ഇടശ്ശേരിയുടെ 'പൊരിച്ച നഞ്ഞ് ' എന്ന കഥ ആദ്യമായി വായിച്ചപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് , അപ്പോഴത്തെ മനോനിലയെക്കുറിച്ച് എന്താണ് പറയുക. !
എൻ്റെയൊക്കെ ഒരു തലമുറ വരെ പല കൂട്ടുകുടുംബങ്ങളിലും , ഉണ്ടായിരുന്ന ആന്തരിക സ്പർദ്ധകൾ ,അതിലും അപ്പുറത്തുള്ള സ്നേഹങ്ങൾ,ചില കരുതലുകൾ ,ഞാനെന്ന ഭാവങ്ങൾ ഈഗോയുടെ , ഔദ്ധത്യത്തിൻ്റെ അടിമമനോഭാവത്തിന്റെ ധന്യതയുടെ ,ദൈന്യതയുടെ നിസ്സഹായതയുടെ, വാത്സല്യത്തിന്റെ കവിഞ്ഞൊഴുക്കുകളുടെ,അധികാരത്തിന്റെ , ഇല്ലായ്മ വല്ലായ്മകളുടെ നേരാവിഷ്കാരങ്ങൾ ഞാൻ ഇതിൽ കണ്ടു . എൻറെ കൗമാരകാലങ്ങളിലടക്കം കണ്ടറിഞ്ഞതും അനുഭവിച്ചതും ആയ ഒരു ജീവിതം കൂടിയാണ് അത് . നമ്മളിൽ ചിലരെയെങ്കിലും ഇപ്പോഴും നേരിയ തോതിൽ എങ്കിലും അത് പിൻതുടരുന്നുമുണ്ടാവാം .ധനസ്ഥിതിയുള്ളവർക്ക് ഒരു വിധം അല്ലാത്തവർക്ക് മറ്റൊരു വിധം എന്നെ വ്യത്യാസമുള്ളൂ.
ഇതിൻറെ വായനയും റെക്കാർഡിംഗും ,ഇടയിൽ അവനിയും നിരഞ്ജനും ശബ്ദങ്ങളായുണ്ടെങ്കിലും - പാഠം വീഡിയോയിൽ ചേർക്കലും സുഗമമായി നടന്നു. Illustrations ചെയ്യാൻ Gemini നിർലോഭം സഹകരിച്ചു . പാവം ഒരു അടിമയെ പോലെ പണിയെടുത്തു .(ശരിയായ instruction കൊടുക്കൽ ഒരു വെല്ലുവിളി തന്നെയായിരുന്നു. മുഴുവൻ ഒന്നും ശരിയായില്ലെങ്കിലും മനസ്സിലുള്ള കാര്യം ഒരു 50% എങ്കിലും വന്നിട്ടുണ്ട്) . 30 ഓളം മിനിറ്റുള്ള വായന 14 ഭാഗങ്ങളിലായി ഫേസ്ബുക്കിലും യൂട്യൂബിലും ലഭ്യമാണ്. പിന്നീട് എല്ലാം ഒരുമിച്ച് ഒരു വീഡിയോ ആയി ചെയ്യാം എന്ന് കരുതുന്നു.
കഥ വായിക്കുന്നവർക്ക് കഥ വായിച്ചാൽ പോരെ ? എന്തിന് ഇത് ചെയ്യുന്നു എന്ന് ചോദിച്ചാൽ . മലയാളം തട്ടും തടവും ഇല്ലാതെ വായിക്കാൻ കഴിയാത്ത കുഞ്ഞുങ്ങളുടെ എണ്ണം കൂടിക്കൂടി വരികയാണ് എന്നൊരു തോന്നൽ. അവർക്ക് വേണ്ടി കൂടിയാണ്. പിന്നെ ഇത്തരം കഥകളെ ഗൃഹാതുരതയോടെ സമീപിക്കുന്ന മുതിർന്നവർക്ക് വേണ്ടിയും.
ഇടശ്ശേരിയുടെ തന്നെ മനോഹരമായ ഒരു കവിതയുണ്ട് .
വിധിയെഴുതുമ്പോൾ എന്നാണ് കവിതയുടെ പേര്.
പരസ്പരവിരുദ്ധം എന്നുതന്നെ തോന്നുന്ന വ്യത്യസ്തമായ മനോഭാവങ്ങളുടെയും വികാരങ്ങളുടേയും അർത്ഥതലങ്ങൾക്ക് വളരെ നേരിയ അതിർവരമ്പേ ഉള്ളൂ വളരെ വേഗം ഒന്ന് മറ്റൊന്നായി മനസ്സിലാക്കപ്പെടാം എന്നു സൂചിപ്പിക്കുന്ന കവിത . വളരെ സൂക്ഷ്മമായ ഒരു വായനയിൽ ആ കവിതയും ഞാൻ ഈ കഥയിൽ നിന്ന് കണ്ടെടുത്തു.
ഇതാണ് കവിത.
"ദയയുടെ നീലക്കുപ്പായം താൻ
ദൗർബല്യത്തിനു പാകം.
ഭയവും ബഹുമാനവുമൊരു തോണിയി
ലത്രേയാത്രതിരിപ്പൂ.
തോളിൽ
കൈകൾ പിണച്ചു നടപ്പു
വീര്യം ക്രൗര്യവുമെങ്ങും.
തോഴരെ, വയ്യ, തിരിച്ചറിയാനി
ധൂർത്തിനെ ദാനത്തേയും.
തലനാർക്കൊടിയുടെ നൂറാലൊരു കന
മേലും വര കൊണ്ടല്ലോ
നലമോടതിരു വരച്ചതു ദൈവം
ശരിയും തെറ്റും തമ്മിൽ;
വര പോകട്ടേ, വരമ്പുകൾ കാണാൻ
പോലും കണ്ണട വേണം.
നരനു തടഞ്ഞു വിഴാതെ നടക്കാൻ
തരമില്ലല്ലോ മണ്ണിൽ.
വീഴ്ചകൾ സാധാരണ,മെന്തുണ്ടു
ചിരിയ്ക്കാൻ, നമ്മിലൊരുത്തൻ
വിധിയെഴുതുമ്പോളല്ലേ കൂട്ട
ച്ചിരിയുതിരേണ്ട മുഹൂർത്തം."
(വിധിയെഴുതുമ്പോൾ/ ഇടശ്ശേരി)
കാവ്യം സുഗേയത്തിൽ ഈ കവിതയെക്കുറിച്ച് വിശദമായ ഒരു പഠനം പിന്നീട് ചേർക്കാം എന്ന് കരുതുന്നു .
No comments:
Post a Comment