Sunday, November 1, 2009

കേരളഗാനം- ബോധേശ്വരന്‍ - ആലാപനം




(കവിത വായിക്കുക)

ബോധേശ്വരന്‍ ( 1904 - 1990 )

കഴിഞ്ഞ തലമുറയുടെ പുരോഗമന വിപ്ളവശക്തികളുടെ ഹരവും ആവേശവുമായിരുന്നു ബോധേശ്വരന്‍ . ആധ്യാത്മിക രംഗത്തെ ചൈതന്യമുള്‍ക്കൊണ്ടുകൊണ്ട് ദേശീയപ്രസ്ഥാനത്തില്‍ ആകൃഷ്ടനായ അദ്ദേഹം സ്വാതന്ത്യ്രസമരയോദ്ധാക്കളെ ആവേശഭരിതരാക്കുന്ന സമരാത്മചൈതന്യവും ധാര്‍മ്മിക ലാവണ്യവും ഉള്‍ക്കൊള്ളുന്ന നിരവധി കവിതകള്‍ രചിച്ചും ആരാധ്യനായി. സമൂദായ സൃഷ്ടിക്കുവേണ്ടി ആര്യസമാജം, ബ്രഹ്മസമാജം, ശ്രീരാമകൃഷ്ണ മിഷന്‍ തുടങ്ങിയ ആധ്യാത്മിക പ്രസ്ഥാനങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടു കൊണ്ടാണ് ബോധേശ്വരന്‍ പൊതുരംഗത്തേയ്ക്കു വന്നത്. തിരുവിതാംകൂറില്‍ നിന്നും തിരിച്ച വൈക്കം സത്യാഗ്രഹ ജാഥയുടെ സൂത്രധാരനായിരുന്നു അദ്ദേഹം. തിരുവിതാംകൂറിലെ അയിത്തോച്ചാടന കമ്മിറ്റി കാര്യദര്‍ശിയുമായിരുന്നു.
നെയ്യാറ്റിന്‍കര ചമ്പയില്‍ പുത്തന്‍ വീട്ടില്‍ കുഞ്ഞന്‍പിള്ളയുടേയും ജാനകി അമ്മയുടേയും മകനായി 1904 ഡിസംബറില്‍ ജനിച്ചു. കാഞ്ഞിരംകുളം ഹൈസ്കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ദേശാടനത്തിനിറങ്ങിത്തിരിച്ച ബോധേശ്വരന്‍ കാശിയില്‍ വച്ചാണ് കേശവപിള്ളയെന്ന തന്റെ നാമം ബോധേശ്വരനെന്ന് തിരുത്തിയത്. കേരളഗാനം എന്ന അദ്ദേഹത്തിന്റെ കവിത കഴിഞ്ഞ തലമുറയുടെയാകെ പ്രശംസക്കര്‍ഹമായി. സ്വാതന്ത്യ്രസമരസേനാനികളില്‍ ആവേശമുണര്‍ത്തുന്ന മറ്റൊട്ടേറെ കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്.

കൃതികള്‍‌ :

ആദര്‍‌ശാരാമം, സ്വതന്ത്രകേരളം, ധനഗീതം, ഹൃദയാങ്കുരം, രക്തരേഖകള്‍‌, മതപ്രഭാഷണങ്ങള്‍‌

Ref:

http://corporationoftrivandrum.org/index.php?option=com_content&view=article&id=28%3Aindependance&catid=14%3Aindependance&Itemid=8

Sunday, October 4, 2009

തീപിടിച്ച പള്ളി - ടി ഉബൈദ്‌ - ആലാപനം





(കവിത വായിക്കുക)

ടി .ഉബൈദ്‌ (1908- 1972)

