പനിനീർപ്പൂവ്.
ഞാനൊരു മാൺപെഴും ചെമ്പനീർപ്പൂവിനെ-
ക്കാണവേ ചോദിച്ചേനിപ്രകാരം :
"പുഞ്ചിരിക്കൊള്ളുന്നതെന്തിന്നുപൂവേ, നീ ?
നിൻ ചെറുജീവിതമെത്ര മോശം !
മാണിക്കക്കല്ലോ നീ ? ബാലാർക്കബിംബമോ ?
ശോണമാം ദുർഗ്ഗതൻ വിഗ്രഹമോ ?
യാതൊന്നുമല്ലല്ലോ ! പിന്നെയെന്തിങ്ങനെ
മോദിപ്പാൻ ഹേതു ? നിൻ മുഗ്ദ്ധതയോ ?
പാഴുറ്റ മണ്ണിൽനീ വീഴുവാൻ പോകുന്നു
താഴത്തു നാളെയെന്നോർമ്മയില്ലേ ?
നീയിത്തരത്തിലിന്നാടി ഞെളിയുവാൻ
ന്യായമെന്തെന്നെന്നോടോതിടാമോ ? 12
II
ഓതിയില്ലുത്തരമൊന്നുമച്ചോദ്യത്തി-
ന്നാതങ്കമേശാത്തോരാപ്രസൂനം.
എൻ തെറ്റു കാട്ടുവാൻ മേന്മേൽ വിലങ്ങനെ-
ത്തൻ തലയാട്ടുക മാത്രം ചെയ്തു.
എന്തതിൻ താല്പര്യമെന്നു ഞാൻ ചിന്തിച്ചേൻ ;
ബന്ധം മനസ്സിലായല്പമപ്പോൾ.
തെറ്റെന്നു വീണ്ടുമപ്പൂവിനോടോതിനേൻ :
"തെറ്റിപ്പോയ് ഞാനൊരു ബുദ്ധിഹീനൻ ;
നിന്നുടെ ജീവിതം മോശമെന്നല്ലീ ഞാൻ
ചൊന്നതെന്നോമനേ ? മാപ്പുനൽകൂ !
പൂക്കളേ, പൂക്കളേ, പാരിതിൽ നിങ്ങൾക്കു
പാർക്കുകിലെന്തോന്നു മീതേ ചൊൽ വാൻ ?
ഏതൊരു പാഴ് മണൽക്കാടുതാൻ നിങ്ങളാൽ-
പ്പൂതമാം നന്ദനമാകുന്നീല !
ഏതൊരു മാലിൽത്താൻ മർത്ത്യർക്കു നിങ്ങളാൽ
സ്ഫീതമാമാനന്ദം വായ്ക്കുന്നീല !
മുറ്റത്തു നിങ്ങൾക്കു കോലകത്തിങ്കലും
ചെറ്റപ്പുരയിലുമുല്ലസിക്കാം.
ആരെയുമസ്പൃശ്യരാക്കുകയില്ലെന്ന-
ല്ലാരിലു പുഞ്ചിരി തൂകുംതാനും.
അശ്മമാം ചിത്തവും നിങ്ങളെക്കാണുമ്പോ-
ളശ്രമം നിങ്ങളെപ്പോലെയാകും.
പാടുന്ന വണ്ടുകൾക്കൊപ്പമായ്ത്തെന്നലി-
ലാടുന്ന നിങ്ങളെയാർ മറക്കും ?
ഘ്രാണേന്ദ്രിയത്തിന്നു സാഫല്യം നേടുന്നു
മാനവർ നിങ്ങൾതന്നന്തികത്തിൽ.
തൻ നറും തേൻ നിങ്ങളേകുന്നു ലോകത്തി-
ന്നന്നപൂർണ്ണേശ്വരിമാർ കണക്കേ
പാണിയാൽ സ്പർശിച്ചാലെന്തൊരു മാർദ്ദവം !
വേണിയിൽ ച്ചൂടിയാലെന്തു ഭംഗി !
ദേവനെപ്പൂജിക്കാം ; വീരനെച്ചാർത്തിക്കാം ;
പാവത്തിൻ മൗലിക്കും ഭൂഷയാക്കാം ;
കല്യാണകർമ്മത്തിന്നാവശ്യമേവർക്കും
കല്യാണധാമങ്ങളായ നിങ്ങൾ
മന്നിനീ മാഹാത്മ്യം നൽകുന്ന നിങ്ങളോ
വിണ്ണിലേപ്പൈതങ്ങൾ ? ആരറിഞ്ഞു ?
