അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Friday, December 18, 2009

Saturday, December 5, 2009

പാലാ നാരായണന്‍നായര്‍ -അമൃതകല



(കവിത കേൾക്കാം )

(കവിത വായിക്കുക)
പാലാ നാരായണന്‍ നായര്‍ (1911 -2008)

കേരളീയ ഭാവങ്ങള്‍ നിറഞ്ഞുനിന്ന കവിതകളിലൂടെ മലയാള സാഹിത്യത്തെ പുഷ്കലമാക്കിയ മഹാകവിയായിരുന്നു പാലാ നാരായണന്‍ നായര്‍. അച്ഛന്‍‌ കീപ്പള്ളില്‍ ശങ്കരന്‍ നായര്‍‌ . അമ്മ പുലിയന്നൂര്‍ പുത്തൂര്‍ വീട്ടില്‍ പാര്‍‌വതിയമ്മ. കുടിപ്പള്ളിക്കൂടം അദ്ധ്യാപകനായിരുന്ന പിതാവില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം . പാലാ വി. എം സ്കൂള്‍, സെന്റ് തോമസ് സ്കൂള്‍ എന്നിവിടങ്ങളില്‍ ഉപരി പഠനം .1956-ല്‍ കേരള സര്‍വകലാശാലയില്‍നിന്ന്‌ എം.എ റാങ്കോടെ പാസായി. അദ്ധ്യാപകനും, കണക്കെഴുത്തുകാരനും, പട്ടാളക്കാരനുമായി ജീവിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തു. 1967 ല്‍തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായി. പൂഞ്ഞാര്‍‌ എസ് എം വി ഹൈസ്കൂള്‍‌, പാലാ അല്‍ഫോന്‍സ കോളേജ്, കൊട്ടിയം എന്‍‌ .എസ്‌.എസ്‌ കോളേജ് എന്നിവിടങ്ങളീല്‍‌ അദ്ധ്യാപകനായി ജോലിചെയ്തിട്ടുണ്ട് . ഭാര്യ പുത്തന്‍വീട്ടില്‍ സുഭദ്രക്കുട്ടിയമ്മ.

ആദ്യം പ്രസിദ്ധീകരിച്ച കവിത 'ആ നിഴല്‍' ആണ്‌; കവിയുടെ പതിനേഴാം വയസ്സില്‍. 1935ല്‍ ആദ്യസമാഹാരം 'പൂക്കള്‍'.

ജൂണ്‍ 11, 2008 നു അന്തരിച്ചു

കൃതികള്‍:

അമൃതകല,നിര്‍ദ്ധനന്‍‌ ,അടിമ, പടക്കളം,കേരളം വളരുന്നു,പൗര്‍‌ണ്ണമി, പാലാഴി, മേഘസഞ്ചാരം, സമരമുഖത്ത് ,ഗാന്ധിഭാരതം, അനന്തപുരി,സൂര്യഗായത്രി,

പുരസ്കാരങ്ങള്‍:

ക്ഷേത്ര പ്രവേശന വിളംബരത്തോടനുബന്ധിച്ചു നടത്തിയ കവിതാമത്സരത്തില്‍‌ ഒന്നാം സമ്മാനമായ സ്വര്‍ണ്ണമെഡല്‍ നേടി. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പൂത്തേഴന്‍ സ്‌മാരക പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം,വള്ളത്തോള്‍ പുരസ്കാരം കാളിദാസ പുരസ്കാരം മൂലൂര്‍ അവാര്‍‌ഡ് എന്നിവയും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. മലയാള കവിതയ്‌ക്ക്‌ നല്‍കിയ സമഗ്ര സംഭാവനയ്ക്ക്‌ 2002ലെ മാതൃഭൂമി പുരസ്കാരവും ലഭിച്ചു.1937-ല്‍ കവിതാ രചനയ്ക്ക്‌ സമസ്‌ത കേരള സാഹിത്യ പരിഷത്തില്‍നിന്ന്‌ കീര്‍ത്തിമുദ്ര ലഭിച്ചു. ഭോപ്പാല്‍ സാഹിത്യ സമ്മേളനത്തിന്റെ ഭാരത ഭാഷാ ഭൂഷണ്‍ ബഹുമതി, ആശാന്‍ പ്രൈസ്‌, ഓള്‍ ഇന്ത്യ റൈറ്റേഴ്‌സ്‌ ഫോറത്തിന്റെ താമ്രപത്രം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്‌.