കാസർകോട്‌ ജില്ലയിൽ ജനനം. മാപ്പിളപ്പാട്ടുശാഖയിൽ ഗവേഷണം നടത്തിയിട്ടുണ്ട്‌. തൂലികാനാമാണ്‌ ഉബൈദ്‌ (വിനീതദാസൻ). യഥാർത്ഥനാമം അബ്ദുൾ റഹിമാൻ. കേരള സാഹിത്യ അക്കാദമി, സമസ്ത കേരള സാഹിത്യ പരിഷത്‌ തുടങ്ങിയവയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌. മലയാളശബ്ദം വാരികയുടെ പത്രാധിപരായിരുന്നു. സ്വത്വബലമുള്ള ഒരു സൃഷ്‌ടി പ്രതിഭയുടെ ഉടമയാണ് ടി ഉബൈദ്‌. മാപ്പിളപ്പാട്ടുകള്‍ കേരളീയ ഭാഷയുടെയും സംസ്‌കൃതിയുടെ ഭാഗമാക്കിയതാണ്‌ ഉബൈദിന്റെ ഏറ്റവുംവലിയ സംഭാവന. അടങ്ങാത്ത സാഹിത്യവാസന, മലയാളത്തിലും കന്നടയിലും നല്ല അവഗാഹം, ഇരുസാഹിത്യങ്ങളെയും തമ്മില്‍ അടുപ്പിക്കുന്നതിനുള്ള നിരന്തര പരിശ്രമവും താത്‌പര്യവും , മലയാളസാഹിത്യത്തില്‍ മുസ്‌ലിം സമുദായത്തിന്റെ വിലയേറിയ സേവനങ്ങളെക്കുറിച്ച്‌ മനസ്സിലാക്കിക്കാനുള്ള കഴിവ് - ഇതെല്ലാമായിരുന്നു സാഹിത്യ വിമര്‍‌ശകര്‍ക്കുപോലും ഉബൈദില്‍ കാണാന്‍ കഴിഞ്ഞ പ്രത്യേക കഴിവുകള്‍‌‌ ..

1972 ഒക്ടോബർ 3നു അന്തരിച്ചു

(അവലംബം :http://malayalam.webdunia.com/miscellaneous/literature/articles/0810/07/1081007083_1.ഹറം)

കൃതികൾ
: നവരത്നമാലിക,ബാഷ്പധാര,സമുദായദുന്ദുഭി, ചന്ദ്രക്കല, ഗാനവീചി,തിരുമുൽക്കാഴ്ച്ച, ഹസ്രത്ത്മാലിക്‌ ദീനാർ, ഖാസിമർഹും, അബ്ദുല്ലാഹാജി, മുഹമ്മദ്ഗെറൂൽ സാഹെബ്‌, ശിവരാമ കാറന്തിന്റെ കന്നടനോവൽവിവർത്തനം ( 'മണ്ണിലേയ്ക്കുമടങ്ങി' )

Friday, October 2, 2009

മഹാത്മജി - കൃഷ്ണന്‍‌ പറപ്പള്ളി -ആലാപനം




(കവിത വായിക്കുക)

കൃഷ്ണന്‍ പറപ്പള്ളി

1921 -ല്‍ കോട്ടയം ജില്ലയിലെ രാമപുരത്ത് ജനനം. അമ്മ പാര്‍‌വതി ,അച്ഛന്‍‌ പരമേശ്വരന്‍‌ . രാമപുരത്തും പാലായിലും തിരുവനന്തപുരത്തും വിദ്യാഭ്യാസം. 1943-മുതല്‍ മുംബൈയില്‍. പത്നി സരസ്വതി. രണ്ടുപെണ്‍മക്കള്‍ ലളിതാവിശ്വനാഥന്‍ , സുഷമരവീന്ദ്ര
മുംബൈ മലയാളികളുമായി സംഘടനാപരമായും സാഹിത്യപരമായും സാംസ്കാരികമായും
അടുത്തിടപഴകിയായിരുന്നു ആരംഭം . ആദര്‍ശനിഷ്ഠവും പ്രവര്‍ത്തനപരവുമായ ജീവിതം. മലയാളത്തിലെ ഇന്നത്തെ ഏറ്റവും മുതിര്‍ന്ന കവികളില്‍ ഒരാളായി , പ്രത്യേകിച്ചും മലയാളകവിതയുടെ മഹനീയപാരമ്പര്യം പുലര്‍ത്തുന്ന സാത്ത്വികകവിയായും ജ്യേഷ്ഠകവിയായും ആദരിക്കപ്പെടുന്നു. കാവ്യസപര്യയുടെ ആദ്യഘട്ടത്തില്‍‍തന്നെ വള്ളത്തോള്‍ കവിയില്‍ 'നിത്യവസന്തത്വം' കണ്ടെത്തി ആശീര്‍വദിച്ചു. മുണ്ടശ്ശേരിയുടെയും ചങ്ങമ്പുഴയുടെയും സംയുക്ത പത്രാധിപത്യത്തിലുള്ള, മംഗളോദയം മാസികയിലാണ്‌ എഴുതിത്തുടങ്ങിയത്.
കൃതികള്‍‌:
ഇരുപതോളം കാവ്യസമാഹാരങ്ങള്‍‌‍, അവയില്‍ കൃഷ്ണലീല, ശാങ്കരസാഗരം,വിവേകാനന്ദസരോവരം, കൃപാമൃതം, ദാര്‍ശനികചക്രവാളങ്ങള്‍ 1008 അനുഷ്ടുപ്പ്ശ്ലോകങ്ങളില്‍ ഒരു സുഭാഷിതമഹാകാവ്യം) എന്നിവ മാര്‍ഗ്ഗദര്‍ശകകൃതികളായി മതിക്കപ്പെട്ടിരിക്കുന്നു.
പുരസ്കാരങ്ങള്‍‌:
'ഗീതകഗന്ധര്‍വ്വന്‍‌ ' എന്ന് മതിക്കപ്പെട്ട അതുല്യഗീതകസംഭാവന.ശ്രീകൃഷ്ണരത്നം ബഹുമതി, എഴുത്തച്ഛന്‍ , മേല്‍പത്തൂര്‍, പൂന്താനം, രാമപുരത്തുവാര്യര്‍, മഹാകവിത്രയം, വിവേകാനന്ദന്‍ , ആദിശങ്കരന് , ചങ്ങമ്പുഴ, മുതലായവരുടെ പേരുകളില്‍ ഉള്ളവയുള്‍പെടെ പതിനാറോളം പ്രഥമ-പ്രത്യേക പുരസ്കാരങ്ങള്‍.

