അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Monday, November 18, 2013

മലയാളകവിതയുടെ ചരിത്രവഴികള്‍ VI ഉണ്ണിയാടീചരിതം -ദാമോദരച്ചാക്യാർ



പതിനാലാം ശതകത്തിന്റെ അവസാനം ഉണ്ടായ മറ്റൊരു മണിപ്രവാള കൃതിയാണ് ഉണ്ണിയാടീചരിതം  .  .ലഭ്യമായിട്ടുള്ള ഗ്രന്ഥം അപൂർണമാണ് ദാമോദരച്ചാക്യാർ ആണ് ഇതിന്റെ രചയിതാവ് എന്നു കാണുന്നു കോട്ടയത്തിനടുത്തുള്ള മാങ്ങാനത്ത് ചാക്യാര്‍ കുടുംബത്തില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. പതിന്നാലാം ശതകത്തിന്റെ അവസാനം കായംകുളം രാജ്യം ഭരിച്ചിരുന്ന കേരളവര്‍മയുടെ ആശ്രിതനും പണ്ഡിതനുമായിരുന്നു ഇദ്ദേഹം. ഉണ്ണിയാടീചരിതം, സംസ്കൃതകാവ്യമായ ശിവവിലാസം എന്നിവയാണ് ചാക്യാരുടെ പ്രമുഖ കൃതികള്‍
പ്രാചീന മണിപ്രവാളത്തിന്റെ സാരള്യത്തിനും മാധുര്യത്തിനും നിദര്‍ശനമാണ് ഉണ്ണിയാടീചരിതം.
. ഓടനാടു വാണിരുന്ന ഇരവികേരളവർമ്മന് ചെറുകര കുട്ടത്തി എന്ന നർത്തകിയിൽ ജനിച്ച പുത്രിയാണ് ഉണ്ണിയാടി. ചന്ദ്രപത്നിയായ രോഹിണി ഭര്‍തൃകാമുകിയായ പ്രാവൃട്ട് എന്ന ഗന്ധര്‍വ യുവതിയെ ശപിച്ചതിന്റെ ഫലമായി അവള്‍ ഉണ്ണിയാടി എന്ന പേരില്‍ കണ്ടിയൂര്‍ മറ്റത്ത് ജനിച്ചു. അവളുടെ പാട്ടിന്റെ മാധുര്യത്തെപ്പറ്റി കേട്ടറിഞ്ഞ ചന്ദ്രന്‍ അഞ്ചുദിവസത്തെ അന്വേഷണത്തിനുശേഷം കണ്ടിയൂര്‍ മറ്റത്ത് എത്തിച്ചേര്‍ന്നു. അവിടെ ക്ഷേത്രമുറ്റത്ത് കണ്ട ദാമോദരച്ചാക്യാരില്‍നിന്ന് 'ലോക ലോചന ചകോരചന്ദ്രിക'യായ ഉണ്ണിയാടിയെയും കുടുംബത്തെയും പറ്റി വര്‍ണിച്ചുകേട്ടു. ഗന്ധര്‍വന്മാരോടുകൂടി ഉണ്ണിയാടിയുടെ ഗൃഹത്തിലെത്തിയ ചന്ദ്രന്‍ ആ ഗൃഹത്തിന്റെ ഓരോ ഭാഗത്തും പാടു കിടക്കുന്ന ആഢ്യന്മാരായ നമ്പൂതിരിമാര്‍, വിടന്മാരായ പ്രഭുക്കന്മാര്‍, വര്‍ത്തകപ്രമാണികള്‍, മണിപ്രവാള കവികള്‍, ചെട്ടിമാര്‍ എന്നിവരെയാണു കണ്ടത്.
.രചനാസൗഷ്ഠവത്തിൽ മികച്ചുനിൽക്കുന്ന കാവ്യമാണിത് . ഗദ്യഭാഗങ്ങളും ശ്ലോകങ്ങളും ഇടകലർത്തിയിരിക്കുന്നുവെങ്കിലും   പലേടത്തും ഗദ്യമാണ് കൂടുതൽ. പിൽക്കാല മലയാള കവിതയിൽ പ്രചാരം നേടിയ വൃത്തങ്ങളുടെ ഛായയുള്ള താളാത്മകഗദ്യവും ഇടയ്ക്കു കാണുന്ന ദണ്ഡകവും ഈ കൃതിയെ ആകർഷകമാക്കുന്നു.

