അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Thursday, April 16, 2009

പി. കുഞ്ഞിരാമന്‍ നായര്‍ - സൌന്ദര്യപൂജ- ആലാപനം

(കവിത ഇവിടെ വായിക്കാം..)



പി. കുഞ്ഞിരാമന്‍ നായര്‍ (1906-1978)

1906 ജനുവരി 5-ന്‌ ജില്ലയിലെ കാഞ്ഞങ്ങാട്ട്‌ ഒരു കര്‍ഷക കുടുംബത്തി്‍ല്‍ജനനം. , പട്ടാമ്പി, തഞ്ചാവൂര്‍ എന്നിവിടങ്ങളിലായി സംസ്കൃതപഠനം നടത്തി. ഇടയ്ക്ക്‌ പഠിത്തം നിര്‍ത്തി വീടുവിട്ടിറങ്ങി. പാലക്കാട്‌ ജില്ലയിലെ ശബരി ആശ്രമം സ്കൂള്‍, കൂടാളി ഹൈസ്കൂള്‍, കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലിചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാള്‍ കവിതാരചനയുമായി ഊരുചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമന്‍ നായര്‍ക്കു താല്‍പര്യം. ആരാധകര്‍ 'ഭക്തകവി' എന്നു വിളിച്ചാദരിച്ചിരുന്നു. കേരളത്തിന്റെ പ്രകൃതിസൌന്ദര്യം അപ്പാടെ ആവാഹിച്ചെടുത്ത്‌ തന്റെ കവിതകളില്‍ നിറച്ച്‌ 'പി' പിന്‍തലമുറയിലെ ഒട്ടേറെ കവികള്‍ക്ക്‌ പ്രചോദനമായി. കേരളത്തിന്റെ പച്ചപ്പും ,ആചാരനുഷ്ഠാനങ്ങളും ദേവതാസങ്കല്‍പങ്ങളും ക്ഷേത്രാന്തരീക്ഷവും എല്ലാം ഭാഷാ സൌകുമാര്യം തുളുമ്പുന്ന 'പി'ക്കവിതകള്‍-ക്ക്‌ വിഷയമായി.ഏകദേശം എഴുപതോളം കവിതാ സമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്‌. സംസ്കൃതഭാഷാസാഹിത്യത്തില്‍ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. കവിത തുളുമ്പുന്ന ഭാഷയില്‍ അദ്ദേഹം രചിച്ച ഉപന്യാസങ്ങള്‍ പ്രശസ്തങ്ങളാണ്‌. കൂടാതെ ബംഗാളിയില്‍നിന്നുള്ള നാടകവിവര്‍ത്തനങ്ങളും രചിച്ചിട്ടുണ്ട്‌.
കൃതികള്‍ :‍അന്തിത്തിരി, ഓണസദ്യ, കളിയച്ഛന്‍ അഥവാ അരങ്ങും അണിയറയും, താമരത്തേന്‍, താമരത്തോണി , പൂക്കളം, ചിലമ്പൊലി, മണിവീണ, ശംഖനാദം, സൌന്ദര്യദേവത എന്നീ കവിതാസമാഹാരങ്ങള്‍. ആത്മകഥാപര ഗ്രന്ഥങ്ങളായ കവിയുടെ കാല്‍പ്പാടുകള്‍, എന്നെ തിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി
പുരസ്കാരങ്ങള്‍ :കളിയച്ഛന്‌ 1954 ലെ മദ്രാസ്‌ സര്‍ക്കാരിന്റെ ബഹുമതി. താമരത്തോണിക്ക്‌ 1966ല്‍ കേന്ദ്ര സാഹിത്യ അക്കഡമി അവാര്‍ഡ്‌. കൊച്ചിരാജാവ്‌ സാഹിത്യനിപുണബിരുദം നല്‍കി ആദരിച്ചു

കവിതയൊഴികെ മറ്റൊന്നും ജീവിതത്തില്‍ ലക്‌ഷ്യമാക്കാതെ നടത്തിയ യാത്രകള്‍ക്കൊടുവില്‍ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ ഒരു സത്രത്തില്‍ ഹൃദയസ്തംഭനംമൂലം അന്തരിച്ചു.

(റെഫ:http://ml.wikipedia.org/)

21 comments:

  1. വളരെ നന്നായിരിക്കുന്നു..
    കവിതയ്ക്കു ചേര്‍ന്ന ശബ്ദം!

