അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Friday, October 31, 2025

പൊരിച്ച നഞ്ഞ് (full|) ഇടശ്ശേരിയുടെ കഥ| Poricha Nanju| Shortstory by Edasseri

ഇടശ്ശേരിയുടെ 'പൊരിച്ച നഞ്ഞ് ' എന്ന കഥ ആദ്യമായി വായിച്ചപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് , അപ്പോഴത്തെ മനോനിലയെക്കുറിച്ച് എന്താണ് പറയുക. ! എൻ്റെയൊക്കെ ഒരു തലമുറ വരെ പല കൂട്ടുകുടുംബങ്ങളിലും , ഉണ്ടായിരുന്ന ആന്തരിക സ്പർദ്ധകൾ ,അതിലും അപ്പുറത്തുള്ള സ്നേഹങ്ങൾ,ചില കരുതലുകൾ ,ഞാനെന്ന ഭാവങ്ങൾ ഈഗോയുടെ , ഔദ്ധത്യത്തിൻ്റെ അടിമമനോഭാവത്തിന്റെ ധന്യതയുടെ ,ദൈന്യതയുടെ നിസ്സഹായതയുടെ, വാത്സല്യത്തിന്റെ കവിഞ്ഞൊഴുക്കുകളുടെ,അധികാരത്തിന്റെ , ഇല്ലായ്മ വല്ലായ്മകളുടെ നേരാവിഷ്കാരങ്ങൾ ഞാൻ ഇതിൽ കണ്ടു . എൻറെ കൗമാരകാലങ്ങളിലടക്കം കണ്ടറിഞ്ഞതും അനുഭവിച്ചതും ആയ ഒരു ജീവിതം കൂടിയാണ് അത് . നമ്മളിൽ ചിലരെയെങ്കിലും ഇപ്പോഴും നേരിയ തോതിൽ എങ്കിലും അത് പിൻതുടരുന്നുമുണ്ടാവാം .ധനസ്ഥിതിയുള്ളവർക്ക് ഒരു വിധം അല്ലാത്തവർക്ക് മറ്റൊരു വിധം എന്നെ വ്യത്യാസമുള്ളൂ. ഇതിൻറെ വായനയും റെക്കാർഡിംഗും ,ഇടയിൽ അവനിയും നിരഞ്ജനും ശബ്ദങ്ങളായുണ്ടെങ്കിലും - പാഠം വീഡിയോയിൽ ചേർക്കലും സുഗമമായി നടന്നു. Illustrations ചെയ്യാൻ Gemini നിർലോഭം സഹകരിച്ചു . പാവം ഒരു അടിമയെ പോലെ പണിയെടുത്തു .(ശരിയായ instruction കൊടുക്കൽ ഒരു വെല്ലുവിളി തന്നെയായിരുന്നു. മുഴുവൻ ഒന്നും ശരിയായില്ലെങ്കിലും മനസ്സിലുള്ള കാര്യം ഒരു 50% എങ്കിലും വന്നിട്ടുണ്ട്) . 30 ഓളം മിനിറ്റുള്ള വായന 14 ഭാഗങ്ങളിലായി ഫേസ്ബുക്കിലും യൂട്യൂബിലും ലഭ്യമാണ്. പിന്നീട് എല്ലാം ഒരുമിച്ച് ഒരു വീഡിയോ ആയി ചെയ്യാം എന്ന് കരുതുന്നു. കഥ വായിക്കുന്നവർക്ക് കഥ വായിച്ചാൽ പോരെ ? എന്തിന് ഇത് ചെയ്യുന്നു എന്ന് ചോദിച്ചാൽ . മലയാളം തട്ടും തടവും ഇല്ലാതെ വായിക്കാൻ കഴിയാത്ത കുഞ്ഞുങ്ങളുടെ എണ്ണം കൂടിക്കൂടി വരികയാണ് എന്നൊരു തോന്നൽ. അവർക്ക് വേണ്ടി കൂടിയാണ്. പിന്നെ ഇത്തരം കഥകളെ ഗൃഹാതുരതയോടെ സമീപിക്കുന്ന മുതിർന്നവർക്ക് വേണ്ടിയും. ഇടശ്ശേരിയുടെ തന്നെ മനോഹരമായ ഒരു കവിതയുണ്ട് . വിധിയെഴുതുമ്പോൾ എന്നാണ് കവിതയുടെ പേര്. പരസ്പരവിരുദ്ധം എന്നുതന്നെ തോന്നുന്ന വ്യത്യസ്തമായ മനോഭാവങ്ങളുടെയും വികാരങ്ങളുടേയും അർത്ഥതലങ്ങൾക്ക് വളരെ നേരിയ അതിർവരമ്പേ ഉള്ളൂ വളരെ വേഗം ഒന്ന് മറ്റൊന്നായി മനസ്സിലാക്കപ്പെടാം എന്നു സൂചിപ്പിക്കുന്ന കവിത . വളരെ സൂക്ഷ്മമായ ഒരു വായനയിൽ ആ കവിതയും ഞാൻ ഈ കഥയിൽ നിന്ന് കണ്ടെടുത്തു. ഇതാണ് കവിത. "ദയയുടെ നീലക്കുപ്പായം താൻ ദൗർബല്യത്തിനു പാകം. ഭയവും ബഹുമാനവുമൊരു തോണിയി ലത്രേയാത്രതിരിപ്പൂ. തോളിൽ കൈകൾ പിണച്ചു നടപ്പു വീര്യം ക്രൗര്യവുമെങ്ങും. തോഴരെ, വയ്യ, തിരിച്ചറിയാനി ധൂർത്തിനെ ദാനത്തേയും. തലനാർക്കൊടിയുടെ നൂറാലൊരു കന മേലും വര കൊണ്ടല്ലോ നലമോടതിരു വരച്ചതു ദൈവം ശരിയും തെറ്റും തമ്മിൽ; വര പോകട്ടേ, വരമ്പുകൾ കാണാൻ പോലും കണ്ണട വേണം. നരനു തടഞ്ഞു വിഴാതെ നടക്കാൻ തരമില്ലല്ലോ മണ്ണിൽ. വീഴ്ചകൾ സാധാരണ,മെന്തുണ്ടു ചിരിയ്ക്കാൻ, നമ്മിലൊരുത്തൻ വിധിയെഴുതുമ്പോളല്ലേ കൂട്ട ച്ചിരിയുതിരേണ്ട മുഹൂർത്തം." (വിധിയെഴുതുമ്പോൾ/ ഇടശ്ശേരി) കാവ്യം സുഗേയത്തിൽ ഈ കവിതയെക്കുറിച്ച് വിശദമായ ഒരു പഠനം പിന്നീട് ചേർക്കാം എന്ന് കരുതുന്നു .