"കേരളത്തേക്കള്‍ വിശാലതരമായ കേരളസംസ്കാരത്തിന്റെ ഗായകനാണ് കൃഷ്ണന്‍പറപ്പള്ളി. സൗന്ദര്യത്തിന്റെപ്രകാശവും സത്യത്തിന്റെ പ്രഭാവവും രചനയുടെ പ്രസാദവും ഒത്തിണങ്ങിയ
പറപ്പള്ളിക്കവിത ആധുനിക മലയാളകവിതയുടെ അഭിമാനമാണ്." ഡോ.സുകുമാര്‍ അഴീക്കോട് പറപ്പള്ളിയുടെ കവിതകളെ ഇങ്ങനെ വിലയിരുത്തുന്നു.

ശ്രീ കൃഷ്ണന്‍‌ പറപ്പള്ളിയെക്കുറിച്ചുള്ള വിവരങ്ങള്‍‌ അയച്ചുതന്നതിന്‌ ശ്രീ എസ്. ഹരിലാല്‍ മുംബൈയ്ക്ക് പ്രത്യേകം നന്ദി.








Wednesday, September 30, 2009

കൂപ്പുകൈ- ലളിതാംബിക അന്തര്‍ജ്ജനം- ആലാപനം





(കവിത വായിക്കുക)

ലളിതാംബിക അന്തര്‍ജ്ജനം (1909- 1987 )

സ്ത്രീ സ്വാതന്ത്ര്യത്തിന്‌ സമൂഹം കല്‍‌പ്പിച്ച വിലക്കുകള്‍‌ക്കെതിരേ പ്രതികരിച്ച എഴുത്തുകാരി. സംസ്കാരിക മേഖലകളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന കാലഘട്ടത്തില്‍ സ്ത്രീപക്ഷ ചിന്തകളെ ശക്തിയുക്തം ന്യായീകരിച്ചു കൊണ്ടുള്ള രചനകള്‍‌ നടത്തി. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനാവശ്യമെന്ന് നമ്പൂതിരി സമുദായം കരുതിയിരുന്ന ഒരു കാലത്ത് സാഹിത്യത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ലളിതാംബിക അന്തര്‍ജ്ജനം തന്‍റെ രചനകളിലൂടെ സാമൂഹ്യ തിന്‍‌മകളോട് കലഹിക്കുകയായിരുന്നു.

സ്ത്രീ വിദ്യാഭ്യാസം വിലക്കിയിരുന്ന കാലത്ത് പോലും മലയാളത്തിനും സംസ്കൃതത്തിനും പുറമെ ഇംഗ്ലീഷിലും അവര്‍ പരിജ്ഞാനം നേടിയിരുന്നു. പിതാവ്‌ കൊട്ടാരക്കര
താലൂക്കില്‍കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍ദാമോദരന്‍പോറ്റി. മാതാവ് ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തര്‍ജനം. ഭര്‍ത്താവ്‌ പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണന്‍നമ്പൂതിരി .