    പിന്നെ, എക്കൊ അല്പം കുറച്ചാല്‍ അല്പം കൂടി ക്ലാരിറ്റി കിട്ടില്ലേ? എങ്കിലും മനസിലാകായ്കയില്ല..

    ഇത്രയ്ക്കും പോസ്റ്റുകള്‍ ഉണ്ടായിട്ടും ഈബ്ലോഗ് ഇതുവരെ ശ്രദ്ധിക്കപ്പെട്ടില്ല!!!

    ReplyDelete
  2. കുട്ടികളോട് വലിയ സ്നേഹമുള്ള ആളായിരുന്നു അദ്ദേഹം. അത്തരത്തിലുള്ള അനേക്കം സംഭവങ്ങള്‍ കേട്ടിട്ടുണ്ട്. കവി ബാലചന്ദ്രന്‍ ചുള്ളിക്കാടും അദ്ദേഹത്തിന്റെ സ്നേഹ വാത്സല്യങ്ങള്‍ 'ചിദമ്ബരസ്മരണ'യില്‍ പറയുന്നുണ്ട്. പോസ്റ്റ് ഇഷ്ടപ്പെട്ടു. ആശംസകള്‍..

    ReplyDelete
  3. കവിതയെ അത്രയേറെ സ്നേഹിച്ചിരുന്ന ആ മഹാനുഭാവണ്റ്റെ നടന്നുതേഞ്ഞ കാല്‍പ്പാദങ്ങളെഒന്നു തൊടാന്‍ ഈ കവിത ഉപകരിച്ചു.

    എത്ര മഹത്തരം ആയിരുന്നു ആ ജീവിതം !

    ആയിരം ഹൃദയങ്ങള്‍ ഒന്നിച്ചു നിന്നു പോകുന്ന തിരോധാനം !!!

    ReplyDelete
  4. അദ്ദേഹത്തിന്റെ കവിതാസമാഹാരം പുസ്തക ശേഖരത്തില്‍ ഉണ്ട്. പക്ഷെ വളരെക്കുറച്ച് മാത്രമേ വായിച്ചിട്ടുള്ളൂ.

    ടീച്ചറിന്റെ ശബ്ദത്തില്‍ സൌന്ദര്യപൂജ കേള്‍ക്കാന്‍ പറ്റിയപ്പോള്‍ വളരെ സന്തോഷമായി.

    ഇപ്പോത്തന്നെ ആ പുസ്തകമൊന്ന് എടുത്ത് മറിച്ചുനോക്കണമെന്ന തോന്നലും ഉണ്ടായി. അതിന് പ്രത്യേകം നന്ദി.

    ReplyDelete
  5. വളരെയേറെ നന്നായിരിക്കുന്നു.
    ആശംസകളില്‍ വാക്കുകള്‍ ഒതുക്കുന്നില്ല .
    പുതു തലമുറ മറന്നു തുടങ്ങിയ കവികളില്‍
    പെടുന്ന ആദ്ദേഹത്തിന്റെ കവിതകള്‍ പരിചയ പെടുത്തുന്നത്ത്തന്നെ വലിയ കാര്യമാണ്

    ReplyDelete
  6. ജ്യോതീ...ഗംഭീരം. പി.യുടെ കവിതകളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത്.എല്ലാ വിജയദശമിനാളിലും രാവിലെ ഇതു ഞാൻ പാരായണം ചെയ്യുന്നു. നന്ദി.

    ReplyDelete
  7. ജ്യോതീ

    സൌന്ദര്യപൂജയുടെ സൌന്ദര്യവും കാവ്യാത്മകതയും
    ഒട്ടും ചൊര്ന്നുപൊകാതെ ഭാവാത്മകമായുള്ള ആലാപനം..
    അനസ്യൂതം തുടരട്ടെ..

    ജിജി

    ReplyDelete
  8. ജ്യോതീ, വളരെ നന്നായി ആലപിച്ചിരിയ്ക്കുന്നു, ഭാവം ഒട്ടും ചോർന്നു പോകാതെ..മലയാള കവിതയിലെ വ്യത്യസ്തനായ പി.യെ തെരഞ്ഞെടുത്തതിനു പി.ജ്യോതിയ്ക്കു നന്ദി.