ജൂതമലയാളത്തിലെ പെൺപാട്ടുകൾ| edited by ഡോ. സ്കറിയ സക്കറിയ| കാർക്കുഴലി |

ജൂതമലയാളത്തിലെ പെൺ പാട്ടുകൾ രണ്ടെണ്ണം പരിചയപ്പെടുത്തുന്നു. 2014 ഒക്ടോബർ 31 നായിരുന്നു കേരളപാണിനീയം ഓഡിയോ സിഡിയുടെ പ്രകാശനം . ഡോ സ്കറിയ സക്കറിയ സർ ആയിരുന്നു അന്ന് പ്രകാശനം നിർവഹിച്ചത് . പാലക്കാട് വിക്ടോറിയ കോളേജിൽ വെച്ച് പ്രകാശനച്ചടങ്ങ് നടന്ന സമയത്ത് ആണ് ആദ്യമായി ഡോക്ടർ സ്കറിയാ സക്കറിയ സാറിനെ പരിചയപ്പെടുന്നത്. വിക്ടോറിയ കോളേജിലെ ബി എ മലയാളം വിദ്യാർത്ഥിനികൾ അവരുടെ അവരുടെ അന്ധരായ സഹപാഠികൾക്ക് വേണ്ടി കേരളപാണിനീയം പുസ്തകം വായിക്കുകയായിരുന്നു ആ സിഡിയിൽ . അതിൻ്റെ ഏകോപനം എഡിറ്റിംഗ് എന്നിവയുടെ ചുമതല എനിക്കും മകൻ അതുലിനും ആയിരുന്നു. അന്നവിടെ ചടങ്ങിൽ കാവ്യം സുഗേയത്തിനെക്കുറിച്ച് പരാമർശിക്കപ്പെട്ടപ്പോൾ അദ്ദേഹം കൗതുകപൂർവം അതിൻ്റെ കാര്യങ്ങൾ അന്വേഷിച്ചു. ലിങ്ക് ചോദിച്ചു വാങ്ങി . കുറച്ചുദിവസം കഴിഞ്ഞ് അദ്ദേഹത്തിൻ്റെ മുഖപുസ്തകച്ചുമരിൽ ഒരു കുറിപ്പ് കണ്ടത് അക്ഷരാർത്ഥത്തിൽ തന്നെ എന്നെ ഞെട്ടിച്ചു. അത് ഇങ്ങനെയായിരുന്നു " പാലക്കാട്ടുവച്ചാണ് 'കാവ്യം സുഗേയം' എന്ന ബ്ലോഗിനെക്കുറിച്ചു കേട്ടത്. ഇതു മലയാളത്തിന്‍റെ ഭാഗ്യതാരം. മധുര സ്വരത്തില്‍ കവിതകള്‍ കേള്‍ക്കാം. ,വായിക്കാം. പഴയതും പുതിയതും, അലങ്കാരവും രുപകവും, സംഗീതവും വ്യാകരണവും മഴവില്‍ ഭംഗിയോടെ ഇവിടെ മേളിക്കുന്നു. മലയാളത്തിന്‍റെ താജ്മഹലാണ് 'കാവ്യം സുഗേയം' എന്ന ബ്ലോഗ്‌. അതിന്‍റെ മഹാശില്പി ജ്യോതി ഭായ്. ആ മാന്യ സഹോദരിക്ക് ഇത് തൊഴിലല്ല, ഉപാസനയാണ്. ഇതാണ് ഭാഷയോടും സാഹിത്യത്തോടുമുള്ള മമത. വിലാപവും ഗോഗ്വാവിളിയും അല്ല വേണ്ടത്. സര്‍ഗാത്മക പ്രതികരണം. അതാണ്‌ വേണ്ടത്. കണ്ണുള്ളവര്‍ കാണട്ടെ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ... ഭാഷക്കും സാഹിത്യത്തിനും മതിപ്പുള്ള അവാര്‍ഡുകള്‍ ഉണ്ടെങ്കില്‍ അത് ജ്യോതിഭായിക്ക് നല്‍കണം." പിന്നെയും കുറേക്കഴിഞ്ഞ് അദ്ദേഹം വിളിച്ചു. ജൂത മലയാളത്തിലെ ചില പാട്ടുകൾ ബ്ലോഗിൽ കവിതയായി ചൊല്ലിയിടാമോ എന്ന് ചോദിച്ചു. താമസിയാതെ പാട്ടുകൾ ഓഡിയോ ആയി അയച്ചു തന്നു . ആ പാട്ടുകൾ മുഴുവന്‍ കേട്ടപ്പോൾ എന്നെക്കൊണ്ട് അസാധ്യമായ ഒരു കാര്യമാണ് എന്ന് തോന്നി. അദ്ദേഹത്തിൻറെ ഗവേഷണവുമായി ബന്ധപ്പെട്ട നടത്തിയ കേസ് സ്റ്റഡിയിലെ കുറച്ചു പാട്ടുകളാണ് അയച്ചുതന്നത് . അവയിൽ രണ്ടെണ്ണം പാഠം അടക്കം ഇവിടെ ചേർക്കുന്നു . പാഠത്തിന് കടപ്പാട് അദ്ദേഹം എഡിറ്റ് ചെയ്ത്എല്ലാ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 'കാർകുഴലി ' എന്ന ഗ്രന്ഥത്തിനാണ്. പാഠത്തിലെ ചില വാക്കുകൾ കുറേക്കൂടി വ്യക്തമാക്കാൻ ഫോണിൽ ഒന്നിരിക്കാം എന്നും പറഞ്ഞു. അത് പക്ഷേ നീണ്ടുപോയി. ഇനി അത് ചെയ്യാൻ സഹായത്തിനും നിർദ്ദേശങ്ങൾക്കുമായി അദ്ദേഹം ഇല്ല എന്നത് ദുഃഖിപ്പിക്കുന്നു. 2014 നവംബർ 28 ന് ആണ് അദ്ദേഹം പാഠമടക്കം ഈ പാട്ടുകൾ എനിക്ക് അയച്ചു തന്നത്. അദ്ദേഹത്തിൻ്റെ ഓർമയ്ക്കു മുന്നിൽ ആരവോടെ ഈ വീഡിയോ ഏകോപനം ചെയ്ത് സമർപിക്കുന്നു.🙏🙏🙏 ..