വിദ്യാഭ്യാസം സ്വഗൃഹത്തില്‍വച്ചു നടത്തി. കവിതയിലൂടെ സാഹിത്യ ജീവിതം ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളില്‍ പ്രാവീണ്യം ഉണ്ടായിരുന്നു ജന്‍മനാ കവിയായ അവരുടെ കവിത്വത്തിന്‍റെ സര്‍ഗ്ഗധനത, കവിതയിലെപോലെ കഥകളിലും കാണാന്‍കഴിയും. മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി” എന്ന ഒറ്റ നോവല്‍ കൊണ്ട് ആസ്വാദക മനസ്സുകളില്‍‌ ലളിതാംബിക അന്തര്‍ജ്ജനം ചിര:പ്രതിഷ്ഠ നേടി


കൃതികള്‍‌: മൂടു പടത്തില്‍, ആദ്യത്തെ കഥകള്‍, തകര്‍ന്ന തലമുറ, കാലത്തിന്‍റെ ഏടുകള്‍, കിളിവാതിലിലൂടെ, കൊടുങ്കാറ്റില്‍ നിന്ന്, കണ്ണീരിന്‍റെ പുഞ്ചിരി, ഇരുപതു വര്‍ഷത്തിനു ശേഷം, അഗ്നി പുഷ്പങ്ങള്‍, സത്യത്തിന്‍റെ സ്വരം, വിശ്വരൂപം, ഇഷ്ടദേവത, അംബികാഞ്ജലി, പവിത്രമോതിരം, ധീരേന്ദുമജുംദാരുടെ അമ്മ, തിരഞ്ഞെടുത്ത കഥകള്‍. (കഥകള്‍‌ ) ലളിതാഞ്ജലി, ഓണക്കാഴ്ച, ശരണമഞ്ജരി, ഭാവദീപ്തി, നിശബ്ദ സംഗീതം, ഒരു പൊട്ടിച്ചിരി, ആയിരത്തിരി (കവിത ) പുനര്‍ജ്ജന്‍‌മം, വീര സംഗീതം (നാടകം) , കുഞ്ഞോമന, ഗോസായി പറഞ്ഞ കഥ, തേന്‍ തുള്ളികള്‍, ഗ്രാമ ബാലിക (ബാലസാഹിത്യം ) അഗ്നി സാക്ഷി (നോവല്‍) . സീത മുതല്‍ സാവിത്രി വരെ (പഠനം ) ആത്മകഥയ്‌ക്ക് ഒരാമുഖം (ആത്മകഥ)

പുരസ്കാരങ്ങള്‍‌:

കുഞ്ഞോമന എന്ന ബാലസാഹിത്യ കൃതിക്കു കല്യാണീ കൃഷ്ണമേനോന്‍ പ്രൈസും, ഗോസായി പറഞ്ഞ കഥയ്ക്കു കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.






Tuesday, September 22, 2009

പ്രലോഭനം- ആര്‍‌ രാമചന്ദ്രന്‍‌ - കാവ്യശ്രീ -ആലാപനം




(കവിത വായിക്കുക)

ആര്‍‌ രാമചന്ദ്രന്‍‌ (1923 - 2005)

1923 ല്‍ തൃശ്ശൂര്‍‌ ജില്ലയിലെ താമരത്തിരുത്തിയില്‍‌ ജനനം. പഴയ കൊച്ചിരാജ്യത്തില്‍‌ സ്കൂ‌ള്‍‌ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം മഹാരാജാസില്‍‌ കലാലയ വിദ്യാഭ്യാസം. മലബാര്‍‌ കൃസ്ത്യന്‍‌ കോളേജില്‍‌ മുപ്പതു വര്‍‌ഷക്കാലം മലയാളം അദ്ധ്യാപകനായിരുന്നു. മലയാളകവിതയിലെ നൂതനപ്രവണതകള്‍‌ക്ക് തുടക്കം കുറിച്ച കവികളില്‍‌ ഒരാള്‍‌. വളരെക്കുറച്ച് കവിതകള്‍‌ മാത്രമേ എഴുതിയിട്ടുള്ളൂ എങ്കിലും ഓരോ കവിതയും പുതിയ കാവ്യാനുഭവങ്ങള്‍‌ പകരുന്നതാണ്‌.
കൃതികള്‍‌ :മുരളി, സന്ധ്യാനികുഞ്ജങ്ങള്‍‌,ശ്യാമസുന്ദരി, പിന്നെ എന്തിനീ യാത്രകള്‍‌,ആര്‍‌ രാമചന്ദ്രന്റെ കൃതികള്‍‌
പുരസ്കാരങ്ങള്‍‌:കവിതയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍‌ഡ് (2002)

Saturday, September 19, 2009

വെണ്ണക്കല്ലിന്റെ കഥ - അക്കിത്തം -കാവ്യശ്രീ-ആലാപനം





പത്താം തരം മലയാളം പാഠാവലിയിലെ കവിത.