    വരികൾ ആവർത്തിച്ചു ചൊല്ലാത്തതെന്തേ?

    ReplyDelete
  9. കവിത കേള്‍ക്കാന്‍ കഴിഞ്ഞ കാര്യം സസന്തോഷം അറിയിക്കട്ടെ .വളരെ മനോഹരമായി അവതരിപ്പിച്ചതിനു നാന്ദിയും അറിയിക്കുന്നു . വരികളുടെ ഭാവവും ശുദ്ധിയും പൂര്‍ണമായ അഴകോടെ ആലപിച്ചു.ഒരു പക്ഷെ കവിപോലും വിച്ചാരിച്ചിട്ടുണ്ടാവില്ല ആ കവിതയ്ക്ക് ഇത്രയേറെ സൌന്ദര്യം മുണ്ടായിരുന്നന്നു .
    കവിതാലാപനമാത്തിനു വഴങ്ങുന്ന ഈ സ്വരശുദ്ധി കവിതകളെ സ്നേഹിക്കുന്നവര്‍ക്കായി പ്രയോചന പെടുത്താന്‍ കഴിയട്ടെ എന്നു ആത്മാര്‍ത്ഥമായി ആശംസിക്കുന്നു .

    ReplyDelete
  10. മാറിനില്‍ക്കുക രാവിന്റെ
    മഹിഷാസുരസൈന്യമേ,
    എഴുനള്ളുകയായ്‌ കാവ്യ-
    പ്പൊന്നൂഞ്ഞാലേറിയോരിവള്‍.

    ReplyDelete
  11. നന്നായി ആലപിച്ചിരിയ്ക്കുന്നു, നന്ദി.

    ReplyDelete
  12. ബഹറിന്‍ ബൂലോകം ബ്ലോഗിലെ പോസ്റ്റു വഴിയാണ് എത്തിയത്. വളരെ നന്നായിരിക്കുന്നു ഈ ബ്ലോഗ്. ആലാപനവും.

    ഒത്തിരിയൊത്തിരി ആശംസകള്‍!!!

    ReplyDelete
  13. തികച്ചും അഭിനന്ദനീയം..........

    എല്ലാവിധ അനുഗ്രഹാശിസ്സുകളും നേരുന്നു.

    ReplyDelete
  14. കാണാവുന്നവയെല്ലാം കവിത തുളുമ്പുന്നവയാണെന്ന് കാണണമെങ്കില്‍ കുഞ്ഞിരാമന്‍നായര്‍കവിതകളിലൂടെ ദര്‍ശിയ്ക്കണം.
    എന്നിട്ടും എല്ലാ കവിതപ്രിയ ഹൃദയങ്ങളിലും കുടികൊള്ളുവാന്‍ ആ കവിതകള്‍ക്ക് ഭാഗ്യമുണ്ടായി കാണുന്നില്ല.ആലാപനഗണത്തില്‍ അവ പെട്ടു കാണുന്നത് വിരളം.ഈ ശ്രമം പ്രശംസയര്‍ഹിയ്ക്കുന്നു.

    ReplyDelete
  15. എത്ര എടുത്തു പറഞ്ഞാലും മതിയാകാത്ത അത്ര നല്ല ഉദ്യമം,നല്ല ശബ്ദം.നല്ല ഈണം.കവിതയെ നന്നായി ആസ്വദിക്കാന്‍ അനുരൂപമായ ആലാപനം.അഭിനന്ദനീയം തന്നെ ഈ സദുദ്യമം.

    ReplyDelete
  16. എത്ര എടുത്തു പറഞ്ഞാലും മതിയാകാത്ത അത്ര നല്ല ഉദ്യമം,നല്ല ശബ്ദം.നല്ല ഈണം

    ReplyDelete
  17. സൌന്ദര്യം നന്നായി കാണാന്‍ ചൊല്ലല്‍ സഹായിക്കുന്നു
    നന്ദി പറഞ്ഞാല്‍ മതിയാകില്ല.

    ReplyDelete
  18. പി ' യുടെ ആത്മകഥയെ കുറിച്ചും എഴുതുമോ ??

