അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Friday, October 2, 2009

കൃഷ്ണന്‍‌ പറപ്പള്ളി -മഹാത്മജി




(കവിത കേൾക്കാം )

(കവിത വായിക്കുക)


 



കൃഷ്ണന്‍ പറപ്പള്ളി

1921 -ല്‍ കോട്ടയം ജില്ലയിലെ രാമപുരത്ത് ജനനം. അമ്മ പാര്‍‌വതി ,അച്ഛന്‍‌ പരമേശ്വരന്‍‌ . രാമപുരത്തും പാലായിലും തിരുവനന്തപുരത്തും വിദ്യാഭ്യാസം. 1943-മുതല്‍ മുംബൈയില്‍. പത്നി സരസ്വതി. രണ്ടുപെണ്‍മക്കള്‍ ലളിതാവിശ്വനാഥന്‍ , സുഷമരവീന്ദ്ര
മുംബൈ മലയാളികളുമായി സംഘടനാപരമായും സാഹിത്യപരമായും സാംസ്കാരികമായും
അടുത്തിടപഴകിയായിരുന്നു ആരംഭം . ആദര്‍ശനിഷ്ഠവും പ്രവര്‍ത്തനപരവുമായ ജീവിതം. മലയാളത്തിലെ ഇന്നത്തെ ഏറ്റവും മുതിര്‍ന്ന കവികളില്‍ ഒരാളായി , പ്രത്യേകിച്ചും മലയാളകവിതയുടെ മഹനീയപാരമ്പര്യം പുലര്‍ത്തുന്ന സാത്ത്വികകവിയായും ജ്യേഷ്ഠകവിയായും ആദരിക്കപ്പെടുന്നു. കാവ്യസപര്യയുടെ ആദ്യഘട്ടത്തില്‍‍തന്നെ വള്ളത്തോള്‍ ഈ കവിയില്‍ 'നിത്യവസന്തത്വം' കണ്ടെത്തി ആശീര്‍വദിച്ചു. മുണ്ടശ്ശേരിയുടെയും ചങ്ങമ്പുഴയുടെയും സംയുക്ത പത്രാധിപത്യത്തിലുള്ള, മംഗളോദയം മാസികയിലാണ്‌ എഴുതിത്തുടങ്ങിയത്.
കൃതികള്‍‌:
ഇരുപതോളം കാവ്യസമാഹാരങ്ങള്‍‌‍, അവയില്‍ കൃഷ്ണലീല, ശാങ്കരസാഗരം,വിവേകാനന്ദസരോവരം, കൃപാമൃതം, ദാര്‍ശനികചക്രവാളങ്ങള്‍ 1008 അനുഷ്ടുപ്പ്ശ്ലോകങ്ങളില്‍ ഒരു സുഭാഷിതമഹാകാവ്യം) എന്നിവ മാര്‍ഗ്ഗദര്‍ശകകൃതികളായി മതിക്കപ്പെട്ടിരിക്കുന്നു.
പുരസ്കാരങ്ങള്‍‌:
'ഗീതകഗന്ധര്‍വ്വന്‍‌ ‍' എന്ന് മതിക്കപ്പെട്ട അതുല്യഗീതകസംഭാവന.ശ്രീകൃഷ്ണരത്നം ബഹുമതി, എഴുത്തച്ഛന്‍ , മേല്‍പത്തൂര്‍, പൂന്താനം, രാമപുരത്തുവാര്യര്‍, മഹാകവിത്രയം, വിവേകാനന്ദന്‍ , ആദിശങ്കരന് ‍, ചങ്ങമ്പുഴ, മുതലായവരുടെ പേരുകളില്‍ ഉള്ളവയുള്‍പെടെ പതിനാറോളം പ്രഥമ-പ്രത്യേക പുരസ്കാരങ്ങള്‍.

"കേരളത്തേക്കള്‍ വിശാലതരമായ കേരളസംസ്കാരത്തിന്റെ ഗായകനാണ് കൃഷ്ണന്‍പറപ്പള്ളി. സൗന്ദര്യത്തിന്റെപ്രകാശവും സത്യത്തിന്റെ പ്രഭാവവും രചനയുടെ പ്രസാദവും ഒത്തിണങ്ങിയ
പറപ്പള്ളിക്കവിത ആധുനിക മലയാളകവിതയുടെ അഭിമാനമാണ്." ഡോ.സുകുമാര്‍ അഴീക്കോട് പറപ്പള്ളിയുടെ കവിതകളെ ഇങ്ങനെ വിലയിരുത്തുന്നു.

ശ്രീ കൃഷ്ണന്‍‌ പറപ്പള്ളിയെക്കുറിച്ചുള്ള വിവരങ്ങള്‍‌ അയച്ചുതന്നതിന്‌ ശ്രീ എസ്. ഹരിലാല്‍ മുംബൈയ്ക്ക് പ്രത്യേകം നന്ദി.








Wednesday, September 30, 2009

ലളിതാംബിക അന്തര്‍ജ്ജനം- കൂപ്പുകൈ


കവിത കേള്‍ക്കാം

(കവിത വായിക്കുക)
ലളിതാംബിക അന്തര്‍ജ്ജനം (1909- 1987 )
സ്ത്രീ സ്വാതന്ത്ര്യത്തിന്‌ സമൂഹം കല്‍‌പ്പിച്ച വിലക്കുകള്‍‌ക്കെതിരേ പ്രതികരിച്ച എഴുത്തുകാരി. സംസ്കാരിക മേഖലകളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന കാലഘട്ടത്തില്‍ സ്ത്രീപക്ഷ ചിന്തകളെ ശക്തിയുക്തം ന്യായീകരിച്ചു കൊണ്ടുള്ള രചനകള്‍‌ നടത്തി. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനാവശ്യമെന്ന് നമ്പൂതിരി സമുദായം കരുതിയിരുന്ന ഒരു കാലത്ത് സാഹിത്യത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ലളിതാംബിക അന്തര്‍ജ്ജനം തന്‍റെ രചനകളിലൂടെ സാമൂഹ്യ തിന്‍‌മകളോട് കലഹിക്കുകയായിരുന്നു.