അത്രയ്ക്കു നന്മകൾ കാണ്മൂ ഞാൻ നിങ്ങളിൽ,
സിദ്ധർക്കുമീമന്നിൽ ദുഷ്പ്രാപങ്ങൾ.
നിങ്ങളാം കാവ്യങ്ങൾ മൂലമായ്ക്കാണ്മൂ ഞാ-
നങ്ങെഴുമാനന്ദപാരമ്യത്തെ.
നിങ്ങളില്ലാത്തോരു മേദിനിയെങ്ങനെ
മംഗലമുൾക്കൊള്ളും ? മാൺപു പൂണും ?
ആ മഹാവിഷ്ണുവിൻ പ്രേയസിക്കെങ്ങനെ
പൂമകളെന്നൊരു പേരു വന്നു
ആ വൻപൻ ശൃംഗാരയോനിയെയെങ്ങനെ
പൂവമ്പനെന്നാരും വാഴ്ത്തിടുന്നു ?
പൂക്കളേ, പൂക്കളേ, നിങ്ങൾക്കെൻ കൂപ്പുകൈ
പാർക്കുകിൽ നിങ്ങളെൻ ദേവതമാർ. 60
III
പുഞ്ചിരിക്കൊള്ളുക ചെമ്പനിനീർപ്പൂവേ,
പുഞ്ചിരിക്കൊള്ളുവാനർഹം താൻ നീ--
ആനന്ദരൂപൻ തൻ വൈഭവമോർത്താലും,
മാനവൻ തൻ മൗഢ്യം ചിന്തിച്ചാലും.
താഴത്തു നീളെ നീ താങ്ങൊന്നുമെന്നിയേ
വീഴുമെന്നോതിയോ വിഡ്ഢിയാം ഞാൻ ?
കാലത്തിൻ പാച്ച്ലിലേതുണ്ടു വീഴാതെ
നാളെയോ നാലഞ്ചു നാൾ കഴിഞ്ഞോ ?
ഇന്നു നീ മിന്നുന്നുണ്ടെന്നതു പോരയോ
സുന്ദര,മേവർക്കും സ്തോത്രപാത്രം ?
വായുവിൽപ്പാട്ടു ലയിച്ചുപോമെന്നോർത്തു
വായടച്ചീടുന്നോ വാനം പാടി ?
വന്നീടും പെട്ടെന്നു തന്നന്തമെന്നോർത്തു
മിന്നാതിരിക്കുന്നോ മിന്നലെങ്ങാൻ ?
തീരും തൻ ജീവിതമെന്നോർത്തു നിൽക്കുന്നോ
മാരിപൊഴിക്കാതെ കാളമേഘം ?
പാഥസ്സിൽ വീഴണമന്തിയിലെന്നോർത്തു
പാതയിൽത്തങ്ങുന്നോ ഭാനുദേവൻ ?
എന്നോ പുഴയിലിറങ്ങുവാൻ മുണ്ടു നാ-
മിന്നേ തെറുക്കണമെന്നതുണ്ടോ ?
"ഏതു നിമേഷവുമീശ്വരൻ നൽകുന്നു
മോദിപ്പാൻ ജീവിക്കു--മോദമേകാൻ ;
ആയതു ജീവിതം ; അല്ലാത്തതൊക്കയു-
മാത്മവിനാശത്തിൻ രൂപഭേദം.
ആനനം വീർപ്പിച്ചു നാൾകഴിക്കൊല്ലേ നാ-
മാ നീരു കൊല്ലാതെ കൊല്ലും രോഗം."
എന്നു നീയോതുന്നു നിന്നുടെ ചര്യയാൽ ;
നിൻ നില കൈവന്നാൽ ധന്യനായ് ഞാൻ.
ഞാനൊരു കല്പാന്തം പാറയായ് നിൽക്കേണ്ട ;
സൂനമായൊറ്റനാൾ വാണാൽപ്പോരും,
എൻ കുലഗുൽമത്തിൻ ദുർഗ്ഗുണകണ്ടക-
മെങ്കൽ നിന്നാവതും താഴ്ത്തി നിർത്തി