(photo courtesy google)
ടെക്സ്റ്റ്‌:NBS ന്റെ കവിതയുടെ നൂറ്റാണ്ട്

Sunday, November 1, 2009

കേരളഗാനം-ബോധേശ്വരന്‍

(കവിത കേൾക്കാം )

(കവിത വായിക്കുക)

ബോധേശ്വരന്‍ ( 1904 - 1990 )

കഴിഞ്ഞ തലമുറയുടെ പുരോഗമന വിപ്ളവശക്തികളുടെ ഹരവും ആവേശവുമായിരുന്നു ബോധേശ്വരന്‍ . ആധ്യാത്മിക രംഗത്തെ ചൈതന്യമുള്‍ക്കൊണ്ടുകൊണ്ട് ദേശീയപ്രസ്ഥാനത്തില്‍ ആകൃഷ്ടനായ അദ്ദേഹം സ്വാതന്ത്യ്രസമരയോദ്ധാക്കളെ ആവേശഭരിതരാക്കുന്ന സമരാത്മചൈതന്യവും ധാര്‍മ്മിക ലാവണ്യവും ഉള്‍ക്കൊള്ളുന്ന നിരവധി കവിതകള്‍ രചിച്ചും ആരാധ്യനായി. സമൂദായ സൃഷ്ടിക്കുവേണ്ടി ആര്യസമാജം, ബ്രഹ്മസമാജം, ശ്രീരാമകൃഷ്ണ മിഷന്‍ തുടങ്ങിയ ആധ്യാത്മിക പ്രസ്ഥാനങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടു കൊണ്ടാണ് ബോധേശ്വരന്‍ പൊതുരംഗത്തേയ്ക്കു വന്നത്. തിരുവിതാംകൂറില്‍ നിന്നും തിരിച്ച വൈക്കം സത്യാഗ്രഹ ജാഥയുടെ സൂത്രധാരനായിരുന്നു അദ്ദേഹം. തിരുവിതാംകൂറിലെ അയിത്തോച്ചാടന കമ്മിറ്റി കാര്യദര്‍ശിയുമായിരുന്നു.
നെയ്യാറ്റിന്‍കര ചമ്പയില്‍ പുത്തന്‍ വീട്ടില്‍ കുഞ്ഞന്‍പിള്ളയുടേയും ജാനകി അമ്മയുടേയും മകനായി 1904 ഡിസംബറില്‍ ജനിച്ചു. കാഞ്ഞിരംകുളം ഹൈസ്കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ദേശാടനത്തിനിറങ്ങിത്തിരിച്ച ബോധേശ്വരന്‍ കാശിയില്‍ വച്ചാണ് കേശവപിള്ളയെന്ന തന്റെ നാമം ബോധേശ്വരനെന്ന് തിരുത്തിയത്. കേരളഗാനം എന്ന അദ്ദേഹത്തിന്റെ കവിത കഴിഞ്ഞ തലമുറയുടെയാകെ പ്രശംസക്കര്‍ഹമായി. സ്വാതന്ത്യ്രസമരസേനാനികളില്‍ ആവേശമുണര്‍ത്തുന്ന മറ്റൊട്ടേറെ കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്.

