കവിത കേള്‍ക്കാം
(കവിത വായിക്കുക)
ലളിതാംബിക അന്തര്‍ജ്ജനം (1909- 1987 )
സ്ത്രീ സ്വാതന്ത്ര്യത്തിന് സമൂഹം കല്‍പ്പിച്ച വിലക്കുകള്‍ക്കെതിരേ പ്രതികരിച്ച എഴുത്തുകാരി. സംസ്കാരിക മേഖലകളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന കാലഘട്ടത്തില്‍ സ്ത്രീപക്ഷ ചിന്തകളെ ശക്തിയുക്തം ന്യായീകരിച്ചു കൊണ്ടുള്ള രചനകള്‍ നടത്തി. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനാവശ്യമെന്ന് നമ്പൂതിരി സമുദായം കരുതിയിരുന്ന ഒരു കാലത്ത് സാഹിത്യത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ലളിതാംബിക അന്തര്‍ജ്ജനം തന്‍റെ രചനകളിലൂടെ സാമൂഹ്യ തിന്‍മകളോട് കലഹിക്കുകയായിരുന്നു.
സ്ത്രീ വിദ്യാഭ്യാസം വിലക്കിയിരുന്ന കാലത്ത് പോലും മലയാളത്തിനും സംസ്കൃതത്തിനും പുറമെ ഇംഗ്ലീഷിലും അവര്‍ പരിജ്ഞാനം നേടിയിരുന്നു. പിതാവ് കൊട്ടാരക്കര താലൂക്കില്‍കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍ദാമോദരന്‍പോറ്റി. മാതാവ് ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തര്‍ജനം. ഭര്‍ത്താവ് പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണന്‍നമ്പൂതിരി .
വിദ്യാഭ്യാസം സ്വഗൃഹത്തില്‍വച്ചു നടത്തി. കവിതയിലൂടെ സാഹിത്യ ജീവിതം ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളില്‍ പ്രാവീണ്യം ഉണ്ടായിരുന്നു ജന്‍മനാ കവിയായ അവരുടെ കവിത്വത്തിന്‍റെ സര്‍ഗ്ഗധനത, കവിതയിലെപോലെ കഥകളിലും കാണാന്‍കഴിയും. മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി” എന്ന ഒറ്റ നോവല്‍ കൊണ്ട് ആസ്വാദക മനസ്സുകളില്‍ ലളിതാംബിക അന്തര്‍ജ്ജനം ചിര:പ്രതിഷ്ഠ നേടി
കൃതികള്‍: മൂടു പടത്തില്‍, ആദ്യത്തെ കഥകള്‍, തകര്‍ന്ന തലമുറ, കാലത്തിന്‍റെ ഏടുകള്‍, കിളിവാതിലിലൂടെ, കൊടുങ്കാറ്റില്‍ നിന്ന്, കണ്ണീരിന്‍റെ പുഞ്ചിരി, ഇരുപതു വര്‍ഷത്തിനു ശേഷം, അഗ്നി പുഷ്പങ്ങള്‍, സത്യത്തിന്‍റെ സ്വരം, വിശ്വരൂപം, ഇഷ്ടദേവത, അംബികാഞ്ജലി, പവിത്രമോതിരം, ധീരേന്ദുമജുംദാരുടെ അമ്മ, തിരഞ്ഞെടുത്ത കഥകള്‍. (കഥകള്‍ ) ലളിതാഞ്ജലി, ഓണക്കാഴ്ച, ശരണമഞ്ജരി, ഭാവദീപ്തി, നിശബ്ദ സംഗീതം, ഒരു പൊട്ടിച്ചിരി, ആയിരത്തിരി (കവിത ) പുനര്‍ജ്ജന്‍മം, വീര സംഗീതം (നാടകം) , കുഞ്ഞോമന, ഗോസായി പറഞ്ഞ കഥ, തേന്‍ തുള്ളികള്‍, ഗ്രാമ ബാലിക (ബാലസാഹിത്യം ) അഗ്നി സാക്ഷി (നോവല്‍) . സീത മുതല്‍ സാവിത്രി വരെ (പഠനം ) ആത്മകഥയ്‌ക്ക് ഒരാമുഖം (ആത്മകഥ)
പുരസ്കാരങ്ങള്‍:
കുഞ്ഞോമന എന്ന ബാലസാഹിത്യ കൃതിക്കു കല്യാണീ കൃഷ്ണമേനോന്‍ പ്രൈസും, ഗോസായി പറഞ്ഞ കഥയ്ക്കു കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.