    ReplyDelete
  19. ‘പി’ പ്രകൃതിയെ പ്രണയിച്ച കവി
    - ഫൈസല്‍ ബാവ
    “കുയിലും, മയിലും,
    കുഞ്ഞിരാമന്‍ നായരും
    കൂടുകൂട്ടാറില്ല”
    -: കെ. ജി. ശങ്കരപ്പിള്ള
    മലയാള കവിതയില്‍ പ്രകൃതി സൗന്ദര്യം കവിതകളിലേക്ക് ആവാഹിച്ച കാല്പനിക കവിയായിരുന്നു ‘പി’ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന പി. കുഞ്ഞിരാമന്‍ നായര്‍. കേരളത്തിന്റെ പച്ചപ്പ്‌ നിറച്ച കവിതകള്‍ നിരവധി സംഭാവന ചെയ്യാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ജീവിതം തന്നെ കവിതക്കായി ഒരലച്ചിലാക്കി മാറ്റിയ ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ എഴുതിയ കവിത പോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേര്‍ ചിത്രങ്ങള്‍ ആയിരുന്നു പിയുടെ ഓരോ കവിതയും.
    തനി കേരളീയ കവിയാണ് പി. പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിഭാവവും നല്‍കിയ കവി. ഏറെക്കാലം കൊതിച്ചു കാത്തിരുന്ന ഉത്സവം കാണാനാകാതെ ആല്‍ത്തറയില്‍ കഞ്ചാവടിച്ചു മയങ്ങിപ്പോയതിനെപ്പറ്റിയും ‘തോഴനാം കൊച്ചുമിടുക്കന്റെ ഉര്‍വശീവേഷമിരുട്ടത്ത് കണ്ടുമിരണ്ടനാള്‍’ പടിക്കു പുറത്താവുന്ന കഥകളി ക്കാരനെപ്പറ്റി എമെഴുതുമ്പോള്‍ ആത്മകഥയും കവിതയും ഒന്നാവുന്നു. പ്രകൃതിക്ക് മേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന ഓരോ മുറിവും പി കവിതയിലൂടെ ആവിഷ്കരിച്ചു. വിശ്വാസത്തിന്റെ വരമ്പിലൂടെ നടക്കുമ്പോള്‍ തന്നെ വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന നെറികേടുകളെ കണ്ടില്ലെന്നു നടിക്കാന്‍ പിയ്ക്ക് ആയില്ല.
    “ക്ഷേത്രം ഭരിപ്പുകാരായ
    പെരുച്ചാഴികള്‍ കൂട്ടമായ്
    മാന്തിപ്പൊളിക്കയായ് സ്വര്‍ണ
    നിക്ഷേപത്തിന്റെ കല്ലറ.” (നരബലി)
    ആത്മീയത എന്നാല്‍ സ്വയം തിരിച്ചറിയേണ്ട ഒന്നാണെന്ന് പി മനസിലാക്കി
    “പാട്ടുപെട്ടിക്കേളി കേട്ടൊരു കോവിലിന്‍
    നീടുറ്റ പുണ്യനട കണ്ടുവെങ്കിലും,
    പേര്‍ത്തുമടച്ച നട തുറക്കും വരെ
    കാത്തു കിടക്കാന്‍ സമയമില്ലായ്കയാല്‍
    മിന്നുന്ന സത്യപ്പൊരുളിന്‍ മലരടി
    കണ്ടു തൊഴാതെ തിരിച്ചു പോകുന്നു ഞാന്‍.”
    പി എവിടെയും കാത്തു നില്‍ക്കാതെ അലയുകയായിരുന്നു. തന്റെ കവിതക്കായ്‌ നിറുത്താതെ അലഞ്ഞ തീര്‍ത്തും ഒരു സമ്പൂര്‍ണ്ണനായ ഒരു കവി. തന്റെ ഏറ്റവും പ്രശസ്തമായ കവിതയായ കളിയച്ഛനില്‍ ഇങ്ങനെ എഴുതി
    “ബോധമില്ലാതെ കിടക്കുമവസ്ഥയ്ക്കു