കൃതികള്‍‌ :

ആദര്‍‌ശാരാമം, സ്വതന്ത്രകേരളം, ധനഗീതം, ഹൃദയാങ്കുരം, രക്തരേഖകള്‍‌, മതപ്രഭാഷണങ്ങള്‍‌

Ref:

http://corporationoftrivandrum.org/index.php?option=com_content&view=article&id=28%3Aindependance&catid=14%3Aindependance&Itemid=8

Sunday, October 4, 2009

ടി ഉബൈദ്‌ - തീപിടിച്ച പള്ളി




(കവിത കേൾക്കാം )
(കവിത വായിക്കുക)

ടി .ഉബൈദ്‌ (1908- 1972)

കാസർകോട്‌ ജില്ലയിൽ ജനനം. മാപ്പിളപ്പാട്ടുശാഖയിൽ ഗവേഷണം നടത്തിയിട്ടുണ്ട്‌. തൂലികാനാമാണ്‌ ഉബൈദ്‌ (വിനീതദാസൻ). യഥാർത്ഥനാമം അബ്ദുൾ റഹിമാൻ. കേരള സാഹിത്യ അക്കാദമി, സമസ്ത കേരള സാഹിത്യ പരിഷത്‌ തുടങ്ങിയവയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌. മലയാളശബ്ദം വാരികയുടെ പത്രാധിപരായിരുന്നു. സ്വത്വബലമുള്ള ഒരു സൃഷ്‌ടി പ്രതിഭയുടെ ഉടമയാണ് ടി ഉബൈദ്‌. മാപ്പിളപ്പാട്ടുകള്‍ കേരളീയ ഭാഷയുടെയും സംസ്‌കൃതിയുടെ ഭാഗമാക്കിയതാണ്‌ ഉബൈദിന്റെ ഏറ്റവുംവലിയ സംഭാവന. അടങ്ങാത്ത സാഹിത്യവാസന, മലയാളത്തിലും കന്നടയിലും നല്ല അവഗാഹം, ഇരുസാഹിത്യങ്ങളെയും തമ്മില്‍ അടുപ്പിക്കുന്നതിനുള്ള നിരന്തര പരിശ്രമവും താത്‌പര്യവും , മലയാളസാഹിത്യത്തില്‍ മുസ്‌ലിം സമുദായത്തിന്റെ വിലയേറിയ സേവനങ്ങളെക്കുറിച്ച്‌ മനസ്സിലാക്കിക്കാനുള്ള കഴിവ് - ഇതെല്ലാമായിരുന്നു സാഹിത്യ വിമര്‍‌ശകര്‍ക്കുപോലും ഉബൈദില്‍ കാണാന്‍ കഴിഞ്ഞ പ്രത്യേക കഴിവുകള്‍‌‌ ..

1972 ഒക്ടോബർ 3നു അന്തരിച്ചു
(അവലംബം :http://malayalam.webdunia.com/miscellaneous/literature/articles/0810/07/1081007083_1.ഹറം)

കൃതികൾ
: നവരത്നമാലിക,ബാഷ്പധാര,സമുദായദുന്ദുഭി, ചന്ദ്രക്കല, ഗാനവീചി,തിരുമുൽക്കാഴ്ച്ച, ഹസ്രത്ത്മാലിക്‌ ദീനാർ, ഖാസിമർഹും, അബ്ദുല്ലാഹാജി, മുഹമ്മദ്ഗെറൂൽ സാഹെബ്‌, ശിവരാമ കാറന്തിന്റെ കന്നടനോവൽവിവർത്തനം ( 'മണ്ണിലേയ്ക്കുമടങ്ങി' )

Friday, October 2, 2009

കൃഷ്ണന്‍‌ പറപ്പള്ളി -മഹാത്മജി




(കവിത കേൾക്കാം )

(കവിത വായിക്കുക)


 