സ്ത്രീ വിദ്യാഭ്യാസം വിലക്കിയിരുന്ന കാലത്ത് പോലും മലയാളത്തിനും സംസ്കൃതത്തിനും പുറമെ ഇംഗ്ലീഷിലും അവര്‍ പരിജ്ഞാനം നേടിയിരുന്നു. പിതാവ്‌ കൊട്ടാരക്കര
താലൂക്കില്‍കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍ദാമോദരന്‍പോറ്റി. മാതാവ് ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തര്‍ജനം. ഭര്‍ത്താവ്‌ പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണന്‍നമ്പൂതിരി .
വിദ്യാഭ്യാസം സ്വഗൃഹത്തില്‍വച്ചു നടത്തി. കവിതയിലൂടെ സാഹിത്യ ജീവിതം ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളില്‍ പ്രാവീണ്യം ഉണ്ടായിരുന്നു ജന്‍മനാ കവിയായ അവരുടെ കവിത്വത്തിന്‍റെ സര്‍ഗ്ഗധനത, കവിതയിലെപോലെ കഥകളിലും കാണാന്‍കഴിയും. മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി” എന്ന ഒറ്റ നോവല്‍ കൊണ്ട് ആസ്വാദക മനസ്സുകളില്‍‌ ലളിതാംബിക അന്തര്‍ജ്ജനം ചിര:പ്രതിഷ്ഠ നേടി

കൃതികള്‍‌: മൂടു പടത്തില്‍, ആദ്യത്തെ കഥകള്‍, തകര്‍ന്ന തലമുറ, കാലത്തിന്‍റെ ഏടുകള്‍, കിളിവാതിലിലൂടെ, കൊടുങ്കാറ്റില്‍ നിന്ന്, കണ്ണീരിന്‍റെ പുഞ്ചിരി, ഇരുപതു വര്‍ഷത്തിനു ശേഷം, അഗ്നി പുഷ്പങ്ങള്‍, സത്യത്തിന്‍റെ സ്വരം, വിശ്വരൂപം, ഇഷ്ടദേവത, അംബികാഞ്ജലി, പവിത്രമോതിരം, ധീരേന്ദുമജുംദാരുടെ അമ്മ, തിരഞ്ഞെടുത്ത കഥകള്‍. (കഥകള്‍‌ ) ലളിതാഞ്ജലി, ഓണക്കാഴ്ച, ശരണമഞ്ജരി, ഭാവദീപ്തി, നിശബ്ദ സംഗീതം, ഒരു പൊട്ടിച്ചിരി, ആയിരത്തിരി (കവിത ) പുനര്‍ജ്ജന്‍‌മം, വീര സംഗീതം (നാടകം) , കുഞ്ഞോമന, ഗോസായി പറഞ്ഞ കഥ, തേന്‍ തുള്ളികള്‍, ഗ്രാമ ബാലിക (ബാലസാഹിത്യം ) അഗ്നി സാക്ഷി (നോവല്‍) . സീത മുതല്‍ സാവിത്രി വരെ (പഠനം ) ആത്മകഥയ്‌ക്ക് ഒരാമുഖം (ആത്മകഥ)
പുരസ്കാരങ്ങള്‍‌:
കുഞ്ഞോമന എന്ന ബാലസാഹിത്യ കൃതിക്കു കല്യാണീ കൃഷ്ണമേനോന്‍ പ്രൈസും, ഗോസായി പറഞ്ഞ കഥയ്ക്കു കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.





Tuesday, September 22, 2009

ആര്‍‌ രാമചന്ദ്രന്‍‌ -പ്രലോഭനം

കവിത കേള്‍ക്കാം

(കവിത വായിക്കുക)


ആര്‍‌ രാമചന്ദ്രന്‍‌
(1923 - 2005)

1923 ല്‍ തൃശ്ശൂര്‍‌ ജില്ലയിലെ താമരത്തിരുത്തിയില്‍‌ ജനനം. പഴയ കൊച്ചിരാജ്യത്തില്‍‌ സ്കൂ‌ള്‍‌ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം മഹാരാജാസില്‍‌ കലാലയ വിദ്യാഭ്യാസം. മലബാര്‍‌ കൃസ്ത്യന്‍‌ കോളേജില്‍‌ മുപ്പതു വര്‍‌ഷക്കാലം മലയാളം അദ്ധ്യാപകനായിരുന്നു. മലയാളകവിതയിലെ നൂതനപ്രവണതകള്‍‌ക്ക് തുടക്കം കുറിച്ച കവികളില്‍‌ ഒരാള്‍‌. വളരെക്കുറച്ച് കവിതകള്‍‌ മാത്രമേ എഴുതിയിട്ടുള്ളൂ എങ്കിലും ഓരോ കവിതയും പുതിയ കാവ്യാനുഭവങ്ങള്‍‌ പകരുന്നതാണ്‌.
കൃതികള്‍‌ :മുരളി, സന്ധ്യാനികുഞ്ജങ്ങള്‍‌,ശ്യാമസുന്ദരി, പിന്നെ എന്തിനീ യാത്രകള്‍‌,ആര്‍‌ രാമചന്ദ്രന്റെ കൃതികള്‍‌
പുരസ്കാരങ്ങള്‍‌:കവിതയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍‌ഡ് (2002)