അക്കിത്തം അച്യുതൻ നമ്പുതിരി

1926 മാർച്ചിൽ പാലക്കാട്ജില്ലയിലെ കുമരനെല്ലൂർ അക്കിത്തത്ത്‌ മനയ്ക്കൽ ജനനം. മാതാപിതാക്കൾ അക്കിത്തം വാസുദേവൻ നമ്പൂതിരി,ചേകൂർ പാർവതി അന്തർജ്ജനം.ഇന്റർമീഡിയറ്റ്‌ വിദ്യാഭ്യാസത്തിനു ശേഷം ആകാശവാണിയിൽ(കോഴിക്കോട്‌) സ്ക്രിപ്റ്റ്‌ റൈറ്റർ, എഡിറ്റർ (തൃശ്ശൂർ)പൊന്നാനി കേന്ദ്രകലാസമിതി സെക്രട്ടറി, അദ്ധ്യക്ഷൻ നമ്പൂതിരിയോഗക്ഷേമസഭാപ്രവർത്തകൻ,ഉണ്ണിനമ്പൂതിരി മാസിക യുടെ പബ്ലിഷർ, യോഗക്ഷേമം,മംഗളോദയം ന്നിവയുടെ പത്രാധിപർ തുടങ്ങി വിവിധ സാഹിത്യ മേഖലകളിലെ സജീവപ്രവർത്തനം.

കൃതികൾ:

അരങ്ങേറ്റം,മധുവിധുവിനുശേഷം,പഞ്ചവർണ്ണക്കിളീ,ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, മനസ്സാക്ഷിയുടെ പൂക്കൾ-, ബലിദർശനം,നിമിഷക്ഷേത്രം, ഉപനയനം, ശ്രീമദ്ഭാഗവതവിവർത്തനം തുടങ്ങി നാലു വിവർത്തനങ്ങൾ, ഈ ഏട്ടത്തി നൊണേ പറയൂ (നാടകം),വിവിധ ഗദ്യലേഖനങ്ങള്‍, മാവർത്തനം,പൊന്നാനിക്കളരി,ശ്രൗതപാരമ്പര്യം(ഉപന്യാസം‌) )

പുരസ്കാരങ്ങൾ:

കേന്ദ്ര കേരളസാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, എഴുത്തച്ഛൻപുരസ്കാരം

Friday, September 18, 2009

മഗ്ദലനമറിയം- വള്ളത്തോള്‍‌ നാരായണമേനോന്‍ -കാവ്യശ്രീ- ആലാപനം


പശ്ചാത്താപമേ പ്രായശ്ചിത്തം


പത്താം തരം മലയാളപാഠാവലിയില്‍‌ നിന്നുള്ള കവിത






വള്ളത്തോള്‍ നാരായണ മേനോന്‍. (1878- 1958)

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മലയാള കവിതക്കു പുതിയൊരു ദിശാബോധം നല്‍കാന്‍ പ്രവര്‍ത്തിച്ച കവികളില്‍ സമാദരണീയനാണ്‌ വള്ളത്തോള്‍ നാരായണ മേനോന്‍. ദേശീയാവബോധത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും അലകള്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കണാവുന്നതാണ്‌. മലയാളിയുടെ കലാവബോധത്തിലും കലാചരിത്രത്തിലും അദ്ദേഹം നടത്തിയ ഏറ്റവും വലിയ ഇടപെടലുകളില്‍ ഒന്ന് കലാമണ്ഡലത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട്‌ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ്‌. തൊണ്ണൂറോളം കൃതികള്‍ പ്രകാശിപ്പിച്ചിട്ടുണ്ട്‌. ബധിരവിലാപം, ശിഷ്യനും മകനും, ബധിരവിലപം, ഗണപതി, ചിത്രയോഗം, സാഹിത്യമഞ്ജരി, മഗ്ദലനമറിയം, കൊച്ചുസീത, അച്ഛനും മകളും എന്നിവ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടവയും ജനകീയത നേടിയവയുമാണ്‌. വിവര്‍ത്തകനെന്ന നിലയിലും അദ്ദേഹം മികവു കാട്ടിയിട്ടുണ്ട്‌. വാല്മീകി രാമായണം, ഋഗ്വേദം എന്നിവയ്ക്ക്‌ അദ്ദേഹം തയ്യാറാക്കിയ പരിഭാഷകള്‍ ശ്രദ്ധേയമാണ്‌.