കൃഷ്ണന്‍ പറപ്പള്ളി

1921 -ല്‍ കോട്ടയം ജില്ലയിലെ രാമപുരത്ത് ജനനം. അമ്മ പാര്‍‌വതി ,അച്ഛന്‍‌ പരമേശ്വരന്‍‌ . രാമപുരത്തും പാലായിലും തിരുവനന്തപുരത്തും വിദ്യാഭ്യാസം. 1943-മുതല്‍ മുംബൈയില്‍. പത്നി സരസ്വതി. രണ്ടുപെണ്‍മക്കള്‍ ലളിതാവിശ്വനാഥന്‍ , സുഷമരവീന്ദ്ര
മുംബൈ മലയാളികളുമായി സംഘടനാപരമായും സാഹിത്യപരമായും സാംസ്കാരികമായും
അടുത്തിടപഴകിയായിരുന്നു ആരംഭം . ആദര്‍ശനിഷ്ഠവും പ്രവര്‍ത്തനപരവുമായ ജീവിതം. മലയാളത്തിലെ ഇന്നത്തെ ഏറ്റവും മുതിര്‍ന്ന കവികളില്‍ ഒരാളായി , പ്രത്യേകിച്ചും മലയാളകവിതയുടെ മഹനീയപാരമ്പര്യം പുലര്‍ത്തുന്ന സാത്ത്വികകവിയായും ജ്യേഷ്ഠകവിയായും ആദരിക്കപ്പെടുന്നു. കാവ്യസപര്യയുടെ ആദ്യഘട്ടത്തില്‍‍തന്നെ വള്ളത്തോള്‍ ഈ കവിയില്‍ 'നിത്യവസന്തത്വം' കണ്ടെത്തി ആശീര്‍വദിച്ചു. മുണ്ടശ്ശേരിയുടെയും ചങ്ങമ്പുഴയുടെയും സംയുക്ത പത്രാധിപത്യത്തിലുള്ള, മംഗളോദയം മാസികയിലാണ്‌ എഴുതിത്തുടങ്ങിയത്.
കൃതികള്‍‌:
ഇരുപതോളം കാവ്യസമാഹാരങ്ങള്‍‌‍, അവയില്‍ കൃഷ്ണലീല, ശാങ്കരസാഗരം,വിവേകാനന്ദസരോവരം, കൃപാമൃതം, ദാര്‍ശനികചക്രവാളങ്ങള്‍ 1008 അനുഷ്ടുപ്പ്ശ്ലോകങ്ങളില്‍ ഒരു സുഭാഷിതമഹാകാവ്യം) എന്നിവ മാര്‍ഗ്ഗദര്‍ശകകൃതികളായി മതിക്കപ്പെട്ടിരിക്കുന്നു.
പുരസ്കാരങ്ങള്‍‌:
'ഗീതകഗന്ധര്‍വ്വന്‍‌ ‍' എന്ന് മതിക്കപ്പെട്ട അതുല്യഗീതകസംഭാവന.ശ്രീകൃഷ്ണരത്നം ബഹുമതി, എഴുത്തച്ഛന്‍ , മേല്‍പത്തൂര്‍, പൂന്താനം, രാമപുരത്തുവാര്യര്‍, മഹാകവിത്രയം, വിവേകാനന്ദന്‍ , ആദിശങ്കരന് ‍, ചങ്ങമ്പുഴ, മുതലായവരുടെ പേരുകളില്‍ ഉള്ളവയുള്‍പെടെ പതിനാറോളം പ്രഥമ-പ്രത്യേക പുരസ്കാരങ്ങള്‍.

"കേരളത്തേക്കള്‍ വിശാലതരമായ കേരളസംസ്കാരത്തിന്റെ ഗായകനാണ് കൃഷ്ണന്‍പറപ്പള്ളി. സൗന്ദര്യത്തിന്റെപ്രകാശവും സത്യത്തിന്റെ പ്രഭാവവും രചനയുടെ പ്രസാദവും ഒത്തിണങ്ങിയ
പറപ്പള്ളിക്കവിത ആധുനിക മലയാളകവിതയുടെ അഭിമാനമാണ്." ഡോ.സുകുമാര്‍ അഴീക്കോട് പറപ്പള്ളിയുടെ കവിതകളെ ഇങ്ങനെ വിലയിരുത്തുന്നു.

ശ്രീ കൃഷ്ണന്‍‌ പറപ്പള്ളിയെക്കുറിച്ചുള്ള വിവരങ്ങള്‍‌ അയച്ചുതന്നതിന്‌ ശ്രീ എസ്. ഹരിലാല്‍ മുംബൈയ്ക്ക് പ്രത്യേകം നന്ദി.