യുദ്ധകാലത്തെ ഓണം|ഇടശ്ശേരി ഗോവിന്ദൻ നായർ|yuddhakalathe Onam|Edassery Govinda Nair

മറ്റൊരു പ്രിയപ്പെട്ട ഇടശ്ശേരിക്കവിത കൂടി.1946 ൽ ഇടശ്ശേരി എഴുതിയ ഈ കവിതയുടെ പ്രസക്തി എന്ന് ഇല്ലാതാവുന്നുവോ അന്നാവും ഈ ലോകത്തിന് ആകെ തിരുവോണം. ഒരു തമാശ പറയട്ടെ 'തള്ളുക' എന്ന വാക്ക് ഇടശ്ശേരിക്ക് അന്നേ അറിയാമായിരുന്നു എന്നു തോന്നി ആദ്യം ഇതു വായിച്ചപ്പോൾ. മറ്റൊരു കാലപ്പകർച്ചയിൽ മറ്റൊരർത്ഥത്തിൽ അദ്ദേഹം അത് ഉപയോഗിച്ചതാണ് എന്നറിയാതെയല്ല. എങ്കിലും അതിനോട് ചേർത്ത് അദ്ദേഹം പറഞ്ഞിരിക്കുന്നത് നോക്കൂ. "നാളെത്തിരുവോണ, മെന്തുണ്ടതിൽപ്പരം ബാലകലോകത്തിന്നാഹ്ലാദിക്കാൻ തള്ളുവിൻ, ഈ ഹർഷത്തള്ളലിൽപ്പെട്ടിട്ടു വല്ല്യമ്മാമൻമാരൊഴുകുവോളം." കൊല്ലങ്ങൾ പലതു താണ്ടി വന്ന നമ്മെ ചിന്തിപ്പിക്കുന്ന മന്ദഹസിപ്പിക്കുന്ന കവിത. പല പല ഓണത്തള്ളലുകളുടെയും കൂടി കാലമാണല്ലോ ഇക്കാലം.