പ്രാവൃട്ടിന്റെ സൗന്ദര്യം വര്‍ണിക്കുന്നത് 'അടിതൊടു മിനിയ കുഴല്‍ കുടിലത തടവു കുരുള്‍
തൊടുകുറികലിതനുതല്‍, നടമിടു പുരികനടി
ചടുലതയുടയ മിഴി, വടിവെഴുമധരരുചി,
ചുടരണി മറുവല്‍ നെറി, പടുതര മധുരമൊഴി'
എന്നാണ്.  ശബ്ദഭംഗി ദാമോദരച്ചാക്യാരുടെ ഭാഷയുടെ പ്രത്യേകതയാണ്. ഫലിതവും പരിഹാസവും കൃതിയിലുടനീളം കാണാം.  കൊല്ലം, കോഴിക്കോട്, മാടായി തുടങ്ങിയ സ്ഥലങ്ങളിലെ കച്ചവടസ്ഥലങ്ങളെപ്പറ്റിയും അവിടെ പ്രചാരത്തിലിരുന്ന കാശ്, പൊന്ന്, തിരമം, അച്ച്, ചോഴിയക്കാശ്, വെള്ളിപ്പണം തുടങ്ങിയ നാണയങ്ങളെക്കുറിച്ചും ഈ കൃതിയില്‍നിന്ന് അറിയാന്‍ കഴിയും.
അവലംബം :
1. കാവ്യരത്നാകരം(ശൂരനാട്ട് കുഞ്ഞന്‍ പിള്ള,സാഹിത്യ അക്കാദമി)
2. ഉണ്ണിയാടീചരിതം (വിക്കിപീടിയ)
3.ദാമോദരച്ചാക്യാര്‍

Saturday, November 16, 2013

തിരുനല്ലൂര്‍ കരുണാകരന്‍ -ഒരു തത്തയുടെ കഥ


മലയാളകവിതയുടെ ചരിത്രവഴികള്‍ V ഉണ്ണിയച്ചീചരിതം -തേവൻ ചിരികുമാരൻ



  പ്രാചീന മണിപ്രവാള ചമ്പുക്കളിൽ ഏറ്റവും പ്രാചീനമെന്നും  മലയാളഭാഷയിലെ ആദ്യ ചമ്പൂകാവ്യം എന്നും കരുതപ്പെടുന്ന  കൃതിയാണ് ഉണ്ണിയച്ചീചരിതം.. ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം എന്നിവയാണ്‌ മറ്റു പ്രാചീന ചമ്പുക്കൾ. തിരുനെല്ലിക്കു സമീപമുള്ള തിരുമരുതൂർ ക്ഷേത്രത്തിലെ നർത്തകിയായ ഉണ്ണിയച്ചിയാണ്‌ ഉണ്ണിയച്ചീചരിതത്തിലെ നായിക. മണിപ്രവാളത്തിലെഴുതപ്പെട്ട  കൃതിയാണിത്. ഭാഷ, സാഹിത്യം, സാമൂഹികം, ദേശചരിത്രം എന്നിങ്ങനെയുള്ള വിവിധതലങ്ങളിൽ ഈ കൃതിക്ക് സ്ഥാനമുണ്ട്. ഇത് എഴുതപ്പെട്ട കാലത്തെ സാമൂഹികചരിത്രത്തെ നന്നായി പ്രതിഫലിപ്പിക്കുന്ന കൃതിയാണ്‌.

തേവർ ചിരികുമാരൻ  ആണ്‌ ഉണ്ണിയച്ചീചരിതത്തിന്റെ രചയിതാവെന്ന് ഗ്രന്ഥത്തിൽ സൂചിപ്പിച്ചിരിക്കുന്നു. ഈ ഗ്രന്ഥം ഓലയിൽ പകർത്തിയെഴുതിയത് രാമൻ ചിരികുമാരനാണെന്ന് കാവ്യത്തിൽ പരാമര്‍ശിയ്ക്കുന്നു.

 ഈ കൃതിയില്‍  തന്നെയുള്ള പരാമര്‍ശങ്ങള്‍ വെച്ച് എ ഡി  1346 നു മുന്പായിരിയ്ക്കണം ഉണ്ണിയച്ചീചരിതം എഴുതപ്പെട്ടതു എന്ന് ഉള്ളൂര്‍ അനുമാനിയ്കുന്നു  .സേലത്ത് അതിയമാനല്ലൂരിൽനിന്ന് കോലത്തുനാട്ടിലും അവിടെനിന്ന് പുറക്കിഴാനാട്ടിലെ തിരുമരുതൂരിലും (വടക്കൻ കോട്ടയത്ത്) എത്തിച്ചേർന്ന നങ്ങയ്യയുടെ പുത്രി അച്ചിയാരുടെ രണ്ടു പെണ്മക്കളിൽ അനുജത്തിയായസുന്ദരിയായ ഉണ്ണിയച്ചിയില്‍ ഒരു ഗന്ധർവന്‌ ഉളവാകുന്ന അനുരാഗമാണ്‌ ഉണ്ണിയച്ചീചരിതത്തിലെ പ്രമേയം.

 അവലംബം :  കാവ്യരത്നാകരം(ശൂരനാട്ട് കുഞ്ഞന്‍ പിള്ള,സാഹിത്യ അക്കാദമി)
ഈ ലിങ്കുകള്‍ കാണുക
ഉണ്ണിയച്ചീചരിതം വിക്കിപീടിയ
പ്രാദേശികത ഉണ്ണിയച്ചീചരിതത്തില്‍ ശ്രീജിത്ത്‌,ജി