Wednesday, September 30, 2009

ലളിതാംബിക അന്തര്‍ജ്ജനം- കൂപ്പുകൈ


കവിത കേള്‍ക്കാം

(കവിത വായിക്കുക)
ലളിതാംബിക അന്തര്‍ജ്ജനം (1909- 1987 )
സ്ത്രീ സ്വാതന്ത്ര്യത്തിന്‌ സമൂഹം കല്‍‌പ്പിച്ച വിലക്കുകള്‍‌ക്കെതിരേ പ്രതികരിച്ച എഴുത്തുകാരി. സംസ്കാരിക മേഖലകളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന കാലഘട്ടത്തില്‍ സ്ത്രീപക്ഷ ചിന്തകളെ ശക്തിയുക്തം ന്യായീകരിച്ചു കൊണ്ടുള്ള രചനകള്‍‌ നടത്തി. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനാവശ്യമെന്ന് നമ്പൂതിരി സമുദായം കരുതിയിരുന്ന ഒരു കാലത്ത് സാഹിത്യത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ലളിതാംബിക അന്തര്‍ജ്ജനം തന്‍റെ രചനകളിലൂടെ സാമൂഹ്യ തിന്‍‌മകളോട് കലഹിക്കുകയായിരുന്നു.

സ്ത്രീ വിദ്യാഭ്യാസം വിലക്കിയിരുന്ന കാലത്ത് പോലും മലയാളത്തിനും സംസ്കൃതത്തിനും പുറമെ ഇംഗ്ലീഷിലും അവര്‍ പരിജ്ഞാനം നേടിയിരുന്നു. പിതാവ്‌ കൊട്ടാരക്കര
താലൂക്കില്‍കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍ദാമോദരന്‍പോറ്റി. മാതാവ് ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തര്‍ജനം. ഭര്‍ത്താവ്‌ പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണന്‍നമ്പൂതിരി .
വിദ്യാഭ്യാസം സ്വഗൃഹത്തില്‍വച്ചു നടത്തി. കവിതയിലൂടെ സാഹിത്യ ജീവിതം ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളില്‍ പ്രാവീണ്യം ഉണ്ടായിരുന്നു ജന്‍മനാ കവിയായ അവരുടെ കവിത്വത്തിന്‍റെ സര്‍ഗ്ഗധനത, കവിതയിലെപോലെ കഥകളിലും കാണാന്‍കഴിയും. മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി” എന്ന ഒറ്റ നോവല്‍ കൊണ്ട് ആസ്വാദക മനസ്സുകളില്‍‌ ലളിതാംബിക അന്തര്‍ജ്ജനം ചിര:പ്രതിഷ്ഠ നേടി

കൃതികള്‍‌: മൂടു പടത്തില്‍, ആദ്യത്തെ കഥകള്‍, തകര്‍ന്ന തലമുറ, കാലത്തിന്‍റെ ഏടുകള്‍, കിളിവാതിലിലൂടെ, കൊടുങ്കാറ്റില്‍ നിന്ന്, കണ്ണീരിന്‍റെ പുഞ്ചിരി, ഇരുപതു വര്‍ഷത്തിനു ശേഷം, അഗ്നി പുഷ്പങ്ങള്‍, സത്യത്തിന്‍റെ സ്വരം, വിശ്വരൂപം, ഇഷ്ടദേവത, അംബികാഞ്ജലി, പവിത്രമോതിരം, ധീരേന്ദുമജുംദാരുടെ അമ്മ, തിരഞ്ഞെടുത്ത കഥകള്‍. (കഥകള്‍‌ ) ലളിതാഞ്ജലി, ഓണക്കാഴ്ച, ശരണമഞ്ജരി, ഭാവദീപ്തി, നിശബ്ദ സംഗീതം, ഒരു പൊട്ടിച്ചിരി, ആയിരത്തിരി (കവിത ) പുനര്‍ജ്ജന്‍‌മം, വീര സംഗീതം (നാടകം) , കുഞ്ഞോമന, ഗോസായി പറഞ്ഞ കഥ, തേന്‍ തുള്ളികള്‍, ഗ്രാമ ബാലിക (ബാലസാഹിത്യം ) അഗ്നി സാക്ഷി (നോവല്‍) . സീത മുതല്‍ സാവിത്രി വരെ (പഠനം ) ആത്മകഥയ്‌ക്ക് ഒരാമുഖം (ആത്മകഥ)
പുരസ്കാരങ്ങള്‍‌:
കുഞ്ഞോമന എന്ന ബാലസാഹിത്യ കൃതിക്കു കല്യാണീ കൃഷ്ണമേനോന്‍ പ്രൈസും, ഗോസായി പറഞ്ഞ കഥയ്ക്കു കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.