    മീതെയായ് ഘോരവിപത്തെന്തു ഭൂമിയില്‍?”
    അലച്ചിലിനിടയില്‍ ഏറെ പ്രണയഭാരങ്ങള്‍ പിയെ വലം വെച്ചു, ചിലത് തേടി ചെന്നു, ചിലത് ഉപേക്ഷിച്ചു. ഇത്തരത്തില്‍ കുറെ പ്രണയ പാപങ്ങളും കവിയില്‍ വന്നടിഞ്ഞു
    “ഏവമെന്തിനിണങ്ങി നാം തമ്മില്‍
    വേര്‍പിരിയുവാന്‍ മാത്രമായ് ”
    (മാഞ്ഞുപോയ മഴവില്ല്)
    “യൗവനം വറ്റിയ കാറ്റിന്‍ പ്രേമ-
    ലേഖനം പൂവു തിരിച്ചയച്ചു”
    (പിച്ചിച്ചീന്തിയ പുഷ്പചിത്രം)
    ഇങ്ങനെ നീളുന്നു പിയുടെ ജീവിതമെന്ന കവിത. അതുകൊണ്ടാണ് ഭ്രഷ്ടകാമുകനായി അലഞ്ഞുതിരിഞ്ഞ പി. വാക്കും വരികളും വാരിയെറിഞ്ഞ ധൂര്‍ത്തന്‍ എന്ന് പറയുന്നത് .
    വിരഹവേദനയും ഗൃഹാതുരതയും കാല്‍പ്പനിക കവികളുടെ പൊതുസ്വത്താണെങ്കിലും ആ ബാങ്കില്‍ ഏറ്റവും വിപുലമായ സ്ഥിരനിക്ഷേപം കുഞ്ഞിരാമന്‍നായരുടെ പേരില്‍ത്തന്നെ പതിഞ്ഞുകിടക്കും’ – എന്ന് പിയെപറ്റി എം. ലീലാവതി എഴുതി. അതെ പിയുടെ നിക്ഷേപം കവിതയായ്‌, ആത്മകഥയായ്‌ നമുക്ക് മുന്നില്‍ അനശ്വരമായി നിലനില്‍ക്കുന്നു. പ്രകൃതിയെ കുറിച്ച് നിറുത്താതെ കവിതയെഴികൊണ്ടിരുന്ന പി ഈ പച്ചപ്പിനെ വിട്ടകന്നിട്ട് ഇന്നേക് 34വര്‍ഷം തികയുന്നു. ഒട്ടേറെ കവിതാ സമാഹാരങ്ങളും ജീവചരിത്രങ്ങളും നാടകങ്ങളും രചിച്ചിട്ടുണ്ട്‌. ആത്മകഥാപര ഗ്രന്ഥങ്ങളായ ‘കവിയുടെ കാൽപ്പാടുകൾ’,’എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോ ദാഹരണങ്ങളാണ് ഇവ‌. വാസന്തിപ്പൂക്കള്‍, പൂമ്പാറ്റകള്‍, അന്തിത്തിരി, മണിവീണ, അനന്തന്‍കാട്ടില്‍, ഭദ്രദീപം, പടവാള്‍, നിറപറ, പാതിരാപ്പൂവ്, ശംഖനാദം, നിശാന, പ്രേമപൗര്‍ണമി, വരഭിക്ഷ, കളിയച്ഛന്‍, നക്ഷത്രമാല, പൂത്താലി, പൂമാല, താമരത്തോണി, താമരത്തേന്‍, വയല്ക്കരയില്‍, പൂക്കളം, ഓണപ്പൂക്കള്‍, സൗന്ദര്യദേവത, ചിലമ്പൊലി, രഥോത്സവം എന്നിവയാണ് പിയുടെ മറ്റു പ്രധാന കൃതികള്‍.
    കവിതയൊഴികെ മറ്റൊന്നും ജീവിതത്തിൽ ലക്ഷ്യമാക്കാതെ നടത്തിയ യാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം പി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. എന്നാല്‍ ‘പി’യുടെ കവിതകള്‍ കാലത്തെ അതിജീവിച്ച് കൂടുതല്‍ കൂടുതല്‍ നമ്മളിലേക്ക് ചേര്‍ന്ന് വരികയാണ്. ‘പി’യില്ലാത്ത മലയാള കവിത അപൂര്‍ണ്ണമാണ്. അത്രയും മലയാളത്തെ സ്വാധീനിച്ച കവിയാണ് ‘പി’. പ്രകൃതിയെപ്പറ്റി ഇത്രയധികം പാടിയ മറ്റൊരു കവിയുണ്ടാവില്ല. ആധുനികകാല കവികളില്‍ അടിമുടി കവിയായ ഒരാളേയുള്ളു. അതാണ്‌ പി. കുഞ്ഞിരാമന്‍ നായര്‍.

    ReplyDelete