അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Showing posts with label രാമകഥപ്പാട്ട്. Show all posts
Showing posts with label രാമകഥപ്പാട്ട്. Show all posts

Wednesday, February 26, 2020

രാമകഥപ്പാട്ട് -അയ്യിപ്പിള്ള ആശാൻ


'ആശാൻ (അയ്യിപ്പിള്ള ആശാൻ) മലയാളത്തിൽ പ്രസ്തുതകൃതി(രാമകഥ പ്പാട്ട്)  രചിക്കാഞ്ഞത് മലയാളകവിതയുടെ ഭാഗ്യമാണ് . മലയാളത്തിന്റെ ദൗർഭാഗ്യവും ". (ഉള്ളൂർ കേരളസാഹിത്യചരിത്രം ,നാടോടിപ്പാട്ടുകൾ )
മഹാകവി ഉള്ളൂർ തെക്കൻ പാട്ടുകളുടെ നടുനായകസ്ഥാനം കല്പിക്കുന്ന കൃതിയാണ് രാമകഥപ്പാട്ട് .കോവളത്തിനടുത്തുള്ള ആവാടുതുറയിലെ അയ്യിപ്പിള്ളി ആശാനാണ് രാമകഥപ്പാട്ടിന്റെ കർത്താവ്14 മുതൽ 17 വരെ ശതകങ്ങൾക്കിടെ രാമകഥപ്പാട്ടിന്റെ കാലം എന്ന് പണ്ഡിതമതം .കവനരീതികൊണ്ട്  കണ്ണശ്ശനു പിന്നീടാണ്‌ അയ്യിപ്പിള്ളി ആശാന്റെ കാലം.  കൊല്ലം ഏഴാം നൂറ്റാണ്ടെന്ന് ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ പറയുന്നു 
  വാല്മീകിരാമായണത്തെ  മാതൃകയാക്കുന്ന രാമകഥപ്പാട്ടിന്റെ പ്രതിപാദ്യം രാമായണകഥതന്നെയാണ്  . ചിലയിടത്തു കഥയിൽ വ്യതിയാനം വരുത്തുകയും . കമ്പരാമായണത്തിൽനിന്നുള്ള  പാതാളരാവണകഥ പോലെ ചിലഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.  രാമചരിതത്തിലെന്നപോലെ യുദ്ധകാണ്ഡത്തിനാണു ഇവിടെയും  പ്രാധാന്യം . ‍രാവണവധത്തോടെയാണ്‌ കൃതി അവസാനിക്കുന്നത്. 
ഗ്രാമീണജീവിതത്തിൽനിന്ന് രൂപപ്പെടുത്തിയ മിതവും മനോഹരമായ അലങ്കാരകല്പനകൾ രാമകഥപ്പാട്ടിന്റെ പ്രത്യേകതയാണ്‌. . 
വിരുത്തവും പാട്ടുമായുമാണ് കൃതി സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നോ അതിലധികമോ വിരുത്തവും അതിനെത്തുടർന്ന് ദീർഘമായ പാട്ടും. 279 വിരുത്തവും 3163 പാട്ടുകളുമാണുള്ളത്. ഭക്തിയല്ല , ബഹുജനങ്ങൾക്ക് രസം പകർന്ന് കൊടുക്കുകയാണ് ഈ കൃതിയുടെ ലക്ഷ്യം. വില്ലടിച്ചാൻ പാട്ട് പോലെ ചന്ദ്രവളയമെന്ന വാദ്യ ഉപകരണത്തിന്റെ പ്രയോഗത്തോടെ വിഷ്ണുക്ഷേത്രങ്ങളിൽ രാമകഥാപ്പാട്ട് പാടി വന്നിരുന്നു. എതുകയും മോനയും അന്ത്യപ്രാസവുമെല്ലാം ഇതിൽ അനായാസമായി പ്രയോഗിച്ചിരുന്നു.
ലീലാതിലകത്തിലെ പാട്ടുലക്ഷണത്തെ ഉല്ലംഘിച്ച് സംസ്കൃതാക്ഷരങ്ങൾ സ്വീകരിച്ച് എഴുതപ്പെട്ടതാണ്‌ രാമകഥപ്പാട്ട്. എങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം കണ്ണശ്ശകൃതികളെ അപേക്ഷിച്ച് ഏറെ കുറവാണ്‌ രാമകഥപ്പാട്ടിൽ.  അനുനാസികവും ഐകാരസഹിതവുമായ തമിഴ് രീതിയാണ് മിക്കവാറും എല്ലാ ഗാനങ്ങളിലും കാണുന്നത് എന്നും തെക്കൻതിരുവിതാംകൂറിലെ നാടോടിത്തമിഴിൽ നിന്നും നാമ്പെടുത്ത ഭാഷാരീതിയാണെന്നും ഡോ : കെ എം ജോർജ്ജും (സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ , തമിഴ് പ്രഭാവമുള്ള മറ്റു കൃതികൾ).മലയാം തമിഴിലാണ് ഈ കൃതി രചിച്ചിരിക്കുന്നത് എന്ന് ഉള്ളൂരും പറയുന്നു. മലനാട്ടുതമിഴും സംസ്കൃതവും മാത്രമല്ല ചെന്തമിഴുകൂടി സങ്കലനം ചെയ്തുണ്ടാക്കിയ ഒരു ഭാഷാമിശ്രമാണ്‌ ഇതിലെന്നാണ്‌ എൻ. കൃഷ്ണപിള്ളയുടെ അഭിപ്രായം.(കൈരളിയുടെ കഥ) 

കടപ്പാട് :
കേരളസാഹിത്യചരിത്രം -ഉള്ളൂർ 
സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ  -ഡോ : കെ എം ജോർജ്ജ്  
വിക്കിപീഡിയ