Tuesday, September 22, 2009

ആര്‍‌ രാമചന്ദ്രന്‍‌ -പ്രലോഭനം

കവിത കേള്‍ക്കാം

(കവിത വായിക്കുക)


ആര്‍‌ രാമചന്ദ്രന്‍‌
(1923 - 2005)

1923 ല്‍ തൃശ്ശൂര്‍‌ ജില്ലയിലെ താമരത്തിരുത്തിയില്‍‌ ജനനം. പഴയ കൊച്ചിരാജ്യത്തില്‍‌ സ്കൂ‌ള്‍‌ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം മഹാരാജാസില്‍‌ കലാലയ വിദ്യാഭ്യാസം. മലബാര്‍‌ കൃസ്ത്യന്‍‌ കോളേജില്‍‌ മുപ്പതു വര്‍‌ഷക്കാലം മലയാളം അദ്ധ്യാപകനായിരുന്നു. മലയാളകവിതയിലെ നൂതനപ്രവണതകള്‍‌ക്ക് തുടക്കം കുറിച്ച കവികളില്‍‌ ഒരാള്‍‌. വളരെക്കുറച്ച് കവിതകള്‍‌ മാത്രമേ എഴുതിയിട്ടുള്ളൂ എങ്കിലും ഓരോ കവിതയും പുതിയ കാവ്യാനുഭവങ്ങള്‍‌ പകരുന്നതാണ്‌.
കൃതികള്‍‌ :മുരളി, സന്ധ്യാനികുഞ്ജങ്ങള്‍‌,ശ്യാമസുന്ദരി, പിന്നെ എന്തിനീ യാത്രകള്‍‌,ആര്‍‌ രാമചന്ദ്രന്റെ കൃതികള്‍‌
പുരസ്കാരങ്ങള്‍‌:കവിതയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍‌ഡ് (2002)

Sunday, September 13, 2009

ബാലചന്ദ്രന്‍ ചുള്ളിക്കാട്- യാത്രാമൊഴി



കവിത കേള്‍ക്കുക
(കവിത വായിക്കുക )

കവിയുടെ ബ്ലോഗ് ഇവിടെ

1957 ജൂലൈ 30 ന് പറവൂരില്‍ ജനിച്ചു.എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി.പല തൊഴിലുകള്‍ ചെയ്ത ശേഷം1987‌ല്‍‌ കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. 2000ല്‍ ബുദ്ധമതം സ്വീകരിച്ചു. ഇപ്പോൾ അഭിനയമാണു തൊഴിൽ.


