നടന്ന സമയത്ത് ആണ് ആദ്യമായി ഡോക്ടർ സ്കറിയാ സക്കറിയ സാറിനെ പരിചയപ്പെടുന്നത്. വിക്ടോറിയ കോളേജിലെ ബി എ മലയാളം വിദ്യാർത്ഥിനികൾ അവരുടെ അവരുടെ അന്ധരായ സഹപാഠികൾക്ക് വേണ്ടി കേരളപാണിനീയം പുസ്തകം വായിക്കുകയായിരുന്നു ആ സിഡിയിൽ . അതിൻ്റെ ഏകോപനം എഡിറ്റിംഗ് എന്നിവയുടെ ചുമതല എനിക്കും മകൻ അതുലിനും ആയിരുന്നു. അന്നവിടെ ചടങ്ങിൽ കാവ്യം സുഗേയത്തിനെക്കുറിച്ച് പരാമർശിക്കപ്പെട്ടപ്പോൾ അദ്ദേഹം കൗതുകപൂർവം അതിൻ്റെ കാര്യങ്ങൾ അന്വേഷിച്ചു. ലിങ്ക് ചോദിച്ചു വാങ്ങി . കുറച്ചുദിവസം കഴിഞ്ഞ് അദ്ദേഹത്തിൻ്റെ മുഖപുസ്തകച്ചുമരിൽ ഒരു കുറിപ്പ് കണ്ടത് അക്ഷരാർത്ഥത്തിൽ തന്നെ എന്നെ ഞെട്ടിച്ചു. അത് ഇങ്ങനെയായിരുന്നു " പാലക്കാട്ടുവച്ചാണ് 'കാവ്യം സുഗേയം' എന്ന ബ്ലോഗിനെക്കുറിച്ചു കേട്ടത്. ഇതു മലയാളത്തിന്‍റെ ഭാഗ്യതാരം. മധുര സ്വരത്തില്‍ കവിതകള്‍ കേള്‍ക്കാം. ,വായിക്കാം. പഴയതും പുതിയതും, അലങ്കാരവും രുപകവും, സംഗീതവും വ്യാകരണവും മഴവില്‍ ഭംഗിയോടെ ഇവിടെ മേളിക്കുന്നു. മലയാളത്തിന്‍റെ താജ്മഹലാണ് 'കാവ്യം സുഗേയം' എന്ന ബ്ലോഗ്‌. അതിന്‍റെ മഹാശില്പി ജ്യോതി ഭായ്. ആ മാന്യ സഹോദരിക്ക് ഇത് തൊഴിലല്ല, ഉപാസനയാണ്. ഇതാണ് ഭാഷയോടും സാഹിത്യത്തോടുമുള്ള മമത. വിലാപവും ഗോഗ്വാവിളിയും അല്ല വേണ്ടത്. സര്‍ഗാത്മക പ്രതികരണം. അതാണ്‌ വേണ്ടത്. കണ്ണുള്ളവര്‍ കാണട്ടെ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ... ഭാഷക്കും സാഹിത്യത്തിനും മതിപ്പുള്ള അവാര്‍ഡുകള്‍ ഉണ്ടെങ്കില്‍ അത് ജ്യോതിഭായിക്ക് നല്‍കണം." പിന്നെയും കുറേക്കഴിഞ്ഞ് അദ്ദേഹം വിളിച്ചു. ജൂത മലയാളത്തിലെ ചില പാട്ടുകൾ ബ്ലോഗിൽ കവിതയായി ചൊല്ലിയിടാമോ എന്ന് ചോദിച്ചു. താമസിയാതെ പാട്ടുകൾ ഓഡിയോ ആയി അയച്ചു തന്നു . ആ പാട്ടുകൾ മുഴുവന്‍ കേട്ടപ്പോൾ എന്നെക്കൊണ്ട് അസാധ്യമായ ഒരു കാര്യമാണ് എന്ന് തോന്നി. അദ്ദേഹത്തിൻറെ ഗവേഷണവുമായി ബന്ധപ്പെട്ട നടത്തിയ കേസ് സ്റ്റഡിയിലെ കുറച്ചു പാട്ടുകളാണ് അയച്ചുതന്നത് . അവയിൽ രണ്ടെണ്ണം പാഠം അടക്കം ഇവിടെ ചേർക്കുന്നു . പാഠത്തിന് കടപ്പാട് അദ്ദേഹം എഡിറ്റ് ചെയ്ത്എല്ലാ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 'കാർകുഴലി ' എന്ന ഗ്രന്ഥത്തിനാണ്. പാഠത്തിലെ ചില വാക്കുകൾ കുറേക്കൂടി വ്യക്തമാക്കാൻ ഫോണിൽ ഒന്നിരിക്കാം എന്നും പറഞ്ഞു. അത് പക്ഷേ നീണ്ടുപോയി. ഇനി അത് ചെയ്യാൻ സഹായത്തിനും നിർദ്ദേശങ്ങൾക്കുമായി അദ്ദേഹം ഇല്ല എന്നത് ദുഃഖിപ്പിക്കുന്നു. 2014 നവംബർ 28 ന് ആണ് അദ്ദേഹം പാഠമടക്കം ഈ പാട്ടുകൾ എനിക്ക് അയച്ചു തന്നത്. അദ്ദേഹത്തിൻ്റെ ഓർമയ്ക്കു മുന്നിൽ ആരവോടെ ഈ വീഡിയോ ഏകോപനം ചെയ്ത് സമർപിക്കുന്നു.🙏🙏🙏 ..

No comments:

Post a Comment