ന്യൂഡല്‍ഹി, കല്‍ക്കട്ട, ലക്‍നൌ, അഗര്‍ത്തല, റൂര്‍ക്കേല, ബാംഗ്ലൂര്‍, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കുള്ളില്‍ നടന്ന ദേശീയ സാഹിത്യസമ്മേളനങ്ങളില്‍ മലയാളകവിതയെ പ്രതിനിധീകരിച്ചു. 1994 സെപ്റ്റംബറില്‍ ആലുവയില്‍വച്ച് സാഹിത്യഅക്കാദമിയുടെയും 'സുരഭി'യുടെയും സംയുക്താഭിമുഖ്യത്തില്‍ 22 ഇന്ത്യന്‍ഭാഷകളിലെ 220 സാഹിത്യകാരന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ 'മാനസോത്സവം' ദേശീയ സാഹിത്യസമ്മേളനത്തിന്റെ സ്വാഗതസംഘം കണ്‍വീനര്‍ . 1997 ഒക്ടോബര്‍ - നവംബറില്‍ സ്വീഡിഷ് സര്‍ക്കാരിന്റെയും സ്വീഡിഷ് റൈറ്റേഴ്സ് യൂണിയന്റെയും നോബല്‍ അക്കാദമിയുടെയും സംയുക്തക്ഷണമനുസരിച്ച് സ്വീഡന്‍ സന്ദര്‍ശിച്ച പത്തംഗ ഇന്ത്യന്‍സാഹിത്യകാരസംഘത്തില്‍ അംഗം. 1997 നവംബര്‍ ഒന്നിന് സ്വീഡനിലെ ഗോട്ടെന്‍ബര്‍ഗ് നഗരത്തില്‍ നടന്ന അന്താരാഷ്ട്രപുസ്തകോത്സവത്തോടനുബന്ധിച്ച് സാഹിത്യസമ്മേളനത്തില്‍ ഇന്ത്യന്‍ കവിതയെ പ്രതിനിധീകരിച്ചു. ഹിന്ദി, ബംഗാളി, മറാഠി, രാജസ്ഥാനി, അസമിയ, പഞ്ചാബി, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യന്‍ ഭാഷകളിലേക്കും ഇംഗ്ലീഷ് , ഫ്രഞ്ച്, സ്പാനിഷ്, സ്വീഡിഷ് എന്നീ വിദേശഭാഷകളിലേക്കും കവിതകള്‍ തര്‍ജമ ചെയ്യപ്പെട്ടു .

കൃതികള്‍ : പതിനെട്ടു കവിതകള്‍ , അമാവാസി , ഗസല്‍ ,മാനസാന്തരം ,ഡ്രാക്കുള , ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍

Thursday, August 13, 2009

കാവ്യശ്രീ- ആലാപനം-മഴകണ്ട കുട്ടി -കെ.കെ രാജാ- ആലാപനം

നാലാം തരം മലയാളപഠാവലിയിലെ കവിത
(കവിത കേള്‍ക്കാം  )
(കവിത വായിക്കാം )

'മനസ്വിനി'- ചങ്ങമ്പുഴ കൃഷ്ണപിള്ള

Saturday, August 8, 2009

'കാവ്യശ്രീ'- പാഠപുസ്തകത്തിലെ കവിതകളുടെ ആലാപനം

കൂട്ടുകാരെ,

കവിതകള്‍ ചൊല്ലിക്കേള്‍ക്കുന്നത് അവ മനസ്സിലുറയ്ക്കാന്‍ തീര്‍ച്ചയായും സഹായിക്കും
കവിത വായിക്കുക, ഉറക്കെചൊല്ലുക, കേൾക്കുക, ധ്യാനിക്കുക, ചർച്ചചെയ്യുക…കാവ്യസൌന്ദര്യം ആസ്വദിക്കാനുള്ള വഴികളാണിതെല്ലാം. . ഒരു കവിതയുടെ ശരിയായ ഈണം ആ കവിത ആസ്വദിക്കുന്നതിന്റെ ഭാഗമായി നമ്മുടെ മനസ്സിൽ തനിയെ ഉറവെടുക്കുന്ന ഒന്നാണ്‌. . ഈ ഉറവ എക്കാലവും നമ്മുടെ ഉള്ളിൽ ,നദി സമുദ്രത്തിലേക്കെന്നപോലെ നമ്മെ കാവ്യലോകത്തേക്ക് പ്രവഹിപ്പിക്കും.
കാവ്യം സുഗേയത്തിന്റെ ഈ പിരിവിനു കാവ്യശ്രീ എന്ന ലേബല്‍ നല്‍കിയിരിക്കുന്നു കവിതയിലേയ്ക്ക് വഴി തുറക്കുന്ന ഒരു ചെറുവാതിലാണ്‌ ഇതും. നിങ്ങളുടെ മലയാളം പാഠപുസ്തകത്തിലെ കവിതകളാണ്‌ കാവ്യശ്രീയില്‍ ആലപിയ്ക്കപ്പെടുന്നത് .പ്രയോജനപ്പെടുത്തുമല്ലോ

പ്രത്യേകം നന്ദി , രാമനുണ്ണിമാഷിന്‌
(ഈ ആശയം അദ്ദേഹത്തിന്റേതാണ്‌)

Friday, August 7, 2009

നാലാങ്കല്‍‌ കൃഷ്ണപിള്ള -എലിമാളങ്ങള്‍ - ആലാപനം

(കവിത കേൾക്കാം )

(കവിത വായിക്കാം )




നാലാങ്കല്‍‌ കൃഷ്ണപിള്ള
(1910- 1991)


കോട്ടയത്തെ ഒളശ്ശയില്‍ ജനനം. അച്ഛന്‍‌ അറയ്ക്കല്‍ കേശവപിള്ള, അമ്മ നാലാങ്കല്‍‌ ജാനകിക്കുട്ടിയമ്മ. ഒളശ്ശയിലും കോട്ടയത്തുമായി സ്കൂള്‍‌ വിദ്യാഭ്യാസം. തിരുവനന്തപുരം ആര്‍ട്ട്സ് കോളേജ് ട്രെയിനിംങ് കോളേജ് എന്നിവിടങ്ങളീല്‍‌ നിന്നും പ്രശസ്തമായ നിലയില്‍‌ സ്വര്‍‌ണ്ണമെഡലോടെ എം. എ ,എല്‍.ടി ബിരുദങ്ങള്‍‌. അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം റീജിയണല്‍‌ ഡെപ്യൂട്ടി ഡയറക്ടറായാണ്‌ ജോലിയില്‍‌ നിന്നും വിരമിച്ചത്.

ക്ഷേത്രചരിത്രകാരന്‍ എന്ന നിലയിലും പ്രശസ്തനാണ്‌ നാലാങ്കല്‍‌. ഗദ്യമായാലും പദ്യമായാലും സ്വച്ഛമായ ആഖ്യാനശൈലി കൊണ്ട് രചനാരംഗത്ത് അദ്ദേഹം വേറിട്ടു നില്‍‌ക്കുന്നു.

കൃതികള്‍‌: കൃഷ്ണതുളസി, ഡിസംബറിലെ മഞ്ഞുതുള്ളികള്‍‌, രാഗതരംഗം, ശോകമുദ്ര ,വസന്തകാന്തി, രത്നകങ്കണം, ആമ്പല്‍‌പൊയ്ക, പൂക്കൂട, പ്രിയദര്‍‌ശിനി, സൗഗന്ധികം, കസ്തൂരി , സിന്ദൂരരേഖ, ,ഉദയഗിരി ചുവന്നു .
മഹാക്ഷേത്രങ്ങള്‍‌ക്കു മുന്നില്‍ (ക്ഷേത്രചരിത്രം)
സര്‍ദാര്‍‌ പട്ടേല്‍‌, ജവഹര്‍‌ലാല്‍ നെഹ്രു, സ്റ്റാലിന്‍‌ ( ജീവചരിത്രങ്ങള്‍‌)

പുരസ്കാരങ്ങള്‍‌: കൃഷ്ണതുളസിയ്ക്ക് ഓടക്കുഴല്‍‌ അവാര്‍‌ഡ് (1976) ഡിസംബറിലെ മഞ്ഞുതുള്ളീകള്‍‌ക്ക് സാഹിത്യ അക്കാദമി അവാര്‍‌ഡ് (1980) ' മഹാക്ഷേത്രങ്ങള്‍‌ക്കുമുന്നില്‍‌' എന്ന കൃതിയ്ക്ക് തിരുവിതാകൂര്‍‌ദേവസ്വം ബോര്‍‌ഡിന്റെ വിശേഷപുരസ്കാരം